ഒമാനില്‍ ഗതാഗത നിയമഭേദഗതിക്ക് അംഗീകാരം
ഒമാനില്‍ ഗതാഗത നിയമഭേദഗതിക്ക് അംഗീകാരം
വാഹനാപകടങ്ങളും ഗതാഗത നിയമ ലംഘനങ്ങളും രാജ്യത്ത് വര്‍ധിച്ച സാഹചര്യത്തിലാണ് നിയമ ഭേദഗതിക്ക് സര്‍ക്കാര്‍ ഒരുങ്ങിയത്
കര്‍ശനമായ ശിക്ഷ വ്യവസ്ഥ ചെയ്യുന്ന ഗതാഗത നിയമഭേദഗതിക്ക് ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് അംഗീകാരം നല്‍കി. വാഹനാപകടങ്ങളും ഗതാഗത നിയമ ലംഘനങ്ങളും രാജ്യത്ത് വര്‍ധിച്ച സാഹചര്യത്തിലാണ് നിയമ ഭേദഗതിക്ക് സര്‍ക്കാര്‍ ഒരുങ്ങിയത്.
റോയല്‍ ഡിക്രി 38/2016 പ്രകാരമാണ് നിലവിലുള്ള ഗതാഗത നിയമത്തിന്റെ ചില ഭാഗങ്ങള്‍ ഭേദഗതി ചെയ്ത് സുല്‍ത്താന്‍ ഉത്തരവിട്ടത്. ഡ്രൈവിങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് കര്‍ശന ശിക്ഷയാണ് പുതിയ ഭേദഗതിയില്‍ വ്യവസ്ഥ ചെയ്യുന്നത് . നിലവില്‍ വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഉപയോഗിക്കുന്നതിന് പിടിക്കപ്പെട്ടാല്‍ പിഴ മാത്രം നല്‍കിയാല്‍ മതി.എന്നാല്‍ ഭേദഗതി പ്രകാരം പിടിക്കപ്പെടുന്നവര്‍ക്കു 300 റിയാല്‍ പിഴയും ഒരു മാസം മുതല്‍ രണ്ടുവര്‍ഷം വരെ നീളുന്ന തടവും ലഭിക്കാവുന്നതാണ് . മൊബൈല്‍ ഉപയോഗം മൂലമുണ്ടാകുന്ന അപകടങ്ങളും അപകട സാധ്യതകളും വിലയിരുത്തിയാകാം തടവിന്റെ ദൈര്‍ഘ്യം ഒരുമാസത്തില്‍ നിന്ന് ഉയര്‍ത്തുന്നത് സംബന്ധിച്ച് കോടതി തീരുമാനമെടുക്കുകയെന്ന് നിയമ വിദഗ്ധര്‍ പറയുന്നു. വാഹനാപകടങ്ങളെ ബോധപൂര്‍വമെന്നും അശ്രദ്ധമൂലവുമെന്ന് വേര്‍തിരിച്ചാകും നടപടികള്‍ എടുക്കുക. അശ്രദ്ധമൂലമുണ്ടാകുന്ന അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേല്‍ക്കുന്ന പക്ഷം 2000 റിയാല്‍ പിഴയും മൂന്നുമാസം മുതല്‍ ഒരു വര്‍ഷം വരെ തടവും ശിക്ഷയായി ലഭിക്കും. പരിക്കിന്റെ ഗുരുതരാവസ്ഥക്ക് അനുസരിച്ചാകും ജയില്‍ശിക്ഷയുടെ കാലാവധി തീരുമാനിക്കുക .വാഹനാപകടങ്ങളും ഗതാഗത നിയമ ലംഘനങ്ങളും രാജ്യത്ത് വര്‍ധിച്ച സാഹചര്യത്തിലാണ് ഗതാഗത നിയമത്തിന്റെ ഭേദഗതിക്ക് സര്‍ക്കാര്‍ ഒരുങ്ങിയത്. ഈ വര്‍ഷമാദ്യം മജ്ലിസുശൂറയില്‍ പാസാക്കി സ്റ്റേറ്റ് കൗണ്‍സിലിലേക്ക് അയച്ച നിയമം സുല്‍ത്താന്‍െറ അംഗീകാരത്തിനായി അയച്ചിരുന്നെങ്കിലും ഭേദഗതികള്‍ വേണമെന്ന് ചൂണ്ടികാട്ടി മജ്ലിസുശൂറയിലേക്ക് തിരിച്ചയച്ചിരുന്നു.
വാഹനാപകടങ്ങളില്‍ രാജ്യത്ത് ഒരു ദിവസം ശരാശരി രണ്ടുപേര്‍ വരെ മരിക്കുന്നതായാണ് ജൂണ്‍ അവസാനം വരെയുള്ള ദേശീയ സ്ഥിതി വിവര മന്ത്രാലയത്തിന്റെ കണക്കുകള്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വാഹനാപകട മരണസംഖ്യയില്‍ 8.4 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായത്. 219 സ്വദേശികളും 117 വിദേശികളുമാണ് ജൂണ്‍ അവസാനം വരെയുള്ള അപകടങ്ങളില്‍ മരിച്ചത്. 55 ശതമാനം അപകടങ്ങളും രാത്രിയാണ് ഉണ്ടായതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. പുതിയ നിയമ ഭേദഗതിയോടെ വര്‍ധിച്ചുവരുന്ന വാഹനാപകടങ്ങളിലും ഗതാഗത നിയമലംഘനങ്ങളിലും കുറവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.
Adjust Story Font
16