എണ്ണയുല്‍പാദനം കുറക്കാനുള്ള ഒപെക് തീരുമാനം ഫലം ചെയ്യുന്നതായി അന്താരാഷ്ട്ര ഊര്‍ജ്ജ സമിതി
എണ്ണയുല്‍പാദനം കുറക്കാനുള്ള ഒപെക് തീരുമാനം ഫലം ചെയ്യുന്നതായി അന്താരാഷ്ട്ര ഊര്‍ജ്ജ സമിതി
വിപണിയില്‍ വില കൂപ്പുകുത്തിയതിനെ തുടര്‍ന്നാണ് ഉല്‍പാദനം കുറക്കാനുള്ള തീരുമാനത്തില്‍ ആദ്യം ഒപെക് രാജ്യങ്ങള്‍ എത്തിച്ചേര്‍ന്നത്.
എണ്ണ ഉല്‍പാദനം ഗണ്യമായി വെട്ടിച്ചുരുക്കാനുള്ള ഒപെക് - ഒപെക് ഇതര രാജ്യങ്ങളുടെ സംയുക്ത തീരുമാനം വിപണിയില്‍ മികച്ച ഫലം ചെയ്യുന്നതായി അന്താരാഷ്ട്ര ഊര്‍ജ സമിതി. എണ്ണവില കുറേക്കൂടി ഉയരാനുള്ള സാധ്യത പ്രകടമാണെന്നും സമിതി വിലയിരുത്തുന്നു.
വിപണിയില്‍ വില കൂപ്പുകുത്തിയതിനെ തുടര്‍ന്നാണ് ഉല്‍പാദനം കുറക്കാനുള്ള തീരുമാനത്തില്‍ ആദ്യം ഒപെക് രാജ്യങ്ങള്‍ എത്തിച്ചേര്‍ന്നത്. പിന്നീട് ഒപെക് ഇതര രാജ്യങ്ങളും കരാറില്‍ ഒപ്പുവെച്ചതോടെ വിപണിയില്‍ അത് മികച്ച രീതിയില്‍ പ്രതിഫലിക്കുകയും ചെയ്തു.
കരാര്‍ നടപ്പിലായി ആദ്യ മാസം തന്നെ ഉല്‍പാദനം കുറക്കുന്നതില്‍ ഇരുകൂട്ടരും വിജയം കൈവരിച്ചതായി പാരീസ് കേന്ദ്രമായ സമിതി വ്യക്തമാക്കി. ഒപെക് ചരിത്രത്തില്‍ തന്നെ ഇതാദ്യമായാണ് ഇത്രയും വലിയ ഉല്‍പാദന കുറവ് രേഖപ്പെടുത്തുന്നതും. പ്രതിദിനം 32 ദശലക്ഷം ബാരല്‍ എണ്ണയാണ് ഒപെക് ഉല്‍പാദനം. ഇതില്‍ ഏതാണ്ട് ഒരു ദശലക്ഷം ബാരലിന്റെ കുറവാണ് പോയ മാസം ഉണ്ടായിരിക്കുന്നത്. സൗദിയാണ് തങ്ങളുടെ ഉല്‍പാദനത്തില്‍ കാര്യമായ കുറവ് വരുത്തിയ ഗള്‍ഫ് രാജ്യം. ഇറാന്‍, ഇറാഖ് രാജ്യങ്ങള്‍ക്ക് തീരുമാനം നടപ്പാക്കുന്നതില്‍ ഇളവ് നല്‍കിയിട്ടുമുണ്ട്.
അടുത്ത ആറ് മാസത്തിനുള്ളില്‍ ഇതേനില തുടര്‍ന്നാല്‍ വിപണിയില്‍ നിരക്കുവര്‍ധന കുറേക്കൂടി ഉയരുമെന്നാണ് പ്രതീക്ഷ. ബാരലിന് 52 ഡോളര്‍ എന്ന നിലവിലെ നിരക്ക് 60 എങ്കിലുമായി ഉയര്‍ത്താന്‍ സാധിച്ചാല്‍ പ്രതിസന്ധി മറികടക്കാന്‍ സാധിക്കുമെന്നു തന്നെ സൗദി അറേബ്യ ഉള്‍പ്പെടെ ഒപെക് രാജ്യങ്ങള്‍ കരുതുന്നു. എന്നാല്‍ സിറിയ, യമന്‍ ഉള്‍പ്പെടെ പശ്ചിമേഷ്യന്‍ പ്രതിസന്ധിയും ഇറാന്‍-അമേരിക്ക അകല്‍ച്ചയും എണ്ണവിപണിയുടെ ഭാവിയില്‍ ഏറെ നിര്‍ണായകമായേക്കും.
Adjust Story Font
16