പ്രവാസി ഭാരതീയ ദിവസ് സമ്മേളനം മോദി സ്തുതിയായി ചുരുങ്ങി
- Published:
30 May 2017 6:37 PM GMT
പ്രവാസി ഭാരതീയ ദിവസ് സമ്മേളനം മോദി സ്തുതിയായി ചുരുങ്ങി
പതിനാലാമത് പ്രവാസി ഭാരതീയ ദിവസ് സമ്മേളനം തങ്ങളുടെ രാഷ്ട്രീയ പ്രചാരണായുധമാക്കി മാറ്റാന്‍ ബിജെപിയുടെ സംഘടിത നീക്കം.
പതിനാലാമത് പ്രവാസി ഭാരതീയ ദിവസ് സമ്മേളനം തങ്ങളുടെ രാഷ്ട്രീയ പ്രചാരണായുധമാക്കി മാറ്റാന്‍ ബിജെപിയുടെ സംഘടിത നീക്കം. പ്രവാസികളുടെ പ്രശ്നങ്ങള്‍ ഗൗരവത്തില്‍ ചര്‍ച്ച ചെയ്യുന്നതിനു പകരം മോദിയെയും കേന്ദ്രസര്‍ക്കാറിനെയും പ്രകീര്‍ത്തിക്കാന്‍ മാത്രമാണ് സമ്മേളനത്തില്‍ സംഘാടകര്‍ ശ്രദ്ധിച്ചത്.
പ്രതിനിധികളുടെ എണ്ണത്തിലുണ്ടായ വന്‍വര്‍ധന ചൂണ്ടിക്കാട്ടി പതിനാലാമത് പിബിഡി വന്‍ വിജയമാണെന്ന് വരുത്താനാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം തുടക്കം മുതല്‍ താല്‍പര്യമെടുത്തത്. ഏഴായിരത്തിലേറെ പ്രതിനിധികളാണ് രജിസ്റ്റര്‍ ചെയ്തത്. രജിസ്ട്രേഷന്‍ പ്രക്രിയ ഒരു മാസം മുമ്പ് അവസാനിപ്പിച്ചതാണെങ്കിലും പിബിഡിയുടെ രണ്ടാം ദിവസം പോലും പുതുതായി നിരവധി പേരെയാണ് പ്രവേശിപ്പിച്ചത്. പുറം രാജ്യങ്ങളില്‍ നിന്ന് 1600 പേര്‍ മാത്രമാണ് പിബിഡിയില്‍ സംബന്ധിക്കാനെത്തിയത്.
ബംഗളൂരുവിലെയും പരിസര പ്രദേശങ്ങളിലെയും ബി.ജെ.പി- ആര്‍.എസ്.എസ് അനുഭാവികളായിരുന്നു പ്രവാസി ഭാരതീയ ദിവസില്‍ പങ്കെടുത്തവരില്‍ ഭൂരിഭാഗമെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. മോദിക്കും കേന്ദ്രസര്‍ക്കാറിനും വേണ്ടി അനവസരത്തില്‍ പോലും മുദ്രാവാക്യം വിളിക്കാനും കൈയടിക്കാനും കൃത്യമായ പരിശീലനം പോലും ഇവര്‍ക്ക് നല്‍കിയിരുന്നു.
സര്‍ക്കാര്‍ വക ഇവന്‍റ് മാനേജ്മെന്‍റ് പരിപാടിയായി പി.ബി.ഡിയെ മാറ്റുന്നതില്‍ സംഘാടകര്‍ വിജയിച്ചു. ആളുകളുടെ ആധിക്യം കാരണം വിദൂര ദിക്കുകളില്‍ നിന്ന് തുകയടച്ച് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത മിക്ക പ്രവാസികള്‍ക്കും ഭക്ഷണം ഉര്‍പ്പെടെ സൗകര്യങ്ങള്‍ വേണ്ടവിധം ലഭിക്കാത്ത സാഹചര്യവും ഉണ്ടായി. ബംഗളൂരു നഗരത്തിലും സമ്മേളന വേദിയിലും മോദി പ്രഭാവം പൊലിപ്പിക്കാന്‍ കൊണ്ടുപിടിച്ച നീക്കവും നടന്നു.
മുമ്പൊരിക്കലും കേന്ദ്രസര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് പി.ബി.ഡിയെ രാഷ്ട്രീയവത്കരിക്കാന്‍ ഇത്രയും നിര്‍ലജ്ജ നീക്കം ഉണ്ടായിട്ടില്ലെന്നും പ്രതിനിധികള്‍ ആരോപിക്കുന്നു.
Adjust Story Font
16