വീണവർ, വാണവർ, വിവാദങ്ങൾ- സിനിമയുടെ സീൻ മാറിയ വർഷം
പ്രേക്ഷകനെ ആവേശത്തിലാക്കുന്നതും, കളക്ഷൻ കൊണ്ട് റെക്കോർഡുകൾ കൊയ്തതുമായ ഒട്ടനവധി ചിത്രങ്ങളുണ്ട് മലയാളത്തിൽ, എന്നാൽ കോടികൾ വാരിയെങ്കിലും അത്ര തന്നെ നഷ്ടവും ഉണ്ടായെന്നാണ് ഈ വർഷത്തെ കണക്കുകൾ സൂചിപ്പിക്കുന്നത്
കലാമൂല്യം കൊണ്ടും കളക്ഷൻ റെക്കോർഡുകൾ കൊണ്ടും 2024 സിനിമാ മേഘലക്ക് മികച്ച വർഷമായിരുന്നു. ഹോളിവുഡും ബോളിവുഡും കോളിവുഡും മോളിവുഡും അടക്കമുള്ള എല്ലാ ഇൻഡസ്ട്രികളും ഒരുപിടി മികച്ച ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ചു. വൻ ഹൈപ്പിലെത്തിയ പല ചിത്രങ്ങളും പ്രതീക്ഷിച്ചത്ര നേട്ടത്തിലെത്താതെ വന്നപ്പോൾ സൈലൻ്റായി വന്ന് നിരവധി ചിത്രങ്ങൾ വിജയം കൊയ്തു. ഒട്ടേറെ വിവാദങ്ങളും സിനിമാ മേഘല സാക്ഷ്യം വഹിച്ച വർഷമായിരുന്നു 2024. എന്നാൽ അവയെയെല്ലാം പിന്നിലാക്കി 2025ലേക്ക് കടക്കുമ്പോൾ ഒരുപിടി നല്ല ചിത്രങ്ങൾക്കായി കാത്തിരിക്കുകയാണ് സിനിമാപ്രേമികൾ. പോയ വർഷത്തെ സിനിമകളിലേക്കും ചലച്ചിത്രമേഘലയിലെ സുപ്രധാന സംഭവങ്ങളിലേക്കും ഒരു തിരിഞ്ഞുനോട്ടമാകാം...
മലയാളത്തിൽ നിന്നു തന്നെയാകാം തുടക്കം. മലയാള സിനിമയുടെ പൊട്ടൻഷ്യൽ ലോകം കണ്ട വർഷമായിരുന്നു 2024. പൃഥിരാജ് നായകനായി ബ്ലെസി സംവിധാനം ചെയ്ത് തീയറ്ററിലെത്തിയ ആടുജീവിതം മോളിവുഡിലെ എക്കാലെത്തെയും മികച്ച ചിത്രങ്ങളിലൊന്നായാണ് മാറിയത്. കളക്ഷൻ റെക്കോർഡായിരുന്നില്ല അതിൻ്റെ മാനദണ്ഡം. സംഗീതവും, സംവിധാനവും, ആർട് വർക്കും, പൃഥ്വിയടക്കമുള്ള താരങ്ങളുടെ ഡെഡിക്കേഷനുമെല്ലാം ബെന്യാമിൻ്റെ ആടുജീവിതത്തെ മനുഷ്യമനസിൽ നിന്നു മായാനാകാത്ത വിധം ആഴത്തിൽ പതിപ്പിച്ചു. കലാമൂല്യം കൊണ്ട് ഞെട്ടിച്ച ഒട്ടേറെ ചിത്രങ്ങൾ 2024ൽ പുറത്തിറങ്ങി. അതിൽ ചിലതാണ് ആസിഫ് അലിയുടെ കിഷ്കിന്ധാ കാണ്ഡം, മമ്മൂട്ടിയുടെ ബ്രഹ്മയുഗം, പാർവതി- ഉർവശി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളിലെത്തിയ ഉള്ളൊഴുക്ക്, തുടങ്ങിയവയൊക്കെ.
