ഇന്ത്യയിൽ നിന്നുള്ള ആദ്യ സംഘ തീര്‍ഥാടകർ മക്കയിലെത്തി
ഇന്ത്യയിൽ നിന്നുള്ള ആദ്യ സംഘ തീര്‍ഥാടകർ മക്കയിലെത്തി
ഡല്‍ഹിയില്‍ നിന്നുള്ള 338 തീര്‍ഥാടകരാണ് ഇന്ന് പുലര്‍ച്ചെ മക്കയിലെത്തിയത്
ഹജ്ജിനായി ഇന്ത്യയിൽ നിന്നെത്തിയ ആദ്യ സംഘ തീര്‍ഥാടകർ മദീന സന്ദര്‍ശനം പൂർത്തിയാക്കി മക്കയിൽ എത്തിതുടങ്ങി. ഡല്‍ഹിയില്‍ നിന്നുള്ള 338 തീര്‍ഥാടകരാണ് ഇന്ന് പുലര്‍ച്ചെ മക്കയിലെത്തിയത്. ഹജ്ജ് മിഷന്‍ അധികൃതര്‍ ഹാജിമാര്‍ക്ക് ഊഷ്മള സ്വീകരണം നല്‍കി.
ഈ മാസം നാലിന് ഡൽഹിയിൽ നിന്നും മദീനയില്‍ എത്തിയ തീര്‍ഥാടകരാണ് പുലര്‍ച്ചെ മക്കയിൽ എത്തിയത്. ജിദ്ദ ഇന്ത്യൻ കോണ്‍സല്‍ ജനറൽ മുഹമ്മദ് നൂർ റഹ്മ്മാൻ ശൈഖ്, ഹജ്ജ് കോൺസല്‍ ഷാഹിദ് ആലം എന്നിവരുടെ നേതൃത്വത്തില്‍ ഹാജിമാരെ മക്കയില്‍ സ്വീകരിച്ചു. വിവിധ മലയാളി പ്രവാസി സംഘടനകളും തീര്‍ഥാടകരെ സ്വീകരിക്കാനെത്തിയിരുന്നു. ഈത്തപഴം, മുസല്ല, ഇഹ്റം ഡ്രസുകൾ എന്നിവ ഉപഹാരമായി നല്‍കി. ഗ്രീൻ കാറ്റഗറിയിലുള്ള ഹാജിമാര്‍ ബിൽഡിങ് നമ്പർ 112ലും അസീസിയ കാറ്റഗറിയിലുള്ളവർ ബിൽഡിങ് നമ്പർ 371ലുമാണ് താമസിക്കുന്നത്. അസീസിയ കാറ്റഗറിയിലുള്ളവർക്ക് മസ്ജിദുല്‍ ഹറാമിലേക്കും തിരിച്ചും 24 മണിക്കൂറും ഹജ്ജ് മിഷന്‍ സൌജന്യ ബസ്സ് സര്‍വീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. തല്‍ബിയ്യത്ത് മന്ത്രങ്ങള്‍ ഉരുവിട്ട് ഹറമിലെത്തിയ തീര്‍ഥാടര്‍ ഉംറ നിര്‍വഹിച്ചു.
ഇന്നലെ വൈകീട്ട് മൂന്നരയോടെയാണ് ഹാജിമാര്‍ മദീനയില്‍ നിന്നും യാത്ര തിരിച്ചത്. ഏഴ് ബസ്സുകളിലായി മദീനയില്‍ നിന്നും യാത്ര തിരിച്ച തീര്‍ഥാടകരെ ഹജ്ജ് മീഷന്‍ ഇന്‍ ചാര്‍ജ് അബ്ദുശ്ശുക്കൂര്‍ പുളിക്കലിന്‍റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ യാത്രയപ്പ് നല്‍കി. മദീന വഴി ഹജ്ജിനെത്തുന്ന തീര്‍ഥാടകര്‍ എട്ട് ദിവസം അവിടെ താമസിച്ച ശേഷം ബസ്മാർഗം മക്കയിൽ എത്തിക്കും ഹജ്ജിനു ശേഷം ജിദ്ദ വഴിയായിരിക്കും ഇവർ മടങ്ങുക. ജിദ്ദ വഴിയുള്ള തീര്‍ഥാടകര്‍ ഞായറാഴ്ച മുതല്‍ മക്കയില്‍ എത്തി തുടങ്ങും.
Adjust Story Font
16