അമേരിക്കയുമായുള്ള ദീര്‍ഘകാല ബന്ധം തുടരുമെന്ന് സൗദി വിദേശകാര്യമന്ത്രി
- Published:
7 April 2018 5:14 AM GMT
അമേരിക്കയുമായുള്ള ദീര്‍ഘകാല ബന്ധം തുടരുമെന്ന് സൗദി വിദേശകാര്യമന്ത്രി
ഊര്‍ജ്ജം, സാമ്പത്തികം പോലുള്ള പൊതുതാല്‍പര്യ വിഷയത്തിലും സൗദിയും അമേരിക്കയും ദീര്‍ഘകാല ബന്ധമാണ് പുലര്‍ത്തുന്നത്...
അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ഭരണമേറ്റ ശേഷവും സൗദിയും അമേരിക്കയും തമ്മിലുള്ള ദീര്‍ഘകാല സൗഹൃദബന്ധം തുടരുമെന്ന് സൗദി വിദേശകാര്യ മന്ത്രി ആദില്‍ ബിന്‍ അഹ്മദ് അല്‍ജുബൈര്‍ പറഞ്ഞു. ഫലസ്തീന്‍ ഇസ്രായേല്‍ സമാധാന ചര്‍ച്ചക്കായി ഫ്രാന്‍സിലെത്തിയ അദ്ദേഹം പാരീസ് സമ്മേളനത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇറാഖ്, സിറിയ, ഇറാന്‍, യമന്‍ തുടങ്ങി മേഖലയിലെ വിഷയങ്ങളില്‍ അമേരിക്കയും സൗദിയും ഒരേ നിലപാടിലാണുള്ളത്. ഐഎസിനെ നിര്‍മാര്‍ജനം ചെയ്യാനുള്ള ശ്രമത്തിലും ഇരു രാജ്യങ്ങളും ഐക്യത്തോടെയാണ് മുന്നേറുന്നത്. ഊര്‍ജ്ജം, സാമ്പത്തികം പോലുള്ള പൊതുതാല്‍പര്യ വിഷയത്തിലും സൗദിയും അമേരിക്കയും ദീര്‍ഘകാല ബന്ധമാണ് പുലര്‍ത്തുന്നത്. ഇത്തരം ബന്ധങ്ങള്‍ ട്രംപിന്റെ ഭരണത്തിലും തുടരുമെന്നാണ് സൗദി പ്രതീക്ഷിക്കുന്നത്.
അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറിയുടെ ചുമതലയേല്‍ക്കുന്ന റെക്‌സ് ടെല്ലഴ്‌സണും ഇറാന്‍ വിഷയത്തില്‍ സൗദിയുടെ നിലപാടും കാഴ്ചപ്പാടുമുള്ള വ്യക്തിയാണ്. സിറിയന്‍ വിഷയത്തില്‍ അസ്താന സമ്മേളനം വഴിത്തിരിവാകുമെന്നും സമ്പൂര്‍ണ വെടിനിര്‍ത്തലിന് വഴിതുറക്കുമെന്ന് അല്‍ജുബൈര്‍ പ്രത്യാശ പ്രകടിപ്പിച്ചു. സിറിയന്‍ പ്രശ്‌നത്തിന് രാഷ്ട്രീയ പരിഹാരത്തിലെത്താന്‍ എല്ലാ കക്ഷികള്‍ക്കും സാധിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Adjust Story Font
16