''തമിഴില്‍ ഇതിലും നല്ലൊരു തുടക്കം കിട്ടാനില്ല''; ദളപതി 67ല്‍ താനുമുണ്ടെന്ന് വെളിപ്പെടുത്തി മാത്യു തോമസ്
ഇന്നലെയാണ് ലോകേഷ് കനകരാജ് ദളപതി 67 ന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്
കൊച്ചി: ലോകേഷ് കനകരാജിന്റെ ബ്രഹ്‌മാണ്ഡ ചിത്രം ദളപതി 67 ന്റെ ഔദ്യോഗിക പ്രഖ്യപനത്തിന് പിന്നാലെ ചിത്രത്തിൽ താനുമുണ്ടെന്ന സന്തോഷം പങ്കുവെയ്ക്കുകയാണ് മലയാളി യുവതാരം മാത്യു തോമസ്. ഇന്നലെയാണ് ലോകേഷ് കനകരാജ് ദളപതി 67 ന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. മാത്യുവിന്റെ ആദ്യ തമിഴ് ചിത്രമാണ് ദളപതി 67
ഇൻസ്റ്റാഗ്രാമിലൂടെയാണ് മാത്യൂ തന്റെ സന്തോഷം പങ്കുവെച്ചത്. ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ വിജയ് സാറിന്റെ ചിത്രത്തിൽ അഭിനയിക്കുന്നു. ഇതിലും നല്ലൊരു തുടക്കം തമിഴിൽ കിട്ടാനില്ല. മാത്യു തോമസ് ഇൻസ്റ്റയിൽ കുറിച്ചു. തണ്ണീർമത്തൻ ദിനങ്ങൾ കുമ്പളങ്ങി നൈറ്റ്‌സ്, അഞ്ചാം പാതിര, ജോ ആന്റ് ജോ, ഓപ്പറേഷൻ ജാവ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് സുപരിചിതനാണ് മാത്യു .
'മാസ്റ്റർ' എന്ന ചിത്രത്തിന് ശേഷമാണ് ലോകേഷ് കനകരാജും വിജയും വീണ്ടും ഒന്നിക്കുന്നത്. അതുകൊണ്ടു തന്നെ പ്രതീക്ഷയും വാനോളമാണ്. അനിരുദ്ധ് രവിചന്ദർ ആയിരിക്കും ചിത്രത്തിന്റെ സംഗീതം. സംവിധായകനൊപ്പം, രത്ന കുമാർ, ധീരജ് വൈദി എന്നിവർ ചിത്രത്തിന്റെ തിരക്കഥയിൽ പങ്കാളികളാവുന്നുണ്ട്. എഴുതി 7 സ്‌ക്രീൻ സ്റ്റുഡിയോ ചിത്രം നിർമിക്കുന്ന ചിത്രത്തിൽ ഗൗതം വാസുദേവ് മേനോനും പ്രധാന വേഷത്തിലുണ്ട്.'വാരിസാ'ണ് വിജയിന്‍റെതായി ഏറ്റവും ഒടുവിൽ പ്രദർശനത്തിന് എത്തിയ ചിത്രം. വംശി പൈഡിപ്പള്ളിയായിരുന്നു സംവിധാനം.
ദളപതി 67ലൂടെ ബോളിവുഡ് താരം സഞ്ജയ് ദത്തും തമിഴില്‍ അരങ്ങേറ്റം കുറിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. തൃഷയാണ് ചിത്രത്തിലെ നായിക, അര്‍ജുന്‍ സര്‍ജ, പ്രിയ ആനന്ദ്,മിഷ്കിന്‍,മന്‍സൂര്‍ അലിഖാന്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ദസറ റിലീസായി ചിത്രം തിയറ്ററിലെത്തിക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ ലക്ഷ്യം. ചിത്രത്തിന്‍റെ സ്ട്രീമിംഗ് അവകാശം 160 കോടി രൂപയ്ക്കാണ് നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയത്.
Adjust Story Font
16