Quantcast

റമദാനില്‍ ഭക്ഷ്യവസ്തുക്കളുടെ വില വര്‍ധിപ്പിക്കുന്നത് തടയുമെന്ന് യുഎഇ 

MediaOne Logo

admin

  • Published:

    2 April 2017 1:43 AM GMT

റമദാനില്‍ ഭക്ഷ്യവസ്തുക്കളുടെ വില വര്‍ധിപ്പിക്കുന്നത് തടയുമെന്ന് യുഎഇ 
X

റമദാനില്‍ ഭക്ഷ്യവസ്തുക്കളുടെ വില വര്‍ധിപ്പിക്കുന്നത് തടയുമെന്ന് യുഎഇ 

വില വര്‍ധന, ഉല്‍പന്നങ്ങളുടെ ക്ഷാമം എന്നിവ കണ്ടെത്താന്‍ 400 ഇടങ്ങളില്‍ മന്ത്രാലയം റമദാനില്‍ പരിശോധന നടത്തും.

റമദാനില്‍ ഭക്ഷ്യവസ്തുക്കളുടെ വില വര്‍ധിപ്പിക്കുന്നത് തടയാന്‍ യുഎഇ സാമ്പത്തികകാര്യ മന്ത്രാലയത്തിന്റെ ശക്തമായ നടപടി. 5000 ഉല്‍പന്നങ്ങള്‍ക്ക് വിലക്കിഴിവ് നല്‍കാനും മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. നാലായിരം ഉല്‍പന്നങ്ങളുടെ വില ഈ വര്‍ഷം വര്‍ധിപ്പിക്കില്ലെന്ന് ഉറപ്പുവരുത്താനും നടപടിയെടുത്തു.

വില വര്‍ധന, ഉല്‍പന്നങ്ങളുടെ ക്ഷാമം എന്നിവ കണ്ടെത്താന്‍ 400 ഇടങ്ങളില്‍ മന്ത്രാലയം റമദാനില്‍ പരിശോധന നടത്തും. ഉപഭോക്തൃ സംരക്ഷണ വിഭാഗം ഡയറക്ടര്‍ ഡോ. ഹാഷിം അല്‍ നുഐമി വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. അവശ്യ സാധനങ്ങള്‍ക്ക് 70 ശതമാനം വരെ വിലക്കുറവ് നല്‍കുന്നതിനാണ് തീരുമാനം.

വിവിധ ഹൈപ്പര്‍മാര്‍ക്കറ്റുകളും കോ ഓപറേറ്റീവ് സൊസൈറ്റികളും വഴി 260 ദശലക്ഷം ദിര്‍ഹം മൂല്യം വരുന്ന വിലക്കുറവാണ് ലഭ്യമാക്കുക. ഉപഭോക്തൃ സംരക്ഷണത്തിനുള്ള സുപ്രീം കമ്മിറ്റിയുടെ നിര്‍ദേശ പ്രകാരം അരി, എണ്ണ, ധാന്യപ്പൊടികള്‍, പാല്‍, പച്ചക്കറി പഴ വര്‍ഗങ്ങള്‍ തുടങ്ങിയവയുടെ വിതരണക്കാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

റമദാനില്‍ ദുബൈയില്‍ മാത്രം ദിവസം 18000 ടണ്ണും അബൂദബിയില്‍ 4000ഉം ഭക്ഷ്യ സാധനങ്ങളാണ് ഇറക്കുമതി ചെയ്യുന്നത്. ഭക്ഷ്യ വസ്തുക്കളുടെ ഇറക്കുമതി 30 ശതമാനമെങ്കിലും ഉയര്‍ത്താന്‍ മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്. പരാതിയുണ്ടെങ്കില്‍ ജനങ്ങള്‍ക്ക് ഉപഭോക്തൃ സംരക്ഷണ സെല്ലില്‍ പരാതിപ്പെടാം 600522225 എന്നതാണ് നമ്പര്‍.

TAGS :

Next Story