ഷാര്‍ജ പുസ്തകമേളയില്‍ നിന്നും 45 ലക്ഷം ദിര്‍ഹത്തിന് പുസ്തകം വാങ്ങാന്‍ ഷാർജാ സുൽത്താന്റെ നിർദ്ദേശം
ഷാർജയിലെമ്പാടുമുള്ള വായനശാലകളിൽ ഈ തുക കൊണ്ട് പുസ്തകങ്ങൾ വാങ്ങി വിതരണം ചെയ്യും
അക്ഷര സ്നേഹികൾക്കും പ്രസാധകർക്കും എഴുത്തുകാർക്കും വായനക്കാർക്കും ഒരുപോലെ ആഹ്ലാദവും ആവേശവും പകർന്ന് ഷാർജാ സുൽത്താന്റെ പുതിയ നിർദ്ദേശം. എമിറേറ്റിനെ യു.എ.ഇയുടെ സാംസ്കാരിക തലസ്ഥാനമാക്കി പരിവർത്തിപ്പിച്ച സുപ്രിം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് ആൽ ഖാസിമി 45 ലക്ഷം ദിർഹത്തിന് മേളയിൽ നിന്ന് പുസ്തകങ്ങൾ വാങ്ങാൻ നിർദ്ദേശം നൽകി.
ഷാർജയിലെമ്പാടുമുള്ള വായനശാലകളിൽ ഈ തുക കൊണ്ട് പുസ്തകങ്ങൾ വാങ്ങി വിതരണം ചെയ്യും. പൊതുസ്ഥാപനങ്ങളിൽ വിവര വിനിമയത്തിനും വിജ്ഞാന പ്രചരണത്തിനും പുതിയ വിഭവങ്ങളും സ്രോതസ്സുകളും ഒരുക്കണമെന്ന ഷാർജാ സുൽത്താന്റെ പ്രഖ്യാപിത നയത്തിന്റെ ഭാഗമായാണ് തീരുമാനം.
ഗവേഷകർക്കും ബുദ്ധിജീവികൾക്കും മുതൽ സ്കൂൾ,കോളജ് വിദ്യാർഥികൾക്കു വരെ ഗുണകരമാകുന്ന രീതിയൽ ലൈബ്രറികൾ പുതിയ പുസ്തകങ്ങളാൽ സമ്പന്നമാകും. ഷാർജ ബുക് അതോറിറ്റി മേൽനോട്ടം വഹിക്കുന്ന ഷാർജയിലെ പൊതുവായനശാലകളും ലൈബ്രറികളും നിലവാരവും വൈവിധ്യവുമുള്ള പുസ്തകങ്ങളും ആനുകാലികങ്ങളുടെ ആർകൈവുകളും കൊണ്ട് നേരത്തേ തന്നെ ശ്രദ്ധേയമാണ്. ലൈബ്രറികളെ ശക്തിപ്പെടുത്താനുള്ള ഷാർജ ഭരണാധികാരിയുടെ നീക്കത്തിന് രാജ്യത്തിനകത്തും പുറത്തും നിന്ന് വൻ പിന്തുണയാണ് ലഭിക്കുന്നത്.
Adjust Story Font
16