മുവാസലാത്ത് ഈ വർഷം അവസാനത്തോടെ സ്മാർട്ടാകും
മുവാസലാത്ത് ഈ വർഷം അവസാനത്തോടെ സ്മാർട്ടാകും
ഈ വർഷം അവസാനത്തോടെയോ അടുത്ത വർഷം ആദ്യത്തോടെയോ ബസുകൾ 'സ്മാർട്ട്' ആക്കുകയാണ് ലക്ഷ്യം
ഒമാനിലെ ദേശീയ പൊതുഗതാഗത കമ്പനിയായ മുവാസലാത്ത് ഈ വർഷം അവസാനത്തോടെ സ്മാർട്ടാകും. യാത്രക്കാരുടെ സുരക്ഷയും പൊതുഗതാഗത സംവിധാനത്തിന്റെ പ്രവർത്തനമികവ് വർധിപ്പിക്കാനും സഹായിക്കുന്ന ഇന്റലിജന്റ് ഗതാഗത സംവിധാനം ബസുകളിൽ സ്ഥാപിക്കുന്നത് സംബന്ധിച്ച നടപടികൾ ആരംഭിച്ചതായി സി.ഇ.ഒ അഹമ്മദ് അൽ ബലൂഷി പറഞ്ഞു.
ഈ വർഷം അവസാനത്തോടെയോ അടുത്ത വർഷം ആദ്യത്തോടെയോ ബസുകൾ 'സ്മാർട്ട്' ആക്കുകയാണ് ലക്ഷ്യം. ഇത് സ്ഥാപിക്കുന്നതോടെ യാത്രക്കാർക്ക് ബസ് ചാർജ് സ്മാർട്ട് കാർഡ് മുഖേനയും മൊബൈൽ ഫോൺ മുഖേനയുമെല്ലാം അടക്കാൻ സാധിക്കും. ഒരു റൂട്ടിൽ യാത്രക്കാരുടെ എണ്ണത്തിൽ പെട്ടെന്ന് വർധനവ് ഉണ്ടായാൽ ആ വിവരം ഗതാഗത നിയന്ത്രണ സംവിധാനത്തിന് കൈമാറാൻ ഐ.ടി.എസ് സംവിധാനത്തിന് സാധിക്കും. വാഹനങ്ങൾ എവിടെയെത്തി എന്നതിന് ഒപ്പം എത്തിചേരുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന സമയവും മൊബൈൽ ഉപകരണങ്ങളിൽ ലഭ്യമാക്കാനും സാധിക്കും. സർവീസുകളുടെ കാര്യക്ഷമത ഉറപ്പാക്കാനും യാത്രക്കാരുടെയും ഡ്രൈവറുടെയും പെരുമാറ്റങ്ങൾ നിരീക്ഷിക്കാനും യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പുവരുത്താനും ഐ.ടി.എസ് സംവിധാനം വഴി സാധ്യമാകുമെന്നും സി.ഇ.ഒ അഹമ്മദ് അൽ ബലൂഷി പറഞ്ഞു.
98 പുതിയ ബസുകൾ ഈ വർഷം അവസാനത്തോടെയോ അടുത്ത വർഷം ആദ്യത്തോടെയോ നിരത്തിലിറക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും സി.ഇ.ഒ പറഞ്ഞു. ഈ വർഷത്തിന്റെ ആദ്യ മാസങ്ങളിൽ 22ലക്ഷം യാത്രക്കാരാണ് മുവാസലാത്ത് സർവീസുകളിൽ യാത്ര ചെയ്തത്.
Adjust Story Font
16