ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് തുടക്കം; അറഫാ സംഗമം നാളെ
ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് തുടക്കം; അറഫാ സംഗമം നാളെ
തല്‍ബിയ്യത്ത് മന്ത്രങ്ങള്‍ ഉരുവിട്ട് ഹാജിമാര്‍ തമ്പുകളുടെ നഗരിയായ മിനയില്‍ എത്തിതുടങ്ങി
ലോക മുസ്ലിംകളുടെ വാര്‍ഷിക മഹാസംഗമമായ ഹജ്ജിന് തുടക്കമായി. തല്‍ബിയ്യത്ത് മന്ത്രങ്ങള്‍ ഉരുവിട്ട് ഹാജിമാര്‍ തമ്പുകളുടെ നഗരിയായ മിനയില്‍ എത്തിതുടങ്ങി. ഇന്നലെ രാത്രിയോടെ ആരംഭിച്ച പ്രയാണം ഉച്ച വരെ തുടരും. ഹജ്ജിന്‍റെ പ്രധാന ചടങ്ങായ അറഫാ സംഗമം നാളെയാണ്.
ദൈവത്തിന്‍റെ വിളിക്ക് ഉത്തരം നല്‍കി ലോകത്തിന്‍റെ നാനാദിക്കുകളില്‍ നിന്ന് എത്തിയ ലക്ഷക്കണക്കിന് വരുന്ന ഹാജിമാര്‍ മിനാ താഴ് വരയിലെത്തി. ഇന്നലെ രാത്രി മുതല്‍ ആരംഭിച്ച ഹാജിമാര്‍ മിനായിലേക്കുള്ള പ്രയാണം ഇന്ന് പുലര്‍ച്ചെയോടെ ശക്തിപ്പെടുകയായിരുന്നു. മിനായിലേക്കുള്ള മുഴുവന്‍ വഴികളും തല്‍ബിയത്ത് മന്ത്രങ്ങളുമായി ഹാജിമാരെക്കൊണ്ട് നിറഞ്ഞു. ബസ്സുകളിലും കാല്‍നടയായുമാണ് ഹാജിമാര്‍ തമ്പുകളിലെത്തിയത്. ഇന്നലെ രാത്രി ഒന്‍പത് മണിക്ക് ശേഷമാണ് ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റിക്ക് കീഴിലുള്ള തീര്‍ഥാടര്‍ മിനായിലേക്ക് നീങ്ങിയത്.
സ്വകാര്യ ഗ്രൂപ്പുകളില്‍ വന്ന ഹാജിമാരില്‍ ഭൂരിഭാഗം പേരും മിനായിലെത്തി കഴിഞ്ഞു. നാളെത്തെ അറഫാ ദിനത്തിലൊഴികെ ഹജ്ജ് അവസാനിക്കുന്ന ദുല്‍ഹജ്ജ് 13 വരെ തീര്‍ഥാടകര്‍ മിനായിലാണ് താമസിക്കുക. നാളെ പുലര്‍ച്ചെ വരെ ദൈവസ്മരണയും ഖുര്‍ആന്‍ പാരായണവും നമസ്കാരവുമായി ഹാജിമാര്‍ തമ്പുകളെ ധന്യമാക്കും. പ്രത്യേക കര്‍മങ്ങള്‍ ഒന്നും ഇന്ന് മിനായില്‍ നിര്‍വഹിക്കാനില്ല. ഹജ്ജിന്‍റെ തയ്യാറെടുപ്പുകള്‍ക്കുള്ള ദിനമാണിന്ന്. തീര്‍ഥാടകര്‍ക്ക് മികച്ച സൌകര്യമാണ് തമ്പുകളിലുള്ളത്. രാത്രിയില്‍ അന്തരീക്ഷം തണുത്തതും ഹാജിമാര്‍ക്ക് വലിയ അനുഗ്രഹമായി. സൌദിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആഭ്യന്തര തീര്‍ഥാടകരും ഇന്ന് മിനായിലെത്തിച്ചേരും.
Adjust Story Font
16