കുവൈത്തിൽ അനധികൃത താമസക്കാർക്ക് അനുവദിച്ച പൊതുമാപ്പ് അവസാനിക്കാൻ ഇനി രണ്ടാഴ്ച
കുവൈത്തിൽ അനധികൃത താമസക്കാർക്ക് അനുവദിച്ച പൊതുമാപ്പ് അവസാനിക്കാൻ ഇനി രണ്ടാഴ്ച
അനധികൃത താമസക്കാരിൽ ഒരു ലക്ഷത്തിനടുത്തുള്ളവര്‍ ഇനിയും ഇളവുകാലം ഉപയോഗപ്പെടുത്തിയിട്ടില്ലെന്നാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്
കുവൈത്തിൽ അനധികൃത താമസക്കാർക്ക് അനുവദിച്ച പൊതുമാപ്പ് അവസാനിക്കാൻ ഇനി രണ്ടാഴ്ച മാത്രം . അനധികൃത താമസക്കാരിൽ ഒരു ലക്ഷത്തിനടുത്തുള്ളവര്‍ ഇനിയും ഇളവുകാലം ഉപയോഗപ്പെടുത്തിയിട്ടില്ലെന്നാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത് . താമസരേഖകൾ ഇല്ലാത്ത മുഴുവൻ ഇന്ത്യാക്കാരും പൊതുമാപ്പ് ഉപയോഗപ്പെടുത്തണമെന്ന് എംബസി അഭ്യർത്ഥിച്ചു.
താമസകാര്യ വകുപ്പിന്റെ കണക്കനുസരിച്ച് 1,54,000 അനധികൃതർ താമസക്കാരാണ് പൊതുമാപ്പ് പ്രഖ്യാപിക്കുമ്പോൾ രാജ്യത്തുണ്ടായിരുന്നത് . ഇതിൽ അമ്പതിനായിരത്തിൽ പരം ആളുകളാണ് പൊതുമാപ്പിന്റെ ആനുകൂല്യം ഇതുവരെ പ്രയോജനപ്പെടുത്തിയത് . അതായത് ഒരു ലക്ഷത്തിലധികം പേർ ഇപ്പോഴും അനധികൃതരായി തന്നെ കഴിയുകയാണെന്നു സാരം . ഏപ്രിൽ 22 വരെയാണ് പൊതുമാപ്പ് കാലാവധി. ഏഴുവർഷത്തെ ഇടവേളയ്ക്കു ശേഷം ജനുവരി 29 മുതലാണ് കുവൈത്ത് താമസ നിയമലംഘകർക്ക് പൊതുമാപ്പ് അനുവദിച്ചത്. അനധികൃതതാമസക്കാർക്കു പിഴയോ ശിക്ഷയോ കൂടാതെ രാജ്യം വിടാനും പിഴയടച്ച് രേഖകൾ ശരിയാക്കാനും ആദ്യം 25 ദിവസത്തെ ഇളവാണ് അനുവദിച്ചത് . വിവിധ എംബസികളുടെ അഭ്യർഥനയെ തുടർന്ന് പിന്നീട് രണ്ടുമാസം കൂടി നീട്ടുകയായിരുന്നു. ആദ്യ ദിവസങ്ങളിൽ വിദേശ എംബസികളിലും താമസകാര്യ വകുപ്പ് ആസ്ഥാനത്തും വൻ തിരക്കായിരുന്നു അനുഭവപ്പെട്ടത്.
എന്നാൽ ഇളവ് കാലം നീട്ടിയതോടെ തിരക്ക് കുറഞ്ഞു . 27000 ഇന്ത്യക്കാർ അനധികൃത താമസക്കാരായുണ്ടെന്നായിരുന്നു കണക്കുകൾ എന്നാൽ ഇവരിൽ പകുതിയിൽ താഴെ മാത്രമാണ് ഇതുവരെ പൊതുമാപ്പ് പ്രയോജനപ്പെടുത്തി രേഖകൾ ശരിയാക്കുകയോ തിരിച്ചു പോവുകയോ ചെയ്തത്. . പൊതുമാപ്പ് കാലം കഴിഞ്ഞാൽ അനധികൃത താമസക്കാരെയും നിയമലംഘകരെയും പിടികൂടാൻ വ്യാപക പരിശോധനയുണ്ടാകുമെന്നു ആഭ്യന്തരമന്ത്രാലയത്തിന്റെ മുന്നറിയിപ്പുണ്ട് . പൊതുമാപ്പ് ഉപയോഗപ്പെടുത്തി നാട്ടിലേക്ക് പോകുന്നവരെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തില്ലെന്നും റെയ്ഡിൽ പിടിക്കപ്പെടുന്നവരെ ഒരിക്കലും തിരിച്ചുവരാൻ കഴിയാത്ത വിധം ഫിംഗർ പ്രിന്റ് എടുത്തു നാടുകടത്തുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
Adjust Story Font
16