കുവൈത്തിൽ വ്യാജ കമ്പനികളെ കണ്ടെത്താൻ പരിശോധന ഊർജ്ജിതം
കുവൈത്തിൽ വ്യാജ കമ്പനികളെ കണ്ടെത്താൻ പരിശോധന ഊർജ്ജിതം
വിവിധ ഗവർണറേറ്റുകളിൽ നടത്തിയ റെയ്‌ഡിൽ വിസക്കച്ചവടത്തിനായി മാത്രം പ്രവർത്തിക്കുന്നതെന്ന് സംശയിക്കുന്ന 843 കമ്പനികൾ കണ്ടെത്തി
കുവൈത്തിൽ വ്യാജ കമ്പനികളെ കണ്ടെത്താൻ മാനവ വിഭവശേഷിവകുപ്പ് പരിശോധന ഊർജിതമാക്കി . വിവിധ ഗവർണറേറ്റുകളിൽ നടത്തിയ റെയ്‌ഡിൽ വിസക്കച്ചവടത്തിനായി മാത്രം പ്രവർത്തിക്കുന്നതെന്ന് സംശയിക്കുന്ന 843 കമ്പനികൾ കണ്ടെത്തി . നിയമലംഘനം ബോധ്യപ്പെട്ടാൽ കമ്പനിയുടമകൾക്കെതിരെ ശക്തമായ നിയമ നടപടികൾ ഉണ്ടാകുമെന്നു മാൻപവർ അതോറിറ്റി അറിയിച്ചു.
ഹവല്ലി, ഫർവാനിയ , കാപ്പിറ്റൽ ഗവർണറേറ്റുകളിൽ ഞായറാഴ്ച വൈകീട്ടായിരുന്നു പരിശോധന. മാൻ പവർ അതോറിറ്റിയിലെ പരിശോധക സസംഘം വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞു മൂന്നു പ്രവിശ്യകളിലും ഒരേ സമയം റെയ്ഡ് നടത്തുകയായിരുന്നു . പരിശോധനയിൽ വിസക്കച്ചവടത്തിനു വേണ്ടി മാത്രം പ്രവർത്തിക്കുന്നതിന്നു സംശയിക്കുന്ന 843 സ്ഥാപനങ്ങളെ കോഡ് 71 ഗണത്തിൽ പെടുത്തുകയും ഫയലുകൾ താൽക്കാലികമായി മരവിപ്പിക്കുകയും ചെയ്തു . കാപ്പിറ്റൽ മേഖലയിൽ 181 ഓഫീസുകളും , ഹവല്ലിയിൽ 314 ഉം ഫർവാനിയയിൽ 348 ഓഫീസുകളുമാണ് ആണ് വിസ ട്രേഡിങ്ങിനായി മാത്രം തുറന്നു പ്രവർത്തിക്കുന്നതായി കണ്ടെത്തിയത് . പ്രസ്തുത കമ്പനികൾക്ക് കീഴിലായി 5911 വിദേശ തൊഴിലാളികൾ രാജ്യത്തു എത്തിയതായും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട് . പരിശോധകർ എത്തുമ്പോൾ മിക്കമ്പനികളുടെയും ഓഫീസുകൾ ഒഴിഞ്ഞു കിടക്കുകയായിരുന്നു . കമ്പനികൾക്കു കീഴിലെത്തിയ മുഴുവൻ തൊഴിലാളികളും മറ്റു പലയിടങ്ങളിലുമായി തൊഴിലെടുക്കുകയാണെന്നും വാണിജ്യപരമോ ഉത്പാദനപരമോ ആയ യാതൊരു ഇടപാടും നടത്താതെ വിസക്കച്ചവടത്തിനു മാത്രമാണ് ഇത്തരം ഓഫീസുകൾ പ്രവർത്തിക്കുന്നതെന്നും മാൻ പവർ അതോറിറ്റി ആക്റ്റിങ് ഡയറക്ടർ അഹമ്മദ് അൽ മൂസ പറഞ്ഞു . വാണിജ്യമന്ത്രാലയം , സിവിൽ ഇൻഫർമേഷൻ അതോറിറ്റി എന്നിവയുമായി ബന്ധപ്പെട്ടു കമ്പനികളുടെ രജിസ്ട്രേഷൻ രേഖകൾ പരിശോധിച്ച് വരികയാണെന്നും. മനുഷ്യക്കടത്തു ബോധ്യപ്പെട്ടാൽ ഉടമകൾക്കെതിരെ ശക്തമായ നിയമനടപടികൾ കൈക്കൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Adjust Story Font
16