Quantcast

കുവൈത്തില്‍ ഗാര്‍ഹിക തൊഴിലാളികളുടെ അവകാശങ്ങള്‍ ഉറപ്പാക്കുന്ന നിയമം ഉടന്‍ പ്രാബല്യത്തില്‍

MediaOne Logo

Sithara

  • Published:

    24 Jan 2017 7:23 AM GMT

കുവൈത്തില്‍ ഗാര്‍ഹിക തൊഴിലാളികളുടെ അവകാശങ്ങള്‍ ഉറപ്പാക്കുന്ന നിയമം ഉടന്‍ പ്രാബല്യത്തില്‍
X

കുവൈത്തില്‍ ഗാര്‍ഹിക തൊഴിലാളികളുടെ അവകാശങ്ങള്‍ ഉറപ്പാക്കുന്ന നിയമം ഉടന്‍ പ്രാബല്യത്തില്‍

ഗാര്‍ഹിക തൊഴിലാളികളുടെ അവകാശങ്ങൾ ഉറപ്പാക്കുന്ന നിയമ ഭേദഗതി നിയമം ഉടൻ പ്രാബല്യത്തിൽ വരുമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം.

ഗാര്‍ഹിക തൊഴിലാളികളുടെ അവകാശങ്ങൾ ഉറപ്പാക്കുന്ന നിയമ ഭേദഗതി നിയമം ഉടൻ പ്രാബല്യത്തിൽ വരുമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം. പിരിഞ്ഞുപോരുമ്പോള്‍ സര്‍വീസ് കാലത്തെ ഓരോ വര്‍ഷത്തിനും ഒരു മാസത്തെ വേതനം ഉറപ്പുനല്‍കുന്നതുള്‍പ്പെടെ വീട്ടുജോലിക്കാര്‍ക്ക് ആശ്വാസമാവുന്ന ഏറെ കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് പുതിയ നിയമം. മന്ത്രാലയ ആസ്ഥാനത്തു വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിൽ പാസ്സ്പോർട്ട് പൗരത്വ കാര്യവിഭാഗം മേധാവി മേജര്‍ ജനറല്‍ ശൈഖ് മസീന്‍ അല്‍ ജാറുല്ല അസ്സബാഹ് ആണ് ഇക്കാര്യം അറിയിച്ചത്.

ഒന്നര പതിറ്റാണ്ടിന് ആദ്യമായാണ് കുവൈത്തിൽ ഗാർഹിക ജോലിക്കാർക്ക് ആശ്വാസത്തിന് വക നൽകുന്ന നിയമ പരിഷ്കരണത്തിന് കളമൊരുങ്ങുന്നത്. 2015 ജൂണിൽ ആണ് പാർലിമെന്റ് ഏകകണ്ഠേന നിയമ ഭേദഗതിക്ക് അംഗീകാരം നൽകിയത്. വീട്ടുജോലിക്കാരെ കൊണ്ട് വിശ്രമമില്ലാതെ ജോലി ചെയ്യിക്കുന്നത് പുതിയ നിയമപ്രകാരം കുറ്റകരമാണ്. ഇടവേളകളോടെ പരമാവധി 12 മണിക്കൂർ ജോലി. 60 ദിനാറിൽ കുറയാത്ത ശമ്പളം. വാരാന്ത അവധിക്കു പുറമെ 30 ദിവസത്തെ വാർഷിക അവധി എന്നിവ നിയമം ഉറപ്പു നൽകുന്നു. കരാര്‍ പ്രകാരമുള്ള ശമ്പളം നല്‍കുന്നതില്‍ വീഴ്ച വരുത്തിയാല്‍ വൈകിയ ഓരോ മാസത്തിനും തൊഴിലുടമ പത്ത് ദീനാര്‍ വീതം അധികം നല്‍കണം. കുവൈത്തിന് പുറത്തു ജോലി ചെയ്യാൻ തൊഴിലാളിയെ നിർബന്ധിക്കരുത്. കരാര്‍ ലംഘനമുണ്ടായാല്‍ ശമ്പളക്കുടിശ്ശിക മുഴുവനായി നൽകി സ്‌പോൺസറുടെ ചെലവില്‍ നാട്ടിലയക്കണം തുടങ്ങിയ കാര്യങ്ങളും നിയമം അനുശാസിക്കുന്നു.

അതേസമയം, തൊഴിലാളികള്‍ കരാര്‍ അനുസരിച്ചുള്ള ജോലി ചെയ്യുന്നതില്‍ വീഴ്ച വരുത്തുകയോ സത്യസന്ധത പുലര്‍ത്താതിരിക്കുകയോ ചെയ്താല്‍ ആറ് മാസത്തിനകം മുഴുവന്‍ തുകയും തിരിച്ചുപിടിക്കാൻ തൊഴിലുടമക്ക് അവകാശമുണ്ടാവും. റിക്രൂട്ടിങ് ഓഫീസുകളുടെ ഇതിനായി പ്രത്യേക കരാർ ഉണ്ടാക്കിയിരിക്കണം. തര്‍ക്കങ്ങളുണ്ടായാല്‍ തൊഴില്‍വകുപ്പിലെ ട്രൈബൂണലിന്റെ പരിഗണനക്ക് വിടും. തൊഴിലാളിയുടെയും തൊഴിലുടമയുടെയും അവകാശങ്ങള്‍ ഒരു പോലെ സംരക്ഷിക്കുന്ന പുതിയ നിയമം അന്തര്‍ദേശീയ നിയമങ്ങളും ചട്ടങ്ങളും പാലിച്ചുള്ളതാണെന്നു ശൈഖ് മാസിൻ അൽ ജറാഹ് പറഞ്ഞു മനുഷ്യാവകാശ സംരക്ഷണം ഉറപ്പുവരുത്താനും മനുഷ്യക്കടത്ത് തടയാനും ലക്ഷ്യമിട്ടുള്ളതാണ് ഭേദഗതി. അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയുടെ നിര്‍ദ്ദേശങ്ങളും ഇക്കാര്യത്തിൽ പരിഗണിച്ചിട്ടുണ്ട്. താമസ കുടിയേറ്റവിഭാഗം മേധാവി മേജര്‍ ജനറല്‍ തലാല്‍ അല്‍ മഅ്റഫി, സെക്യൂരിറ്റി മീഡിയ പബ്ലിക് റിലേഷൻ വിബാഹം മേധാവി ആദില്‍ അഹമ്മദ് അല്‍ ഹശാശ് എന്നിവരും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.

TAGS :

Next Story