പ്രേക്ഷകനെ ആവേശത്തിലാക്കുന്നതും, കളക്ഷൻ കൊണ്ട് റെക്കോർഡുകൾ കൊയ്തതുമായ ഒട്ടനവധി ചിത്രങ്ങളുമുണ്ട് മലയാളത്തിൽ. അഞ്ച് ചിത്രങ്ങളാണ് ഈ വർഷം മലയാളത്തിൽ നിന്ന് 100 കോടി ക്ലബിൽ ഇടം നേടിയത്. മലയാളത്തിലെ ആദ്യ 200 കോടിക്കും 2024 സാക്ഷ്യം വഹിച്ചു. ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മൽ ബോയ്സിലൂടെയായിരുന്നു ആ നേട്ടം. സുഹൃത്ത് ബന്ധത്തിൻ്റെ കഥ പറഞ്ഞ് 240 കോടി രൂപക്ക് മുകളിലാണ് ചിത്രം നേടിയത്. രണ്ടാമത് ആടുജീവിതമാണ്, 158 കോടി. ഫഹദിൻ്റെ ആവേശം(156 കോടി), നസ്ലൻ്റെ പ്രേമലു (135 കോടി), ടൊവിനോയുടെ എആർഎം (106 കോടി) എന്നിവയാണ് ഇക്കൊല്ലം 100 കോടിക്ക് മുകളിൽ നേടിയ മറ്റു ചിത്രങ്ങൾ. കിഷ്കിന്ധാ കാണ്ഡത്തിലൂടെ ആസിഫ് അലിക്കും കരിയറിലെ ഏറ്റവും വലിയ ഹിറ്റ് ഈ വർഷം ലഭിച്ചു. 76 കോടിയാണ് ചിത്രം നേടിയത്. ഈ വർഷം പുറത്തിറങ്ങിയതിൽ വർഷങ്ങൾക്കു ശേഷം, ഗുരുവായൂരമ്പലനടയിൽ, വാഴ, ടർബോ, എബ്രഹാം ഓസ്ലർ, അന്വേഷിപ്പിൻ കണ്ടെത്തും, സൂക്ഷ്മദർശിനി, ബൊഗെയ്ൻവില്ല തുടങ്ങിയ ചിത്രങ്ങളും മികച്ച പ്രതികരണമാണ് നേടിയത്. മോളിവുഡിന് ബോക്സ് ഓഫീസിൽ ശക്തമായ ചലനമുണ്ടാക്കാൻ സാധിക്കുമെന്നാണ് ഈ ചിത്രങ്ങളെല്ലാം തെളിയിക്കുന്നത്. ഡിസംബറിൽ റിലീസായ മാർക്കോയും, റൈഫിൾ ക്ലബുമെല്ലാം മികച്ച പ്രതികരണം നേടി കുതിക്കുകയാണ്. ഇക്കൊല്ലത്തെ ആറാമത്തെ 100 കോടി ചിത്രമായി മാർക്കോ മാറുമെന്നാണ് വിലയിരുത്തൽ.
എന്നാൽ കോടികൾ വാരിയെങ്കിലും അത്ര തന്നെ നഷ്ടവും ഉണ്ടായെന്നാണ് ഈ വർഷത്തെ കണക്കുകൾ സൂചിപ്പിക്കുന്നത്. 2024ൽ കേരളത്തിലെ തിയേറ്ററുകളിൽ റിലീസ് ചെയ്ത സിനിമകളിൽ ബഹുഭൂരിപക്ഷവും വലിയ ലാഭമൊന്നും കൊയ്തില്ലെന്നാണ് നിർമാതാക്കളുടെ സംഘടനയായ മലയാളം സിനിമാ പ്രൊഡ്യൂസഴ്സ് അസോസിയേഷൻ അറിയിക്കുന്നത്. റീ മാസ്റ്റെർ ചെയ്ത, അഞ്ച് പഴയ ചിത്രങ്ങളുൾപ്പെടെ ഈ വർഷം തിയേറ്ററിൽ റിലീസ് ചെയ്തത് 204 സിനിമകളാണ്. ഇതിൽ മികച്ച പ്രകടനം കാഴ്ചവച്ചത് വെറും 26ഓളം ചിത്രങ്ങൾ മാത്രമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ബാക്കിയുള്ള 178 സിനിമകളും നിരാശയോടെയാണ് തീയേറ്ററുകളിൽ നിന്നും പിൻമാറിയത്. റീ മാസ്റ്റർ ചെയ്ത ചിത്രങ്ങളിൽ മോഹൻലാലിൻ്റെ ദേവദൂതൻ മാത്രമാണ് കളക്ഷൻ നേടിയതെന്നും പ്രൊഡ്യൂസഴ്സ് അസോസിയേഷൻ വ്യക്തമാക്കുന്നു. താരങ്ങളുടെ പ്രതിഫലം കുറക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെടുന്നുണ്ട്. കോടികൾ നേടുമ്പോളും നല്ല സിനിമകളല്ലെങ്കിൽ മലയാളി സ്വീകരിക്കില്ല എന്നതാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്. എന്തെങ്കിലുമൊക്കെ തട്ടിക്കൂട്ടി ഒരു സിനിമ നിർമിച്ച് പുറത്തിറക്കിയാൽ നായകൻ്റെ സ്റ്റാർഡം കൊണ്ട് മാത്രം അത് വിജയിക്കില്ല എന്ന സൂചനയാണ് ഇതിലൂടെ മലയാളി നൽകുന്നത്.
മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ബറോസും ഈ വർഷം റിലീസായി. എന്നാൽ ചിത്രത്തിന് വലിയ സ്വീകാര്യത ലഭിച്ചില്ല. കുട്ടികൾക്കായുള്ള സിനിമ എന്ന ലേബലിൽ എത്തിയ ത്രീഡി ചിത്രം ടെക്നിക്കൽ വശത്തിൽ മുൻപിലെങ്കിലും ആളുകളുമായി കണക്ട് ചെയ്യാൻ സാധിച്ചില്ലെന്നാണ് നിരൂപണം. മോഹൻലാലിന് പൊതുവെ അത്ര നല്ലതായിരുന്നില്ല 2024. അതിലെ അവസാന അധ്യായം മാത്രമായി ബറോസിനെ കാണാം.
രാജ്യാന്തര തലത്തിലും മലയാള സിനിമ മികച്ചുനിന്ന വർഷമായിരുന്നു ഇത്. എഴുപതാമത് ദേശീയ ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ മികച്ച ചിത്രമായി തെരഞ്ഞടുത്തത് ഒരു മലയാളം സിനിമയായിരുന്നു. ആനന്ദ് ഏകർഷി സംവിധാനം ചെയ്ത ആട്ടം ആണ് പുരസ്കാരത്തിന് അർഹമായത്. മികച്ച ചിത്രസംയോജനം, തിരക്കഥ എന്നിവയ്ക്കുള്ള പുരസ്കാരവും ആട്ടത്തിനായിരുന്നു. മാളികപ്പുറത്തിലെ അഭിനയത്തിലൂടെ ശ്രീപത് മികച്ച ബാലതാരത്തിനുള്ള പുരസ്കാരം നേടി. സൗദി വെള്ളക്കയിലൂടെ മികച്ച പിന്നണിഗായികക്കുള്ള പുരസ്കാരം ബോംബെ ജയശ്രീ സ്വന്തമാക്കി. മികച്ച മലയാളം ചിത്രവും സൗദി വെള്ളക്കയായിരുന്നു. കാന്താരയിലെ അഭിനയത്തിന് ഋഷഭ് ഷെട്ടിയാണ് മികച്ച നടനുള്ള പുരസ്കാരം ലഭിച്ചത്. തിരുച്ചിത്തരമ്പലത്തിലെ അഭിനയത്തിലൂടെ നിത്യ മേനോനും, കച്ച് എക്സ്പ്രസിലെ അഭിനയത്തിലൂടെ മാനസി പരേഖും മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം പങ്കിട്ടു.
ഈ വർഷം ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട ചിത്രം പായൽ കപാടിയയുടെ സംവിധാനത്തിലെത്തിയ ആൾ വീ ഇമാജിൻ ആസ് ലൈറ്റ് ആണ്. സിനിമ കാൻ ഫിലിം ഫെസ്റ്റിവലിൽ ഗ്രാൻ പ്രി പുരസ്കാരം സ്വന്തമാക്കി. മലയാളി താരങ്ങളായ കനി കുസൃതിയും ദിവ്യപ്രഭയുമാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയത്. ചിത്രം ഈ വർഷത്തെ ഐഎഫ്എഫ്കെയിലും പ്രദർശിപ്പിക്കുകയുണ്ടായി. ഏറെ പ്രശംസയാണ് ചിത്രം നേടിയത്.
