Quantcast

പുതിയ വായനാ നിയമവുമായി യുഎഇ

MediaOne Logo

admin

  • Published:

    12 Oct 2017 8:49 PM GMT

പുതിയ വായനാ നിയമവുമായി യുഎഇ
X

പുതിയ വായനാ നിയമവുമായി യുഎഇ

പത്ത് വര്‍ഷത്തിനകം രാജ്യത്ത് മികച്ച വായനാശീലമുള്ളവരെ സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ട് യുഎഇയുടെ പുതിയ പദ്ധതി.

പത്ത് വര്‍ഷത്തിനകം രാജ്യത്ത് മികച്ച വായനാശീലമുള്ളവരെ സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ട് യുഎഇയുടെ പുതിയ പദ്ധതി. ഇതിനായി 100 ദശലക്ഷം ദിര്‍ഹത്തിന്റെ ഫണ്ട് വകയിരുത്തി. പദ്ധതിയുടെ ദേശീയനയവും പുറത്തിറക്കി.

ഈ വര്‍ഷം അവസാനത്തോടെ വായനാ നിയമം പാസാക്കാനും ദേശീയ നയത്തിലൂടെ ഉദ്ദേശിക്കുന്നുണ്ട്. അബൂദബി അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ സമാപന ദിനത്തിലാണ് ദേശീയ നയം പ്രഖ്യാപിച്ചത്. പദ്ധതിയിലൂടെ അറബി ഭാഷയില്‍ പുസ്തകങ്ങള്‍ അടക്കം കൂടുതല്‍ വായനാ സാമഗ്രികള്‍ ലഭ്യമാക്കുകയും ലക്ഷ്യമിടുന്നുണ്ട്. വായനയെ പിന്തുണക്കുന്ന രീതിയില്‍ വിദ്യാഭ്യാസ ആരോഗ്യ വിവര പദ്ധതി നടപ്പാക്കും.
അടുത്ത പത്ത് വര്‍ഷത്തിലേക്ക് വായന പ്രോത്സാഹിപ്പിക്കുന്നതിന് ദേശീയ നയം ചൊവ്വാഴ്ച പുറത്തിറക്കിയതായി യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം ട്വിറ്ററിലൂടെ അറിയിച്ചു. യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്‍ ദേശീയ വായന നിയമം നടപ്പാക്കുന്നതിനുള്ള ഒരുക്കങ്ങള്‍ ആരംഭിക്കാന്‍ ഉത്തരവിട്ടിട്ടുള്ളതായും ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് പറഞ്ഞു.

സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളുടെ ഹൃദയമായി വായനയെ മാറ്റുകയാണ് ലക്ഷ്യം. മന്ത്രാലയങ്ങളും സ്ഥാപനങ്ങളും മികച്ച വായനാശീലമുള്ള സ്വദേശി തലമുറയെ വാര്‍ത്തെടുക്കണം. വായനയിലൂടെ കൂടുതല്‍ സഹിഷ്ണുതയുള്ള സമൂഹമായി മാറാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. വായനക്കായി 100 ദശലക്ഷത്തിന്റെ ദേശീയ എന്‍ഡോവ്‌മെന്റും സ്ഥാപിച്ചിട്ടുണ്ട്. ഇതിന്റെ മേല്‍നോട്ടം യുവജന കാര്യ സഹമന്ത്രി ശമ്മ ബിന്‍ത് സുഹൈല്‍ ഫാരിസ് അല്‍ മസ്‌റൂഇക്കായിരിക്കും.

വിദ്യാഭ്യാസ സമ്പ്രദായത്തിലെ മാറ്റങ്ങളും ദേശീയ വായനാ നയത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിദ്യാഭ്യാസ സംവിധാനവും കരിക്കുലവും സ്‌കൂളുകളും ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളെ വായനയിലേക്ക് നയിക്കുന്നതിനുതകുന്ന രീതിയിലായിരിക്കും. വായനാ പദ്ധതിയിലൂടെ സംസ്‌കാരമുള്ള സമൂഹത്തെ സൃഷ്ടിക്കാനും മാറ്റങ്ങള്‍ക്ക് ശേഷിയുള്ളവരായി മാറുന്നതിനും ഭാവിയിലെ നേതാക്കളാകുന്നതിനും എല്ലാ സംസ്‌കാരങ്ങളോടും സഹിഷ്ണുതയുള്ളവരാകുന്നതിനുമുള്ള ശ്രമമാണ് നടത്തുന്നതെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു.

ഈ വര്‍ഷം ഒക്ടോബര്‍ ദേശീയ വായനാ മാസമായി ആചരിക്കും. നേരത്തേ മാര്‍ച്ചാണ് വായനാ മാസമായി ആചരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നത്.

TAGS :

Next Story