Quantcast

യഷ് ചിത്രം'ടോക്സിക്കിന്‍റെ' ഷൂട്ടിങ്ങിനായി മുറിച്ചത് 100 കണക്കിന് മരങ്ങള്‍; സിനിമക്കെതിരെ വനംവകുപ്പ്

അനധികൃതമായി മരങ്ങള്‍ മുറിച്ചതിനെക്കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കണമെന്ന് കർണാടക വനം മന്ത്രി ഈശ്വർ ഖണ്ഡ്രേ ആവശ്യപ്പെട്ടു

MediaOne Logo

Web Desk

  • Published:

    31 Oct 2024 5:58 AM GMT

Yash
X

ബെംഗളൂരു: കന്നഡ സൂപ്പര്‍താരം യഷ് നായകനായ 'ടോക്സിക്' നിയമക്കുരുക്കില്‍. ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനായി നൂറു കണക്കിന് മരങ്ങള്‍ മുറിച്ചതാണ് പ്രശ്നമായത്. ബെംഗളൂരു പീനിയയില്‍ എച്ച്എംടിയുടെ അധീനതയിലുള്ള വനഭൂമിയില്‍ നിന്നാണ് മരങ്ങള്‍ വെട്ടിമാറ്റിയത്. സംരക്ഷിത വനഭൂമിയിൽ അനധികൃതമായി മരങ്ങള്‍ മുറിച്ചതിനെക്കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കണമെന്ന് കർണാടക വനം മന്ത്രി ഈശ്വർ ഖണ്ഡ്രേ ആവശ്യപ്പെട്ടു. സ്ഥലം സന്ദര്‍ശിച്ച മന്ത്രി സംഭവത്തില്‍ ആശങ്ക രേഖപ്പെടുത്തി.

ബെംഗളൂരുവിലെ പീനിയ പ്ലാൻ്റേഷനിലെ 599 ഏക്കർ വനമേഖലയുടെ ഭാഗമാണ് ടോക്സിക് ചിത്രീകരിച്ച ഭൂമി. 1900 കളുടെ തുടക്കത്തിൽ ഈ പ്രദേശം ആദ്യം വനഭൂമിയായി അടയാളപ്പെടുത്തിയിരുന്നു. എന്നിരുന്നാലും, 1960-കളിൽ, ഇത് ഡി-നോട്ടിഫിക്കേഷൻ കൂടാതെ എച്ച്എംടിയിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടു. അതായത് ഇത് ഇപ്പോഴും നിയമപരമായി വനഭൂമിയായി കണക്കാക്കപ്പെടുന്നു. എച്ച്എംടി ഈ ഭൂമിയുടെ ഭാഗങ്ങൾ വിൽക്കുകയും ചിത്രീകരണം ഉൾപ്പെടെ വിവിധ വനേതര ആവശ്യങ്ങൾക്കായി വാടകയ്ക്ക് നൽകുകയും ചെയ്തു.

വനഭൂമിയിൽ അനുമതിയില്ലാതെ മരം മുറിക്കുന്നത് നിയമവിരുദ്ധമാണെന്ന് മന്ത്രി ഖണ്ഡ്രെ പറഞ്ഞു. പ്രദേശത്തിന്‍റെ പഴയതും പുതിയതുമായ ഉപഗ്രഹ ചിത്രങ്ങളും അദ്ദേഹം എക്സില്‍ പങ്കുവച്ചു. മരം മുറിക്കാൻ അനുമതി നൽകിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കാൻ മന്ത്രി ഉത്തരവിട്ടു. സംഭവത്തിന്‍റെ വ്യാപ്തിയെക്കുറിച്ച് അറിയുന്നതിന് ഉപഗ്രഹ ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ എച്ച്.എം.ടി.യും സംസ്ഥാന വനംവകുപ്പും തമ്മില്‍ പീനിയയിലെ 599 ഏക്കര്‍ ഭൂമിയുടെ പേരിലുള്ള തര്‍ക്കമാണ് സിനിമയുടെ അണിയറപ്രവര്‍ത്തകരെ കുഴപ്പത്തിലാക്കിയത്. എച്ച്എംടി പുനരുദ്ധരിക്കാനുള്ള പദ്ധതി കേന്ദ്ര മന്ത്രി എച്ച്.ഡി കുമാരസ്വാമി പ്രഖ്യാപിച്ചതിനുപിന്നാലെയാണ് ഭൂമിയുടെ ഉടമസ്ഥതയില്‍ തര്‍ക്കമുടലെടുത്തത്. എന്നാല്‍, സ്വകാര്യ സ്ഥലത്താണ് ചിത്രീകരണം നടക്കുന്നതെന്നും നിയമലംഘനമില്ലെന്നും സിനിമാ നിര്‍മാതാക്കളായ കെവിഎന്‍ പ്രൊഡക്ഷന്‍ അറിയിച്ചു.

നടിയും മലയാളി സംവിധായികയുമായ ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ടോക്സിക്. യഷിനൊപ്പം നയന്‍താര, കിയാര അദ്വാനി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം അടുത്ത വര്‍ഷം ഏപ്രില്‍ 10നാണ് തിയറ്ററുകളിലെത്തുക. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം വിവാദത്തില്‍ പെട്ടത് ആരാധകരെ നിരാശയിലാഴ്ത്തിയിരിക്കുകയാണ്.

TAGS :

Next Story