മലയാള സിനിമാപ്രേമികൾക്ക് നല്ല കാലമായിരുന്നെങ്കിലും താരങ്ങൾക്കും അണിയറ പ്രവർത്തകർക്കും, സിനിമാ വ്യവസായത്തിനും അത്ര നല്ലതായിരുന്നില്ല 2024. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നപ്പോൾ പല സൂപ്പർതാരങ്ങളും പതറി. കമ്മിറ്റിയുടെ റിപ്പോർട്ടിൻ്റെ പിൻബലത്തിൽ പല നടിമാരും തങ്ങൾ നേരിട്ട പീഡനങ്ങളും ദുരനുഭവങ്ങളും തുറന്നുപറയാൻ തുടങ്ങി. ഈ പരാതികളെല്ലാം പരിഹരിക്കാൻ സർക്കാർ പ്രത്യേക അന്വേഷണസംഘത്തെ കൂടി തയ്യാറാക്കിയപ്പോൾ വെള്ളിത്തിരയിലെ മിന്നും താരങ്ങൾക്കെതിരെ പരാതി പ്രവാഹം ഇരച്ചെത്തി.
സിദ്ദിഖ്, ജയസൂര്യ, മുകേഷ്, മണിയൻപിള്ള രാജു, ഇടവേള ബാബു, സംവിധായകൻ രഞ്ജിത്ത് തുടങ്ങി പ്രമുഖർക്കെതിരെയെല്ലാം പരാതികൾ വന്നു. സംവിധായകൻ രഞ്ജിത്തിനെതിരെ ആരോപണം ഉന്നയിച്ച ബംഗാളി നടിയാണ് ആദ്യം പൊലീസിൽ പരാതിപ്പെട്ടത്. പിന്നാലെ സിദ്ദിഖിനെതിരെ വെളിപ്പെടുത്തൽ നടത്തിയ നടിയും പരാതി നൽകി. ചലച്ചിത്രമേഘലയിലെ ലൈംഗികപീഡന പരാതികൾ അന്വേഷിക്കാൻ സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിരുന്നു. വിവിധ പൊലിസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്യുന്ന എല്ലാ പരാതികളും അന്വേഷിക്കുന്നത് പ്രത്യേക അന്വേഷണസംഘമാണ്.
വിവാദങ്ങൾ തിരമാലപോലെ അലയടിച്ചെത്തിയപ്പോൾ താരസംഘടനയായ അമ്മയും താഴെ വീണു. പ്രസിഡൻ്റ് മോഹൻലാൽ ഉൾപ്പെടെ 16 പേരാണ് ഒരുമിച്ച് രാജിവെച്ചിറങ്ങിയത്. ചില ഭാരവാഹികൾ നേരിടേണ്ടിവന്ന ലൈംഗികാരോപണങ്ങളുടെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്താണ് രാജിയെന്ന് സംഘടന പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറഞ്ഞു. ജനറൽ സെക്രട്ടറിയായിരുന്ന സിദ്ദിഖ് ലൈംഗികപീഡന ആരോപണമുയർന്നതിനെ തുടർന്ന് നേരത്തേ രാജിവച്ചിരുന്നു. അമ്മ ജോയിന്റ് സെക്രട്ടറിയായ നടൻ ബാബുരാജിനെതിരെയും ഗുരുതര ലൈംഗികപീഡന ആരോപണം ഉയർന്നിരുന്നു. വൈസ് പ്രസിഡന്റുമാരായ നടൻ ജഗദീഷും ജയൻ ചേർത്തലയും അമ്മയ്‌ക്കെതിരെ നിലപാടെടുത്തു. നേതൃത്വത്തിനെതിരെ നടൻ പൃഥ്വിരാജ് തുറന്നടിച്ചതും കൂട്ടരാജിക്ക് ആക്കംകൂട്ടുകയുണ്ടായി. രാജിവച്ച മുൻ ഭാരവാഹികളുടെ നേതൃത്വത്തിൽ, അമ്മയുടെ പെൻഷൻ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ മുടക്കം കൂടാതെ നൽകുന്നുമുണ്ട്. നടിയെ ആക്രമിച്ച കേസ് അന്തിമഘട്ടത്തിലാണ്. മറ്റു നടന്മാർക്കെതിരായ പരാതികളിലും അന്വേഷണം പുരോഗമിക്കുന്നുണ്ട്. അതിനാൽ മലയാള സിനിമക്ക് വരും വർഷം 2024നേക്കാൾ നിർണായകമാണ്.
