ബിന്‍ലാദന്‍ ഗ്രൂപ്പിന് സൗദിസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്ക് നീക്കി
ബിന്‍ലാദന്‍ ഗ്രൂപ്പിന് സൗദിസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്ക് നീക്കി
സൌദി സർക്കാരിന് കീഴിലുള്ള പുതിയ കരാറുകള്‍ നല്‍കാനും നിലവിലെ പദ്ധതികള്‍ തുടരാനും സര്‍ക്കാര്‍ അനുമതി നല്‍കിയതായാണ് വിവരം
സൗദിയിലെ പ്രമുഖ നിര്‍മാണ കമ്പനിയായ ബിന്‍ലാദന്‍ ഗ്രൂപ്പിന് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്ക് നീക്കിയതായി പ്രാദേശിക പത്രമായ അല്‍വത്വന്‍ റിപ്പോര്‍ട്ട് ചെയ്തു. സർക്കാരിന് കീഴിലുള്ള പുതിയ കരാറുകള്‍ നല്‍കാനും നിലവിലെ പദ്ധതികള്‍ തുടരാനും സര്‍ക്കാര്‍ അനുമതി നല്‍കിയതായാണ് വിവരം. ഇതോടെ മാസങ്ങളായി കമ്പനി അഭിമുഖീകരിച്ചുകൊണ്ടിരുന്ന സാമ്പത്തിക പ്രശ്നങ്ങൾക്കു ഒരു പരിധിവരെ പരിഹാരമാവമെന്ന് പ്രതീക്ഷ. കമ്പനിക്ക് കീഴിലെ രണ്ടു ലക്ഷത്തോളം തൊളിലാളികള്‍ക്കും പുതിയ തീരുമാനം ആശ്വാസം നൽകും.
കഴിഞ്ഞ ഹജ്ജു വേളയിൽ മക്കയിലെ മസ്ജിദുൽ ഹറാമിലുണ്ടായ ക്രെയിന്‍ ദുരന്തത്തിന്‍റെ പശ്ചാത്തലത്തിലാണ് ഹറം വികസന പദ്ധതിയുടെ കരാറുകാരായ ബിന്‍ലാദന്‍ ഗ്രൂപ്പിന് പുതിയ കരാര്‍ നല്‍കുന്നതിനു സൗദി ഭരണകൂടം വിലക്കേര്‍പ്പെടുത്തിയിരുന്നത്. അതോടൊപ്പം നിലവിലുള്ള പദ്ധതികളില്‍ പൂര്‍ത്തിയാക്കുന്നതില്‍ നിന്നും ബിന്‍ലാദന്‍ ഗ്രൂപ്പിനെ വിലക്കിയിരുന്നു. ഈ രണ്ട് വിലക്കുകളും നീക്കി പുതിയ കരാറുകള്‍ കമ്പനിക്ക് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായാണ് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്.
കമ്പനിക്കു വിലക്ക് വന്നതോടെ പതിനായിരക്കണക്കിന് തൊഴിലാളികള്‍ പ്രയാസത്തിലായിരുന്നു. അധിക പേര്‍ക്കും മാസങ്ങളോളം ശമ്പളം മുടങ്ങി. വേതനം കിട്ടാത്ത തൊഴിലാളികള്‍ പലയിടത്തും അക്രമാസക്തരായി. ക്ഷുഭിതരായ തൊഴിലാളികള്‍ മക്കയില്‍ കമ്പനിയുടെ ഏഴ് ബസുകള്‍ അഗ്നിക്കിരയാക്കി. ജിദ്ദയില്‍ അക്രമാസക്തരായ തൊഴിലാളികള്‍ ഓഫീസിലെത്തി ഫര്‍ണിച്ചറുകളും മറ്റും നശിപ്പിച്ചു. ഇതിനിടെയാണ് ഇവരെ ജോലിയിൽ നിന്നും പിരിച്ചുവിട്ടതായി കമ്പനി അറിയിച്ചത്.
എന്നാൽ തങ്ങൾക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ ലഭിക്കാതെ രാജ്യം വിടില്ലെന്ന നിലപാടിലായിരുന്നു ഉന്നത തസ്തികയിലുള്ളവരടക്കമുള്ള 77,000 തൊഴിലാളികൾ. പ്രശ്നങ്ങള്‍ക്ക് ഉടൻ പരിഹരമുണ്ടാവുമെന്നു കഴിഞ്ഞ ദിവസം തൊഴില്‍ മന്ത്രി ഡോ.മുഹര്‍റജ് ഹഖബാനി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് കമ്പനിക്കേര്‍പ്പെടുത്തിയ നിരോധം സൗദി സര്‍ക്കാര്‍ നീക്കിയതായ പ്രഖ്യാപനം വന്നത്. ജോലി നഷ്ടപെട്ട മലയാളികള്‍ ഉള്‍പ്പെടെയുള്ള പതിനായിരക്കണക്കിനു തൊഴിലാളികൾക്ക് പുതിയ തീരുമാനം ആശ്വാസം പകരും.
Adjust Story Font
16