Quantcast

റമദാന് തീര്‍ഥാടകരെ സ്വീകരിക്കാന്‍ മക്കയൊരുങ്ങുന്നു

MediaOne Logo

admin

  • Published:

    24 Jan 2017 1:25 AM GMT

റമദാന് തീര്‍ഥാടകരെ സ്വീകരിക്കാന്‍ മക്കയൊരുങ്ങുന്നു
X

റമദാന് തീര്‍ഥാടകരെ സ്വീകരിക്കാന്‍ മക്കയൊരുങ്ങുന്നു

മുൻവർഷങ്ങളെ അപേക്ഷിച്ച് ഈ വർഷം തീർഥാടകരുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് പ്രതീക്ഷിക്കുന്നത്.

റമദാന്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെ മക്കയിലെത്തുന്ന തീര്‍ഥാടകരെ സ്വീകരിക്കുന്നതിന് വിവിധ വകുപ്പുകൾ ഒരുക്കങ്ങള്‍ ആരംഭിച്ചു. തീർഥാടകരുടെ സുരക്ഷ, പകർച്ചവ്യാധികൾ തടയൽ, ഭക്ഷ്യസുരക്ഷ, ശുചിത്വം തുടങ്ങിയ മേഖലകളിലാണ് അധികൃതർ കൂടുതൽ ശ്രദ്ധ കൊടുക്കുന്നത്. മുൻവർഷങ്ങളെ അപേക്ഷിച്ച് ഈ വർഷം തീർഥാടകരുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് പ്രതീക്ഷിക്കുന്നത്.

മസ്ജിദുൽ ഹറാം വികസന പ്രവർത്തങ്ങൾ അവസാനഘട്ടത്തിലിരിക്കെ റമദാനിൽ ഹറമിലെത്തുന്ന തീർഥാടകർക്കും സന്ദർശകർക്കും സുരക്ഷിതമായും സുഗമമായും കർമങ്ങൾ നിർവഹിക്കാനാവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്ന തിരക്കിലാണ് അധികൃതർ. മക്ക മുൻസിപ്പാലിറ്റിക്ക് കീഴിൽ വിവിധ വകുപ്പുകളെ യോജിപ്പിച്ച് കൊണ്ടുള്ള പ്രവർത്തനങ്ങൾക്ക് രൂപം നൽകിയിട്ടുണ്ടെന്ന് മക്ക മേയർ ഒസാമ അൽ ബാർ പറഞ്ഞു. തീർഥാടകർ ഒരുമിച്ചുകൂടുന്ന സ്ഥലങ്ങളിൽ തിരക്ക് ഒഴിവാക്കുക, ഭക്ഷ്യവിതരണ ശാലകളിലും മറ്റും ശുചിത്വവും സുരക്ഷയും ഉറപ്പുവരുത്തല്‍, താമസ സ്ഥലങ്ങളിലെയും തെരുവുകളിലെയും മാലിന്യങ്ങൾ സമയാസമയം നീക്കം ചെയ്യുക, എന്നിവയ്ക്കാണ് പ്രഥമ പരിഗണന നല്‍കുന്നത്. ഹറം പരിസരപ്രദേശങ്ങളിലെ ശുചീകരണത്തിനായി പതിനായിരത്തിലധികം തൊഴിലാളികളെ നിശ്ചയിച്ചിട്ടുണ്ട്. രോഗങ്ങൾ പരത്തുന്ന പ്രാണികളെയും മറ്റും നശിപ്പിക്കുന്നതിനായി പ്രത്യേകം പരിശീലനം നൽകിയ ആയിരത്തോളം തൊഴിലാളികളും സജ്ജമാണ്.

രണ്ടു ഷിഫ്റ്റുകളായി ഇരുപത്തി നാല് മണിക്കൂറും തൊഴിലാളികള്‍ സേവനത്തിനായുണ്ടാകും. ഭക്ഷണപദാർഥങ്ങളുടെ ഗുണനിലവാരം പരിശോധിക്കാനും ആവശ്യമായ സുരക്ഷ ഉറപ്പുവരുത്താനും പ്രത്യേകം പരിശോധക സംഘവും സജ്ജമാണ്. ഈ സീണണില്‍ ഇതുവരെയായി അമ്പത്തി ആറ് ലക്ഷം ഉംറ വിസകളാണ് വിവിധ രാജ്യങ്ങളിലെ സൗദി നയതന്ത്ര കാര്യാലയങ്ങൾ വഴി അനുവദിച്ചത്. കഴിഞ്ഞ വർഷത്തേക്കാൾ അഞ്ചു ശതമാനം വർധനവാണുണ്ടായിരിക്കുന്നത്‌. പന്ത്രണ്ടു ലക്ഷത്തോളം വിസകൾ ഇഷ്യൂ ചെയ്ത ഈജിപ്തിൽ നിന്നാണ് ഏറ്റവും കൂടുതൽ തീര്‍ഥാടകര്‍ ഉംറ നിര്‍വഹിക്കാനെത്തിയത്.

TAGS :

Next Story