പ്രചരണ വഴിയില്‍ വ്യത്യസ്തതയുമായി കുവൈത്തില്‍ ഒരു സ്ഥാനാര്‍ഥി
സ്വദേശിയെന്നും വിദേശിയെന്നുമുള്ള വിവേചനം തെറ്റാണെന്നാണ് രണ്ടാം നിയോജക മണ്ഡലത്തിൽ നിന്നുള്ള സ്ഥാനാർത്ഥിയുടെ നിലപാട്.
പ്രചരണ വഴിയിൽ വ്യത്യസ്തതയുമായി കുവൈത്തിൽ ഒരു സ്ഥാനാർഥി. പാർലമെന്റ് തെരഞ്ഞെടുപ്പിൽ ജനവിധി തേടുന്ന ഹുസ്സൈൻ ഫരിദൂൻ ആണ് പ്രചരണ രീതിയിലും നിലപാടുകളിലും സ്ഥാനാർഥികൾക്കിടയിൽ വ്യത്യസ്തനാകുന്നത്. സ്വദേശി വോട്ടർമാരെ ലക്ഷ്യം വെച്ചുള്ളവ മാത്രമല്ല ശാസ്ത്രജ്ഞൻ കൂടിയായ ഇദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ. സ്വദേശിയെന്നും വിദേശിയെന്നുമുള്ള വിവേചനം തെറ്റാണെന്നാണ് രണ്ടാം നിയോജക മണ്ഡലത്തിൽ നിന്നുള്ള സ്ഥാനാർത്ഥിയുടെ നിലപാട്.
വോട്ടവകാശമുള്ള സ്വദേശികള്‍ക്ക് വേണ്ടി മാത്രമല്ല രാജ്യത്തു കഴിയുന്ന വിദേശികളുടെ അവകാശങ്ങള്‍ക്കു വേണ്ടിയും ശബ്ദിക്കുമെന്നാണ് രണ്ടാം മണ്ഡലത്തിൽ നിന്നുള്ള സ്ഥാനാർഥിയായ ഹുസൈൻ സർദാർ അൽ ഫരിദൂന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനം. വിദേശികളുടെ സഹായമില്ലാതെ കുവൈത്തിൽ ജീവിക്കാനാവില്ലെന്നും സ്വദേശികള്‍ ചെയ്യാത്ത തൊഴില്‍ മേഖലകളില്‍ വിദേശ തൊഴിലാളികളുടെ സേവനം വിലമതിക്കാനാവാത്തതാണെന്നും ഫാരിദൂൻ ചൂണ്ടിക്കാട്ടുന്നു. ആരോഗ്യമേഖലയിൽ ഒരിക്കലും സ്വദേശി വിദേശി വിവേചനം പാടില്ലെന്നാണ് ഇദ്ദേഹത്തിന്റെ നിലപാട്. ആശുപത്രിയിലെത്തുന്ന രോഗികള്‍ ഏത് രാജ്യത്തെ പൗരനാണെന്നത് പരിഗണിക്കാനേ പാടില്ല. ഗ്രന്ഥകാരൻ കൂടിയായ ഇദ്ദേഹത്തിന്റെ പുസ്തകങ്ങളിലും വിദേശി അനുകൂല നിലപാട് കാണാം. അഞ്ചുവര്‍ഷം ജോലിചെയ്യുന്ന വിദേശികള്‍ക്ക് 10 മുതല്‍ 15 ശതമാനം വരെ ശമ്പള വര്‍ധന നല്‍കണം. 10 വര്‍ഷം രാജ്യത്ത് താമസിച്ചാല്‍ സ്പോണ്‍സര്‍ ഇല്ലാതെ തന്നെ ജോലി ചെയ്യാന്‍ അനുവദിക്കണം തുടങ്ങിയ നിർദേശങ്ങളാണ് സ്ഥാനാർഥി മുന്നോട്ടു വെക്കുന്നത്. പ്രചരണ ടെന്റു സ്ഥാപിക്കാതെ സാമൂഹ്യമാധ്യമങ്ങളെ മാത്രം ആശ്രയിച്ചാണ് ഇദ്ദേഹം വോട്ടഭ്യർത്ഥന നടത്തുന്നത്. പരിസ്ഥിതിക്ക് ദോഷം ചെയ്യുന്നതും ഗതാഗതക്കുരുക്കുണ്ടാക്കുന്നതുമായ പ്രചരണങ്ങളില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കുന്നു എന്ന മറുപടിയിലൂടെയാണ് ഹുസൈൻ ഫരീദൂന്‍ തന്റെ നിലപാടിനെ ന്യായീകരിക്കുന്നത്.
Adjust Story Font
16