തമിഴിലേക്ക് പോയാൽ സമ്മിശ്രമായൊരു വർഷമായിരുന്നു 2024. കഥാഗതിയിൽ ഭൂരിഭാഗം പ്രേക്ഷകരെയും പ്രീതിപ്പെടുത്താനായില്ലെങ്കിലും ദളപതി വിജയ്യുടെ ഗോട്ട് ആണ് കളക്ഷനിൽ മുന്നിൽ. 457.12 കോടി രൂപയാണ് ചിത്രം ആഗോള തലത്തിൽ സ്വന്തമാക്കിയത്. വിജയ്യുടെ കരിയറിലെ സെക്കൻ്റ് ഹൈയസ്റ്റ് ഗ്രോസിങ്ങ് ചിത്രമായാണ് ഗോട്ട് മാറിയത്. എന്നാൽ താരമൂല്യത്തിൻ്റെ ഉച്ചിയിൽ നിക്കുമ്പോളായിരുന്നു അദ്ദേഹം ഒരു അപ്രതീക്ഷിത പ്രഖ്യാപനം നടത്തിയത്. താരത്തിൻ്റെ മാത്രമല്ല, സിനിമാ ആരാധകരെ മൊത്തത്തിലാണ് ആ വാർത്ത വിഷമിപ്പിച്ചത്. അദ്ദേഹത്തിൻ്റെ രാഷ്ട്രീയ പ്രവേശന പ്രഖ്യാപനമായിരുന്നു അത്. ഷൂട്ടിങ് പുരോഗമിക്കുന്ന എച്ച്. വിനോദ് ചിത്രം ദളപതി 69 ആയിരിക്കും തൻ്റെ അവസാന ചിത്രമെന്ന് വിജയ് പ്രഖ്യാപിച്ചിരുന്നു. വിജയ് ഒഴിച്ചിടുന്ന സിംഹാസനം ആര് കൈയടുക്കുമെന്നതിനുള്ള ഉത്തരം നമുക്ക് വരും വർഷങ്ങളിൽ ലഭിച്ചേക്കും.
മറ്റു സിനിമകളെടുത്താൽ കളക്ഷനിൽ രണ്ടാം സ്ഥാനത്ത് ഏവരെയും ഞെട്ടിച്ചൊരു എൻട്രിയായിരുന്നു. ശിവകാർത്തികേയൻ്റെ അമരൻ ആഗോളതലത്തിൽ 333 കോടി രൂപയാണ് നേടിയത്. വീരമൃത്യു വരിച്ച മേജർ മുകുന്ദ് വരദരാജിൻ്റെ ജീവിതമാണ് ചിത്രത്തിൻ്റെ പ്രമേയം. വിജയ് ഒഴിച്ചിടുന്ന കസേരക്ക് ഏറ്റവും യോഗ്യൻ ശിവയാണെന്ന പരസ്യമായ രഹസ്യവും ഇതിലൂടെ കോളിവുഡിൽ പരന്നിട്ടുണ്ട്. രരജനിയുടെ വേട്ടയ്യൻ, ധനുഷിൻ്റെ രായൻ, വിജയ് സേതുപതിയുടെ മഹാരാജ അങ്ങനെ പോകുന്നു കളക്ഷൻ ലിസ്റ്റ്. നിതിലൻ സ്വാമിനാഥൻ സംവിധാനം ചെയ്ത മഹാരാജ ആഗോളതലത്തിലാണ് പ്രശംസ നേടിയത്. ചൈനയിൽ റീറിലീസ് ചെയ്ത ചിത്രം ബാഹുബലി ടുവിൻ്റെ റെക്കോർഡ് കടത്തിവെട്ടി ചൈനയിൽ ഏറ്റവും കൂടുതൽ പണം വാരുന്ന സൗത്തിന്ത്യൻ ചിത്രമായി മാറുകയുണ്ടായി. കളക്ഷനിൽ മുന്നിലല്ലെങ്കിലും ഒരുപിടി നല്ല ചിത്രങ്ങളും തമിഴിൽ പുറത്തിങ്ങി. വിടുതലൈ രണ്ടാം ഭാഗം, മെയ്യഴഗൻ, ലബ്ബർ പന്ത്, വാഴൈ, തങ്കലാൻ എന്നിവയെല്ലാം മികച്ച പ്രേക്ഷക പ്രതികരണം നേടി. മലയാള ചിത്രങ്ങളായ പ്രേമലുവും, മഞ്ഞുമ്മൽ ബോയ്സും, ആടുജീവിതവുമെല്ലാം തമിഴ് പ്രേക്ഷകരിൽ സ്വീകാര്യത നേടി മുന്നേറി. കാര്യമായി ഞെട്ടിച്ചില്ലെങ്കിലും ഒരുപിടി നല്ല ചിത്രങ്ങളായിരുന്നു 2024ൽ തമിഴ് സിനിമയുടെ മുതൽക്കൂട്ട്.
