Quantcast

ഒമാനില്‍ ഡിസംബറിലെ പണപ്പെരുപ്പം വര്‍ധിച്ചു

MediaOne Logo

Damodaran

  • Published:

    28 Jan 2018 6:00 PM GMT

കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 1.13 ശതമാനം വര്‍ധനയാണിത്. ഗതാഗത നിരക്കിലുണ്ടായ വന്‍ വര്‍ധനയാണ് നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധിക്കാന്‍ കാരണം. ഇന്ധനവിലയിലെ വര്‍ധനവാണ് ഗതാഗത നിരക്കുകള്‍

ഒമാനില്‍ ഡിസംബറിലെ പണപ്പെരുപ്പം വര്‍ധിച്ചു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 1.13 ശതമാനം വര്‍ധനയാണിത്. ഗതാഗത നിരക്കിലുണ്ടായ വന്‍ വര്‍ധനയാണ് നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധിക്കാന്‍ കാരണം. ഇന്ധനവിലയിലെ വര്‍ധനവാണ് ഗതാഗത നിരക്കുകള്‍ വര്‍ധിക്കാന്‍ കാരണമായത്.

ഗതാഗത നിരക്കില്‍ മുന്‍ വര്‍ഷത്തെക്കാള്‍ 9.42 ശതമാനത്തിന്റെ വര്‍ധനവുണ്ടായതായി ദേശീയ സ്ഥിതി വിവര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് പറയുന്നു. വീട്, വെള്ളം, വൈദ്യുതി എന്നീ വിഭാഗങ്ങളില്‍ 0 .58 ശതമാനം വര്‍ധനയുണ്ടായി. റസ്‌റ്റോറന്റ്, ഹോട്ടല്‍ നിരക്കുകള്‍ 0.58 ശതമാനമാണ് വര്‍ധിച്ചത്. വിദ്യാഭ്യാസ ചെലവ് 2.85 ശതമാനവും വീട്ടുപകരണങ്ങളുടെയും വീട്ടലങ്കാര വസ്തുക്കളുടെയും വിഭാഗം 0.62 ശതമാനവും വര്‍ധിച്ചു. ആരോഗ്യ ചെലവില്‍ മുന്‍ വര്‍ഷത്തെക്കാള്‍ 0.66 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായത്. പുകയില ഉല്‍പന്നങ്ങളുടെ വിലയില്‍ വന്‍ വര്‍ധനയാണുണ്ടായത്. 21.88 ശതമാനമാണ് ഈ വിഭാഗത്തില്‍ വര്‍ധിച്ചത്. ഇത് പണപ്പെരുപ്പ നിരക്ക് വര്‍ധിക്കാന്‍ കാരണമാക്കി.

ചെരുപ്പുകള്‍ക്കും വസ്ത്രങ്ങള്‍ക്കും 0.42 ശതമാനം വില കുറഞ്ഞു. വാര്‍ത്താവിനിമയ മേഖലയിലെ ചെലവില്‍ മൂന്ന് ശതമാനത്തിന്റെ കുറവുണ്ടായി. ഭക്ഷണ,പാനീയങ്ങളുടെ വിഭാഗത്തില്‍ മൊത്തം കണക്കെടുക്കുമ്പോള്‍ മൂന്ന് ശതമാനത്തിന്റെ കുറവാണ് ഉണ്ടായത്. പച്ചക്കറിക്ക് 14.52 ശതമാനവും പഴ വര്‍ഗങ്ങളുടെ വില 5.37 ശതമാനവും കുറഞ്ഞു. ബ്രഡ് ഇനങ്ങള്‍ക്ക് 1.12 ശതമാനവും കടല്‍ മത്സ്യങ്ങള്‍ക്ക് 3.29 ശതമാനവും പാല്‍, ചീസ്, മുട്ട ഇനങ്ങള്‍ക്ക് 2.25 ശതമാനവും കുറഞ്ഞിട്ടുണ്ട്. എണ്ണ ,കൊഴുപ്പ് ഉല്‍പന്നങ്ങള്‍ക്ക് 0.15 ശതമാനം വര്‍ധിച്ചു. ഇറച്ചിക്ക് ഉല്‍പന്നങ്ങള്‍ക്ക് 0.21 ശതമാനവും പഞ്ചസാര, ജാം, തേന്‍ എന്നിവക്ക് 0.42 ശതമാനവും വര്‍ധിച്ചിട്ടുണ്ട്. മറ്റ് ഭക്ഷ്യ ഉല്‍പന്നങ്ങള്‍ക്ക് 0.32 ശതമാനം വില കുറവാണുണ്ടായത്. ആല്‍ക്കഹോള്‍ ഇതര പാനീയങ്ങളുടെ വിലയില്‍ 0.77 ശതമാനത്തിന്റെയും വര്‍ധനവുണ്ടായി.

TAGS :

Next Story