Quantcast

യു എ ഇയില്‍ മരണകാരണമാകുന്ന അസുഖങ്ങളില്‍ 30 ശതമാനവും ഹൃദ്രോഗം

MediaOne Logo

admin

  • Published:

    26 Jan 2017 7:02 AM GMT

യു എ ഇയില്‍ മരണകാരണമാകുന്ന അസുഖങ്ങളില്‍ 30 ശതമാനവും ഹൃദ്രോഗം
X

യു എ ഇയില്‍ മരണകാരണമാകുന്ന അസുഖങ്ങളില്‍ 30 ശതമാനവും ഹൃദ്രോഗം

സ്വദേശികള്‍ക്കും പ്രവാസികള്‍ക്കുമിടയില്‍ ദുബൈ ഹെല്‍ത്ത് അതോറിറ്റി 2014ല്‍ നടത്തിയ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമായത്.


യു എ ഇയില്‍ മരണകാരണമാകുന്ന അസുഖങ്ങളില്‍ 30 ശതമാനവും ഹൃദ്രോഗമാണെന്ന് കണ്ടെത്തല്‍. സ്വദേശികള്‍ക്കും പ്രവാസികള്‍ക്കുമിടയില്‍ ദുബൈ ഹെല്‍ത്ത് അതോറിറ്റി 2014ല്‍ നടത്തിയ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമായത്. വിവിധ രാജ്യക്കാരായ 3298 കുടുംബങ്ങള്‍ക്കിടയില്‍ സര്‍വേ നടത്തിയാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നതെന്ന് ഡി എച്ച് എ ഡയറക്ടര്‍ ജനറലും ബോര്‍ഡ് ചെയര്‍മാനുമായ ഹുമൈദ് അല്‍ ഖാതമി പറഞ്ഞു.

ദുബൈ സ്റ്റാറ്റിസ്റ്റിക്സ് സെന്‍ററുമായി ചേര്‍ന്നാണ് ഹെല്‍ത്ത് അതോറിറ്റി സര്‍വേ നടത്തിയത്. വ്യക്തിപരവും സാമൂഹികവുമായ വിഷയങ്ങള്‍ ചോദ്യാവലിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. എല്ലാ പ്രായപരിധിയിലുമുള്ള ആളുകള്‍ സര്‍വേയില്‍ പങ്കെടുത്തു. 3.5 ശതമാനം കുടുംബങ്ങളിലെ അംഗങ്ങളും ഉയര്‍ന്ന രക്തസമ്മര്‍ദം അനുഭവിക്കുന്നതായി സര്‍വേയില്‍ വ്യക്തമായി. പുരുഷന്മാരേക്കാള്‍ സ്ത്രീകളാണ് രക്തസമ്മര്‍ദം അനുഭവിക്കുന്നത്. 3.2 ശതമാനം പുരുഷന്മാര്‍ രക്തസമ്മര്‍ദത്തിന് അടിപ്പെട്ടപ്പോള്‍ സ്ത്രീകളുടെ എണ്ണം 5.1 ശതമാനമാണ്. സ്വദേശികളില്‍ 18.9 ശതമാനത്തിന് രക്തസമ്മര്‍ദമുണ്ട്. ഇതില്‍ 20 ശതമാനം പുരുഷന്മാരും 18 ശതമാനം സ്ത്രീകളുമാണ്. 19.8 ശതമാനം സ്വദേശി പുരുഷന്മാര്‍ക്ക് അമിത കൊളസ്ട്രോളുണ്ട്. 18.5 ശതമാനം സ്ത്രീകള്‍ക്കും. അമിത കൊളസ്ട്രോളുള്ള മൊത്തം സ്വദേശികളുടെ അളവ് 19.1 ശതമാനമാണ്. 4.3 ശതമാനം വിദേശികള്‍ക്ക് അമിത രക്തസമ്മര്‍ദമുണ്ട്. ഇതില്‍ 6.6 ശതമാനം സ്ത്രീകളും 3.9 ശതമാനം പുരുഷന്മാരുമാണ്. സര്‍വേയില്‍ പങ്കെടുത്ത 21.9 ശതമാനം പേര്‍ പുകവലിക്കാരാണ്. 24.8 ശതമാനം പുരുഷന്മാരും 4.2 ശതമാനം സ്ത്രീകളും.

ദുബൈ ഹെല്‍ത്ത് അതോറിറ്റി നടത്തുന്ന രണ്ടാമത് സര്‍വേയാണിത്. ഇതിന് മുമ്പ് 2009ലാണ് സര്‍വേ നടത്തിയത്. സര്‍വേഫലം അതോറിറ്റിയുടെ ഭാവി പരിപാടികള്‍ രൂപവത്കരിക്കാന്‍ സഹായകമാകുമെന്ന് ദുബൈ സ്റ്റാറ്റിസ്റ്റിക്സ് സെന്‍റര്‍ ഡെപ്യൂട്ടി എക്സിക്യൂട്ടിവ് ഡയറക്ടര്‍ താരിഖ് യൂസുഫ് അല്‍ ജനാഹി പറഞ്ഞു. പൗരന്മാരുടെ ആരോഗ്യം സംബന്ധിച്ച വ്യക്തമായ വിവരങ്ങള്‍ ഇതുവരെ ലഭ്യമല്ലായിരുന്നു. ഭരണാധികാരികള്‍ക്ക് ആരോഗ്യരംഗത്ത് പുതിയ പദ്ധതികള്‍ ആവിഷ്കരിക്കാന്‍ സര്‍വേഫലം സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

TAGS :

Next Story