ഇന്ത്യയിലെ മറ്റ് ഇൻഡസ്ട്രികളിലും കോടികൾ വാരിയ ചിത്രങ്ങൾ പുറത്തിറങ്ങി. 1000 കോടിക്ക് മുകളിൽ വാരിയ രണ്ട് ചിത്രങ്ങളാണ് ഇന്ത്യയിൽ നിന്ന് ഇക്കൊല്ലമുണ്ടായത്. അല്ലു അർജുൻ്റെ പുഷ്പ 2; ദ റൂൾ, പ്രഭാസിൻ്റെ കൽക്കി; 2898 എഡി എന്നിവയാണവ. മികച്ച പ്രേക്ഷകപ്രതികരണമാണ് രണ്ടു ചിത്രങ്ങൾക്കും ലഭിച്ചത്. പുഷ്പയുടെ റിലീസ് ഒട്ടേറെ വിവാദങ്ങൾക്കാണ് വഴിവെച്ചത്. പുഷ്പ 2ന്റെ പ്രീമിയർ ഷോക്കിടെ ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിൽ അല്ലു അർജുൻ വന്നതിനെ തുടർന്നുണ്ടായ തിക്കിലും തിരക്കിലുംപെട്ട് യുവതി മരണപ്പെട്ടു. 36കാരിയായ രേവതിയാണ് മരണപ്പെട്ടത്. തിരക്കിൽപെട്ട് ഇവരുടെ മകൻ ഗുരുതരാവസ്ഥയിലാകുകയും ചെയ്തിരുന്നു. സംഭവം തെലുങ്ക് സിനിമ മേഖലയെ പിടിച്ചുകുലുക്കി. അല്ലുവിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. നിലവിൽ താരം ജാമ്യത്തിലാണ്. പുഷ്പയുമായി ബന്ധപ്പെട്ട വിവാദം ഓരോ ദിവസവും ആളിക്കത്തുന്നതല്ലാതെ ഇതുവരെ കെട്ടടങ്ങിയിട്ടില്ല. ബോളിവുഡിൽ കളക്ഷനിൽ പറയാനുള്ളത് സ്ത്രീ 2 മാത്രമാണ്. 800 കോടിക്കു മുകളിൽ ചിത്രം നേടി. ബൂൽ ബുലായ്യ 3യും ഫൈറ്ററുമെല്ലാം കോടികൾ വാരിയെങ്കിലും പ്രതീക്ഷിച്ചത്ര നിലവാരത്തിലെത്തിയില്ല എന്നതാണ് വാസ്തവം. തെലുങ്ക് സിനിമകളുടെ വിജയമാണ് ബോളിവുഡിനെ നിഷ്പ്രഭമാക്കിയത്.
