ഗൾഫിലേക്കുള്ള ഇന്ത്യക്കാരുടെ കുടിയേറ്റം മാറ്റമില്ലാതെ തുടരുന്നതായി യു.എൻ റിപ്പോർട്ട്
ഗൾഫിലേക്കുള്ള ഇന്ത്യക്കാരുടെ കുടിയേറ്റം മാറ്റമില്ലാതെ തുടരുന്നതായി യു.എൻ റിപ്പോർട്ട്
അമ്പതു ലക്ഷം ഇന്ത്യക്കാർ ഇപ്പോൾ തന്നെ ഗൾഫിലുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.
പ്രതികൂല രാഷ്ട്രീയ, സാമ്പത്തിക സാഹചര്യത്തിലും ഗൾഫിലേക്കുള്ള ഇന്ത്യക്കാരുടെ കുടിയേറ്റം മാറ്റമില്ലാതെ തുടരുന്നതായി യു.എൻ റിപ്പോർട്ട്. അമ്പതു ലക്ഷം ഇന്ത്യക്കാർ ഇപ്പോൾ തന്നെ ഗൾഫിലുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. യു.എ.ഇയിൽ ആണ് ഏറ്റവും കൂടുതൽ ഇന്ത്യക്കാരുള്ളത്.
പുറം രാജ്യങ്ങളിലേക്ക് ചേക്കേറുന്നവരിൽ ഏറ്റവും കൂടുതൽ ഇന്ത്യക്കാർ തന്നെയാണെന്ന് കുടിയേറ്റം സംബന്ധിച്ച യു.എന്നിന്റെ ഏറ്റവും പുതിയ റിപ്പോർട്ടും അടിവരയിടുന്നു. 2017ലെ യുഎന്നിന്റെ രാജ്യാന്തര കുടിയേറ്റ റിപ്പോർട്ടാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 17 ദശലക്ഷം ഇന്ത്യക്കാരാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ഉപജീവനം തേടുന്നത്. യു.എ.ഇയെ മാറ്റി നിർത്തിയാൽ ഗൾഫിൽ ഏറ്റവും കൂടുതൽ ഇന്ത്യക്കാർ ജീവിക്കുന്നത് സൗദി അറേബ്യയിലാണ്. അമേരിക്കയിലും രണ്ട് ദശലക്ഷം ഇന്ത്യക്കാരുണ്ടന്ന് റിപ്പോർട്ട് പറയുന്നു.
മെക്സിക്കോ, റഷ്യ, ചൈന, ബംഗ്ലദേശ്, സിറിയ, പാകിസ്താൻ, യുക്രെയ്ൻ തുടങ്ങിയ രാജ്യങ്ങളാണ് കുടിയേറ്റക്കാരുടെ പട്ടികയിൽ ഇന്ത്യക്കു തൊട്ടുപിന്നിൽ.
ലോകത്ത് മാതൃരാജ്യം വിട്ട് മറ്റു ഇതരരാജ്യങ്ങളിൽ ചേക്കേറിയവരുടെ എണ്ണം 258 ദശലക്ഷമാണ്. 2000ന് ശേഷം ഏതാണ്ട് 49 % വർധന. 2030 ൽ ലക്ഷ്യമിടുന്ന സുസ്ഥിര വികസനത്തിന്റെ വലിയ വെല്ലുവിളികളിൽ ഒന്നാണ് കുടിയേറ്റമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടി. രാജ്യാന്തര കുടിയേറ്റം ചില രാജ്യങ്ങളുടെ ജനസംഖ്യയിൽ വർധനയുണ്ടാക്കുന്നുണ്ടെങ്കിൽ ചില രാജ്യങ്ങൾക്ക് ഇത് തിരിച്ചടിയാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടി.
Adjust Story Font
16