ഉപരോധം അംഗീകരിക്കാനാവില്ലെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രി
ഉപരോധം അംഗീകരിക്കാനാവില്ലെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രി
മധ്യസ്ഥ നീക്കവുമായെത്തിയ അമേരിക്കക്കും പ്രശ്‌നത്തിന് പരിഹാരം നിര്‍ദ്ദേശിക്കാന്‍ സാധിച്ചിട്ടില്ല
അന്താരാഷ്ട്ര നിയമങ്ങള്‍ പാലിക്കാതെ ഖത്തറിനെതിരെ തുടര്‍ന്നു വരുന്ന ഉപരോധം അംഗീകരിക്കാനാവില്ലെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ഥാനി പറഞ്ഞു. മധ്യസ്ഥ നീക്കവുമായെത്തിയ അമേരിക്കക്കും പ്രശ്‌നത്തിന് പരിഹാരം നിര്‍ദ്ദേശിക്കാന്‍ സാധിച്ചിട്ടില്ല.
ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കുന്നതില്‍ കാര്യമായ ഇടപെടല്‍ ഉണ്ടാകുമെന്ന പ്രതീക്ഷ നല്‍കിയെങ്കിലും, സൗദി അറേബ്യയും ഖത്തറും സന്ദര്‍ശിക്കാനെത്തിയ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി റെകസ് ടില്ലേഴ്സന്റെ ശ്രമങ്ങള്‍ക്ക് അനുകൂലമായ പ്രതികരണങ്ങള്‍ ഉണ്ടാവാത്ത സാഹചര്യത്തിലാണ് ഖത്തര്‍ വിദേശകാര്യ മന്ത്രി നിലപാട് വ്യക്തമാക്കിയത്. നാലുമാസത്തിലധികമായി ഖത്തറിനുമേല്‍ തുടര്‍ന്നു വരുന്ന ഉപരോധത്തെ തങ്ങള്‍ക്ക് അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ദോഹയില്‍ വിദേശകാര്യ മന്ത്രാലയം ആസ്ഥാനത്ത് ടില്ലേഴ്സണുമൈാത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം . അന്താരാഷ്ട്ര നിയമങ്ങള്‍ പോലും അംഗീകരിക്കാത്ത ഉപരോധ രാജ്യങ്ങളുടെ നീക്കം അയല്‍ രാജ്യങ്ങളില്‍ പരന്നു കിടക്കുന്ന അറബ് കുടുംബ ബന്ധങ്ങളെയാണ് ഗുരുതരമായി ബാധിക്കുന്നതെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ജിസിസി ഐക്യം നിലനില്‍ക്കണമെന്ന കുവൈത്തിന്റെ ആഗ്രഹത്തെ വിലമതിക്കുന്ന തങ്ങള്‍ രാജ്യത്തിന്റെ പരാമാധികാരം അടിയറ വയ്ക്കാത്ത ഏത് ചര്‍ച്ചകള്‍ക്കും ഒരുക്കമായിരിക്കുമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയിലും തങ്ങളുടെ നിലപാട് വ്യക്തമാക്കിയതായി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ഥാനി പറഞ്ഞു.
Adjust Story Font
16