Quantcast

പുതിയ പദ്ധതികളുമായി സൌദി തൊഴില്‍ മന്ത്രാലയം

MediaOne Logo

admin

  • Published:

    26 April 2018 2:27 AM GMT

പുതിയ പദ്ധതികളുമായി സൌദി തൊഴില്‍ മന്ത്രാലയം
X

പുതിയ പദ്ധതികളുമായി സൌദി തൊഴില്‍ മന്ത്രാലയം

സൗദി തൊഴില്‍ വകുപ്പ് നടപ്പാക്കുന്ന എല്ലാ പദ്ധതികളും വിഷന്‍ 2030ന്റെ പൂര്‍ത്തീകരണത്തിനുള്ള നടപടികളായിരിക്കുമെന്ന് മന്ത്രി പറഞ്ഞു.

സൌദി തൊഴില്‍ മന്ത്രാലയത്തിന്റെ വിവിധ പദ്ധതികള്‍ മന്ത്രി ഡോ മുഫറ്രജ് അല്‍ ഹഖബാനി പ്രഖ്യാപിച്ചു. സൗദി തൊഴില്‍ വകുപ്പ് നടപ്പാക്കുന്ന എല്ലാ പദ്ധതികളും വിഷന്‍ 2030ന്റെ പൂര്‍ത്തീകരണത്തിനുള്ള നടപടികളായിരിക്കുമെന്ന് മന്ത്രി പറഞ്ഞു. തൊഴില്‍ മന്ത്രാലയത്തിന്റെ വിവിധ പുതിയ പദ്ധതികളും അദ്ദേഹം ഉദ്ഘാടനം ചെയ്തു.

സൗദി സ്വകാര്യ മേഖലയിലെ സ്വദേശികളുടെ അനുപാതം വര്‍ധിപ്പിക്കുക, സ്വദേശി തൊഴിലാളികളുടെ നിലവാരം മെച്ചപ്പെടുത്തുക, തൊഴിലന്വേഷകര്‍ക്ക് ഓണ്‍ലൈന്‍ സംവിധാനമായ ഇ-ഗെയ്റ്റ് ആരംഭിക്കുക, സ്വദേശികളെ നിയമിക്കുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് സാമ്പത്തിക സഹായം ഉള്‍പ്പെടെയുള്ള പിന്തുണ നല്‍കുക, വിദേശികളുടെ നിയമനത്തിന് വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കാതിരിക്കുക, നിതാഖാത്തിന്റെ പുതിയ ഘട്ടം നടപ്പാക്കുക എന്നിവയാണ് തൊഴില്‍ വകുപ്പിന്റെ പുതിയ പദ്ധതികള്‍.

വിഷന്‍ 2030ന്റെ ഭാഗമായി നടപ്പാക്കുന്ന, സൗദിയുടെ അടുത്ത 15 വര്‍ഷത്തെ പദ്ധതികള്‍ക്ക് യോജിച്ച പദ്ധതികളാണ് തൊഴില്‍ മന്ത്രാലയവും നടപ്പാക്കുകയെന്ന് ഡോ.മുഫറ്രജ് അല്‍ ഹഖബാനി പറഞ്ഞു. മാനവവിഭവശേഷി ഫണ്ട് (ഹദഫ്), വൊക്കേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷൂറന്‍ (ഗോസി) എന്നിവയുടെ മേധാവികളും ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു.

സ്വദേശി യുവാക്കള്‍ക്ക് സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നതായി ഹദഫ് മേധാവി ഡോ. അബ്ദുല്‍ കരീം അന്നുജൈദി പറഞ്ഞു. പ്രമുഖ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് തൊഴില്‍പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് അംഗീകൃത സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാനാണ് മന്ത്രാലയത്തിന്റെ തീരുമാനം. തൊഴില്‍ വിപണിക്ക് ആവശ്യമായ തരത്തില്‍ യുവാക്കളെ പ്രാപ്തരാക്കാനുള്ള പരിശീലനവും സ്ത്രീകള്‍ക്കും പ്രത്യേക വിഭാഗങ്ങള്‍ക്കും വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള പദ്ധതിയും സന്തുലിത നിതാഖാത്തിന്റെ ഭാഗമായി പ്രാബല്യത്തില്‍ വരുമെന്ന് തൊഴില്‍ സഹമന്ത്രി അഹ്മദ് അല്‍ഹുമൈദാന്‍ പറഞ്ഞു.

TAGS :

Next Story