ഹോളിവുഡിൽ നിന്നും എത്തി ഒരുപിടി നല്ല ചിത്രങ്ങൾ. കലയ്ക്ക് ഭാഷ ഒരു പ്രശ്നമല്ലെന്ന് തെളിയിക്കുന്നതാണ് വമ്പൻ അന്യഭാഷ ചിത്രങ്ങളുടെ വിജയം. മുഫാസ ദ ലയൺ കിങ്, ഗ്ലാഡിയേറ്റർ 2, ദ സബ്സ്റ്റൻസ്, മോആന 2, ജോക്കർ 2, വെനം; ലാസ്റ്റ് ഡാൻസ്, ഡെഡ്പൂൾ & വോൾവെറീൻ, ഡ്യൂൺ 2, ഫ്യൂറിയോസ; എ മാഡ് മാക്സ് സാഗ, ഇൻസൈഡ് ഔട്ട് 2, ഡെസ്പിക്കബിൾ മി 4, കുങ്ഫൂ പാണ്ട 4 തുടങ്ങി പ്രേക്ഷകർ കാത്തിരുന്ന ഒട്ടനവധി ചിത്രങ്ങൾ 2024 പുറത്തിറങ്ങി. ഇതിൽ ഡെഡ്പൂൾ & വോൾവെറീൻ, ഡ്യൂൺ 2, ഗ്ലാഡിയേറ്റർ 2 തുടങ്ങിയ ചിത്രങ്ങൾ ആഗോള ബോക്സ്ഓഫീസിൽ വൻ കുതിപ്പ് നടത്തി. എന്നാൽ ആരാധകർ ഏറെ കാത്തിരുന്ന ജോക്കറിൻ്റെ രണ്ടാം ഭാഗത്തിന് ആദ്യഭാഗത്തിൻ്റെ പകിട്ടിനൊത്തുയരാൻ ആയില്ല. ചിത്രത്തിന് വലിയ പ്രേക്ഷക സ്വീകാര്യത ലഭിക്കാതെ പോയി.
മാർവൽ ഫാൻസിനെ ആവേശത്തിലാഴ്ത്തിയായിരുന്നു ഡെഡ്പൂൾ & വോൾവെറീൻ്റെ വരവ്. വോൾവെറീനായി ഹ്യൂ ജാക്ക്മാൻ്റെ തിരിച്ചു വരവായിരുന്നു ചിത്രം. റയാൻ റെയ്നോൾഡിൻ്റെയും ഹ്യൂ ജാക്ക്മാൻ്റെയും കോമ്പിനേഷൻ ഫലപ്രദമാക്കാനായി. അപ്രതീക്ഷിതമായെത്തിയ ക്രിസ് ഇവാൻസിൻ്റെ ക്യാമിയോ കൂടി ആയപ്പോൾ പ്രതീക്ഷയുടെ അമിതഭാരത്തോടെയെത്തിയവരിൽ പോലും ചിത്രം നന്നായി വർക്ക് ചെയ്തു.
2024നെ അപേക്ഷിച്ച് സിനിമാ പ്രേമികൾക്ക് കൂടുതൽ പ്രതീക്ഷയേകുന്ന വർഷമാണ് 2025.തരുൺ മൂർത്തിയുടെ സംവിധാനത്തിലെത്തുന്ന മോഹൻലാൽ ചിത്രം തുടരും ആണ് ജനുവരിയിലെ വമ്പൻ. എംപുരാൻ, വൃഷഭ, റംബാൻ, റാം, തെലുങ്ക് ചിത്രമായ കണ്ണപ്പ തുടങ്ങി ഒരുപിടി ലാലേട്ടൻ ചിത്രങ്ങൾ 2025ൽ റിലീസ് കാത്തിരിക്കുന്നുണ്ട്. ഐഡൻ്റിറ്റി, ആലപ്പുഴ ജിംഖാന, ബസൂക്ക, കത്തനാർ തുടങ്ങി മലയാള സിനിമയുടെ ഒരു നിര തന്നെയുണ്ട് 2025ൽ.
വിജയ്യുടെ അവസാന ചിത്രം, സൂര്യയുടെ റെട്രോ, രജ്നി- ലോകേഷ് ചിത്രം, തുടങ്ങി തമിഴ് പ്രേക്ഷകർക്കും കാത്തിരിക്കാനേറെയുണ്ട്. സൂപ്പർമാൻ, ക്യാപ്റ്റൻ അമേരിക്ക ബ്രേവ് ന്യൂ വേൾഡ്, ജുറാസിക് വേൾഡ്; റീബർത്ത്, ഫൻ്റാസ്റ്റിക് ഫോർ, തണ്ടർബോൾട്സ്, അവതാർ; ഫയർ & ആഷ്, അങ്ങനെ ഒട്ടനവധി ഹോളിവുഡ് ചിത്രങ്ങളും 2025നെ വരവേൽക്കാനായി കാത്തിരിക്കുന്നുണ്ട്. ചുരുക്കത്തിൽ സിനിമാപ്രേക്ഷകരുടെ കൈയിൽ നിന്ന് 2024നേക്കാൾ കാശ് പൊട്ടിക്കുന്ന വർഷമായിരിക്കും 2025 എന്നു വേണം കരുതാൻ.
Adjust Story Font
16