കുവൈത്തില്‍ വാടകക്ക് താമസിക്കുന്ന സ്വദേശികളെ വൈദ്യുതി നിരക്ക് വര്‍ധനയില്‍ നിന്ന് ഒഴിവാക്കണം എന്ന് ശിപാര്‍ശ
കുവൈത്തില്‍ വാടകക്ക് താമസിക്കുന്ന സ്വദേശികളെ വൈദ്യുതി നിരക്ക് വര്‍ധനയില്‍ നിന്ന് ഒഴിവാക്കണം എന്ന് ശിപാര്‍ശ
സ്വന്തം വീടുകളുള്ള സ്വദേശികള്‍ക്ക് നല്കുന്ന അതെ പരിഗണന വാടകയ്ക്ക് താമസിക്കുന്നവര്‍ക്കും നല്കണം എന്നാണു
കുവൈത്തില്‍ റെന്റല്‍ അപാര്‍ട്ടുമെന്റുകളില്‍ താമസിക്കുന്ന സ്വദേശികളെ വൈദ്യുതി നിരക്ക് വര്‍ധനയില്‍ നിന്ന് ഒഴിവാക്കണം എന്ന് ശിപാര്‍ശ. സ്വന്തം വീടുകളുള്ള സ്വദേശികള്‍ക്ക് നല്കുന്ന അതെ പരിഗണന വാടകയ്ക്ക് താമസിക്കുന്നവര്‍ക്കും നല്കണം എന്നാണു പാര്‍ലമെന്റ് ധനകാര്യ സമിതി ശിപാര്‍ശ ചെയ്തത്.
സാമ്പത്തിക പരിഷ്കരണങ്ങളുടെ ഭാഗമായി വൈദ്യുതി നിരക്ക് ഉയര്‍ത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് കഴിഞ്ഞ ആഴ്ച ചേര്‍ന്ന പാര്‍ലമെന്റ് ഭേദഗതിയോടെ അംഗീകാരം നല്‍കിയിരുന്നു.
ഉപഭോക്താക്കളെ നാല് വിഭാഗങ്ങളായി വര്‍ഗീകരിച്ചു കൊണ്ടുള്ള നിരക്ക് വര്‍ധനയാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചത്. സ്വദേശി ഭവനങ്ങള്‍, വാടകക്ക് നല്‍കുന്ന വീടുകളും അപ്പാര്‍ട്ട്മെന്‍റുകളും ഉള്‍പ്പെടുന്ന ഇന്‍വെസ്റ്റ്‌മെന്റ് വീടുകള്‍, വാണിജ്യ സ്ഥാപനങ്ങള്‍, വ്യവസായ ശാലകള്‍ എന്നിങ്ങനെയാണ് വര്‍ഗീകരണം.
സ്വദേശി ഭവനങ്ങള്‍ക്ക് 3000 കിലോവാട്ട് വരെ കിലോവാട്ടിന് മൂന്നു ഫില്‍സ്, 3,000 മുതല്‍ 6,000 കിലോവാട്ട് വരെ എട്ടു ഫില്‍സ്, 6,000 മുതല്‍ 9,000 കിലോവാട്ട് വരെ 10 ഫില്‍സ്, 9,000 കിലോവാട്ടിനുമുകളില്‍ 15 ഫില്‍സ് എന്ന തോതിലാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്ന നിരക്ക്. രണ്ടാമത്തെ വിഭാഗമായ റെന്റല്‍ അപ്പാര്‍ട്ട്മെന്റുകള്‍ക്ക് 1000 കിലോവാട്ട് വരെ അഞ്ചു ഫില്‍സ്, 1000 മുതല്‍ 2000 കിലോവാട്ട് വരെ എട്ടു ഫില്‍സ്, 2000 മുതല്‍ 3000 കിലോവാട്ട് വരെ 10 ഫില്‍സ്, 3000 കിലോവാട്ടിനുമുകളില്‍ 15 ഫില്‍സ് എന്നീ തോതിലായിരിക്കും പുതിയ വൈദ്യുതി നിരക്ക്. വാണിജ്യ സ്ഥാപനങ്ങള്‍ക്കും 15 മുതല്‍ 25 ഫില്‍സ് വരെ വര്‍ധനയുണ്ടാവും.
ഇതില്‍ സ്വദേശി വീടുകളെ പൂര്‍ണമായും നിരക്ക് വര്‍ധനയില്‍ നിന്ന് ഒഴിവാക്കണം എന്ന ഭേദഗതിയോടെയാണ് പാര്‍ലമെന്റ് ആദ്യവായനയില്‍ അംഗീകാരം നല്കിയത്. ഉപഭോഗം എത്ര ഉയര്‍ന്നാലും ഈ വിഭാഗത്തിന് നിരക്കില്‍ മാറ്റമുണ്ടാവില്ല. രണ്ടാം വിഭാഗത്തില്‍ പെടുന്ന ഇന്‍വെസ്റ്റ്മെന്‍റ് വീടുകളില്‍ കഴിയുന്ന സ്വദേശികളെയും ഒന്നാം വിഭാഗത്തിൽ ഉള്‍പ്പെടുത്തണമെന്നാണ് ധനകാര്യ സമിതി ശിപാര്‍ശ ചെയ്തിരിക്കുന്നത്. കാര്‍ഷിക, വ്യവസായ സ്ഥാപനങ്ങളെയും നിരക്ക് വര്‍ധനയില്‍നിന്ന് ഒഴിവാക്കണമെന്ന് ധനകാര്യ സമിതി ശിപാര്‍ശ ചെയ്തതായാണ് വിവരം. ഭേദഗതിയോടെയുള്ള ബില്‍ അടുത്ത ആഴ്ച പാര്‍ലമെന്റിന്റെ പരിഗണനക്ക് വരും.
Adjust Story Font
16