Quantcast

നോട്ടുനിരോധം തെളിയിക്കുന്നത് സര്‍ക്കാരിന്റെ സമഗ്രാധിപത്യ പ്രവണത: വെല്‍ഫെയര്‍ പാര്‍ട്ടി

MediaOne Logo

Sithara

  • Published:

    16 Nov 2017 8:13 AM GMT

നോട്ടുനിരോധം ഉള്‍പ്പെടെയുള്ള നടപടികള്‍ കേന്ദ്ര ഭരണകൂടത്തിന്റെ സമഗ്രാധിപത്യ പ്രവണതയാണ് തെളിയിക്കുന്നതെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി കെ അംബുജാക്ഷന്‍

നോട്ടുനിരോധം ഉള്‍പ്പെടെയുള്ള നടപടികള്‍ കേന്ദ്ര ഭരണകൂടത്തിന്റെ സമഗ്രാധിപത്യ പ്രവണതയാണ് തെളിയിക്കുന്നതെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി കെ അംബുജാക്ഷന്‍ ആരോപിച്ചു. സംസ്ഥാന സര്‍ക്കാറിന് കീഴിലും തെറ്റായ നടപടികള്‍ തുടരുന്നത് ആശങ്കാജനകമാണെന്നും അദ്ദേഹം ദുബൈയില്‍ പറഞ്ഞു.

പാര്‍ലമെന്‍റിനെയും മന്ത്രിസഭയെയും പരിഗണിക്കാതെ തികച്ചും സ്വേച്ഛാപരമായ നിലപാടുകളാണ് പ്രധാനമന്ത്രി മോദി തുടരുന്നതെന്ന് അംബുജാക്ഷന്‍ ചൂണ്ടിക്കാട്ടി. നോട്ട് നിരോധത്തിലൂടെ ഇതാണ് തെളിഞ്ഞത്. രാജ്യത്ത് സാമ്പത്തിക അടിയന്തരാവസ്ഥ കൊണ്ടുവരാനുള്ള നീക്കങ്ങള്‍ക്കെതിരെ ജനകീയ ചെറുത്തുനില്‍പ്പ് അനിവാര്യമാണെന്നും പ്രവാസി ഇന്ത്യ ദുബൈ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കവെ അംബുജാക്ഷന്‍ അഭിപ്രായപ്പെട്ടു.

ബദല്‍ രാഷ്ട്രീയ സംസ്കാരം രൂപപ്പെടുത്താനുള്ള വെല്‍ഫെയര്‍ പാര്‍ട്ടിയുടെ നീക്കങ്ങള്‍ക്ക് കേരളത്തിലും പുറത്തും വലിയ പിന്തുണ ലഭിച്ചുവരുന്നതായി പാര്‍ട്ടി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ടി മുഹമ്മദ് വേളം പറഞ്ഞു. പിണറായി വിജയന്‍ സര്‍ക്കാറിന് ചുവടെ പൊലീസ് നടത്തുന്ന പൗരാവകാശ ലംഘനങ്ങള്‍ അപലപിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുഹമ്മദ് ഷമീം അധ്യക്ഷത വഹിച്ചു. ഇ.കെ ദിനേശന്‍ സ്വാഗതം പറഞ്ഞു.

TAGS :

Next Story