ഇളയരാജയ്ക്കിന്ന് 78-ാം പിറന്നാൾ; കൊച്ചുമക്കൾക്കൊപ്പമുള്ള അച്ഛന്റെ മനോഹര ദൃശ്യം പങ്കിട്ട് യുവൻ ശങ്കർ
1976ൽ അന്നക്കിളി എന്ന ചിത്രത്തിന്റെ സംഗീത സംവിധാനത്തിലൂടെ തുടക്കമിട്ട ആ ഇതിഹാസ യാത്ര ഇപ്പോൾ ആയിരത്തോളം ചലച്ചിത്രങ്ങൾ പിന്നിട്ടുകഴിഞ്ഞിരിക്കുന്നു
പ്രണയവും വിരഹവും സന്തോഷവും സങ്കടവുമെന്നില്ല, മനുഷ്യന്റെ എല്ലാ വികാരങ്ങളെയും പ്രതിഫലിപ്പിക്കാൻ പോന്ന, അതിനെയെല്ലാം ഉണക്കാനും ഉറപ്പിക്കാനും ശക്തിയുള്ള ഒരു സംഗതിയുണ്ടെങ്കില്‍ അത് സംഗീതമായിരിക്കും. സംഗീതത്തിലേക്ക് ഈ 'നവരസങ്ങളും' പകർത്തിയ ഒരാളുണ്ട് നമുക്ക്. തെന്നിന്ത്യയുടെ സ്വന്തം ഇളയരാജ. ഇസൈജ്ഞാനി ഇളയരാജയ്ക്കിന്ന് 78-ാം പിറന്നാളാണ്.
1976ൽ അന്നക്കിളി എന്ന ചിത്രത്തിന്റെ സംഗീത സംവിധാനത്തിലൂടെ തുടക്കമിട്ട ആ ഇതിഹാസ യാത്ര ഇപ്പോൾ ആയിരത്തോളം ചലച്ചിത്രങ്ങൾ പിന്നിട്ടുകഴിഞ്ഞിരിക്കുന്നു. ഏതാണ്ട് 7,000ത്തോളം പാട്ടുകൾക്ക് സംഗീതം നിർവഹിക്കുകയും ചെയ്തുകഴിഞ്ഞിരിക്കുന്നു. തമിഴിനു പുറമെ ഹിന്ദി, മറാത്തി, തെലുങ്ക് മുതൽ നമ്മുടെ സ്വന്തം മലയാളത്തിൽ വരെ നിരവധി ഗാനങ്ങൾക്ക് ഈണമിട്ട ഇളയരാജ ഇന്ത്യൻ സംഗീതത്തിൽ തന്നെ മഹാമേരുവായി ഇന്നും നിലനിൽക്കുന്നു.
പിറന്നാളിനോടുബന്ധിച്ച് നൂറുകണക്കിനു പേരാണ് ഇളയരാജയ്ക്ക് ആശംസകളർപ്പിച്ചത്. ഇതിൽ സ്വന്തം മകൻ യുവൻ ശങ്കർ രാജ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ മനംകവർന്നിരിക്കുന്നത്. പേരമക്കളുടെ കൊച്ചുവിരൽ പിടിച്ച് പിയാനോ വായിക്കുന്ന മുത്തച്ഛന്റെ പഴയ വിഡിയോ പങ്കിട്ടാണ് യുവൻ പിതാവിന് പിറന്നാൾ ആശംസ നേർന്നിരിക്കുന്നത്.
കഴിഞ്ഞ വർഷം യുവന്റെ മകൾ സിയയുടെ ജന്മദിനത്തിനായിരുന്നു ഇളയരാജ കൊച്ചുമകളുടെ കൈപിടിച്ച് പിയാനോയിൽ 'ആദ്യാക്ഷരം' കുറിച്ചത്. 'ഹാപ്പി ബർത്ത്‌ഡേ' ഗാനം പിയാനോയിൽ സിയയുടെ കൈ ചേർത്തുപിടിച്ചു പാടുകയാണ് ഇളയരാജ. സമീപത്തു തന്നെ മറ്റൊരു കൊച്ചുമകനും ഇതിനെല്ലാം 'കട്ട സപ്പോർട്ടു'മായി കൂടെനിൽക്കുന്നുണ്ട്.
വിഡിയോ കഴിഞ്ഞ വർഷം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചപ്പോഴും സംഗീതാസ്വാധകർ ഏറ്റെടുത്തിരുന്നു. ലക്ഷക്കണക്കിനുപേർ കണ്ട വിഡിയോ പതിനായിരങ്ങൾ പങ്കിടുകയും ചെയ്തു.
Adjust Story Font
16