ഒമാനിലെ സ്വദേശികൾക്ക് തൊഴിലവസരങ്ങള്‍; നടപടികൾക്ക് ഈ മാസം മുതൽ തുടക്കം
ഒമാനിലെ സ്വദേശികൾക്ക് തൊഴിലവസരങ്ങള്‍; നടപടികൾക്ക് ഈ മാസം മുതൽ തുടക്കം
കഴിഞ്ഞ ഒക്ടോബറിലാണ് മന്ത്രിസഭാ കൗൺസിൽ 25000 തൊഴിലവസരങ്ങൾ ഡിസംബർ മുതൽ ലഭ്യമാക്കുമെന്ന പ്രഖ്യാപനം നടത്തിയത്
ഒമാനിലെ സ്വദേശികൾക്ക് പൊതു, സ്വകാര്യ മേഖലാ സ്ഥാപനങ്ങളിലായി 25000 തൊഴിൽ അവസരങ്ങൾ ലഭ്യമാക്കുന്നതിനുള്ള നടപടികൾക്ക് ഈ മാസം മുതൽ തുടക്കമാകും. കഴിഞ്ഞ ഒക്ടോബറിലാണ് മന്ത്രിസഭാ കൗൺസിൽ 25000 തൊഴിലവസരങ്ങൾ ഡിസംബർ മുതൽ ലഭ്യമാക്കുമെന്ന പ്രഖ്യാപനം നടത്തിയത്. പുതിയ തീരുമാനം നടപ്പിലാക്കുന്നതിന്റെ ഭാഗമായി വിദേശ റിക്രൂട്ട്മെന്റുകളിൽ നിയന്ത്രണം വരുകയും ചെയ്യും.
മന്ത്രിസഭാ കൗൺസിലിന്റെ ചരിത്ര പ്രധാനമായ തീരുമാനം നടപ്പിലാക്കുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി റിക്രൂട്ട്മെന്റ് നടപടികൾ ഉടൻ ആരംഭിക്കുമെന്നും മസ്കത്തിൽ മാധ്യമപ്രവർത്തകരെ അഭിമുഖീകരിച്ച് സംസാരിക്കവേ മാനവ വിഭവശേഷി മന്ത്രി അബ്ദുള്ള ബിൻ നാസർ അൽ ബക്രി പറഞ്ഞു. സർക്കാർ തീരുമാനം നടപ്പിലാക്കാൻ സ്വകാര്യ, സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങൾ മികച്ച പിന്തുണയാണ് വാഗ്ദാനം ചെയ്തതെന്ന് മന്ത്രി പറഞ്ഞു. ആവശ്യമുള്ളതിലുമധികം തൊഴിൽ വാഗ്ദാനങ്ങൾ ലഭ്യമാണ്. തീരുമാനം കാര്യക്ഷമമായി നടപ്പിൽ വരുത്തുന്നതിന്റെ ഭാഗമായി സമ്പദ്ഘടനയുടെ വിവിധ മേഖലകളുടെ തലവൻമാരുമായി ചർച്ചകൾ നടത്തിവരുകയാണ്. യോഗ്യതയും മാനദണ്ഡങ്ങളും ഒത്തുചേരുന്ന സ്വദേശി തൊഴിലന്വേഷകൻ ഉണ്ടെങ്കിൽ ആ തസ്തികയിലേക്ക് വിദേശ തൊഴിലാളികളുടെ റിക്രൂട്ട്മെന്റ് അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു. ഒഴിവ് നികത്താൻ വേണ്ട സ്വദേശികൾ ഇല്ലെങ്കിൽ മാത്രമാകും വിദേശികളെ ജോലിക്കെടുക്കാൻ അനുവദിക്കുകയുള്ളൂ. സ്വദേശികൾക്ക് തൊഴിൽ നൽകുന്നതിന് സ്ഥാപനങ്ങൾ മുന്നോട്ടുവരണം. ബിരുദധാരികളെ തൊഴിലിന് പറ്റാത്തവരെന്ന് പറഞ്ഞ് തള്ളിക്കളയരുത്. അവരെ മതിയായ പരിശീലനത്തിലൂടെ ആ തസ്തികയിലേക്ക് യോഗ്യരാക്കാൻ സ്ഥാപനങ്ങൾ തയാറാകണം മാനവ വിഭവശേഷി മന്ത്രി പറഞ്ഞു.
Adjust Story Font
16