സഞ്ചാരികള്‍ക്ക് കൌതുകമായി താക്കയിലെ പൗരാണിക നഗരാവശിഷ്ടവും തുറമുഖ ശേഷിപ്പുകളും
സഞ്ചാരികള്‍ക്ക് കൌതുകമായി താക്കയിലെ പൗരാണിക നഗരാവശിഷ്ടവും തുറമുഖ ശേഷിപ്പുകളും
ബി.സി മൂന്നാം നൂറ്റാണ്ട് മുതല്‍ എ.ഡി അഞ്ചാം നൂറ്റാണ്ട് വരെ ജീവിച്ചിരുന്ന സമൂഹത്തിന്റെ ശേഷിപ്പുകളാണ് ഇവിടെയുള്ളത്.
സലാലയിലെ താക്കയുടെ സമീപമുള്ള പൗരാണിക നഗരാവശിഷ്ടവും തുറമുഖ ശേഷിപ്പുകളും സഞ്ചാരികളെ ആകര്‍ഷിക്കുന്നു. യുനെസ്കോയുടെ ലോക സാംസ്കാരിക പ്രദേശങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ച ഈ പ്രദേശം ഒമാന്‍ സാംസ്കാരിക ടൂറിസം വകുപ്പിന്റെ സംരക്ഷണയിലാണുള്ളത്.
ബി.സി മൂന്നാം നൂറ്റാണ്ട് മുതല്‍ എ.ഡി അഞ്ചാം നൂറ്റാണ്ട് വരെ ജീവിച്ചിരുന്ന സമൂഹത്തിന്റെ ശേഷിപ്പുകളാണ് ഇവിടെയുള്ളത്. 1994ല്‍ ഇറ്റാലിയന്‍ ഗവേഷകരാണ് ഇത് പുരാതനമായ സംഹരം എന്ന നഗരവും ഖോര്‍ റൂറിയെന്ന പ്രകൃതിദത്തമായ തുറമുഖവുമാണെന്ന് കണ്ടെത്തിയത്.
കുന്തിരിക്കത്തിന്റെ ഉല്‍പാദനത്തില്‍ മുന്‍പന്തിയിലാണ് ഈ ദോഫാര്‍ മേഖല. കുന്തിരക്കത്തിന് സ്വര്‍ണത്തേക്കാള്‍ വിലയുണ്ടായിരുന്ന ആ കാലത്ത് വിവിധ ഉപഭൂഖണ്ഡങ്ങളിലേക്ക് ഇവിടെ നിന്നാണ് കുന്തിരക്കം കയറ്റിപ്പോയിരുന്നത്. വളരെ സുരക്ഷിതമായി നിര്‍മിച്ച ഈ കോട്ടക്കകത്ത് കിണറും കുളിപ്പുരയും ഉണ്ടായിരുന്നു. കോട്ടയുടെ ഒരു ഭാഗത്ത് ആരാധന സ്ഥലവും മറുഭാഗത്ത് കുന്തിരിക്കം സൂക്ഷിക്കുന്നതിനായി സ്റ്റോര്‍ മുറികളും സജ്ജീകരിച്ചിരുന്നു. ഇരുമ്പിന്റെയും ചെമ്പിന്റെയും നിരവധി വീട്ടുപകരണങ്ങളും ആഭരണങ്ങളും ഇവിടെ നിന്ന് ഖനനം ചെയ്തെടുത്തിട്ടുണ്ട്. ദേശാടനപ്പക്ഷികളുടെ കേന്ദ്രവുമാണിവിടം. ഈ പ്രദേശം ഖുര്‍ആന്‍ പരാമര്‍ശിക്കുന്ന സുലൈമാന്‍ നബിയുടെ കാലത്തെ ബല്‍ക്കീസ് രാജ്ഞിയുടേതാണെന്നും ബൈബിളില്‍ പരാമര്‍ശിക്കുന്ന ഷേബ രാജ്ഞിയുടേതാണെന്നും കരുതുന്നവരുണ്ട്. ഒരു കാലത്ത് അറേബ്യയുടെ കവാടം എന്നറിയപ്പെട്ടിരുന്ന ഈ പ്രദേശം നിരവധി ചരിത്രാന്വേഷകരെയാണ് ആകർഷിക്കുന്നത്.
Adjust Story Font
16