കുവൈത്തുകാര്‍ പെരുന്നാള്‍ വിപണിയില്‍ ചെലവാക്കിയത് കോടികള്‍
കുവൈത്തുകാര്‍ പെരുന്നാള്‍ വിപണിയില്‍ ചെലവാക്കിയത് കോടികള്‍
രാജ്യത്തെ പ്രധാന ഇലക്ട്രോണിക് പേയ്‌മെന്റ് സംവിധാനമായ കെ നെറ്റ് വഴി മാത്രം 14.2 കോടി ദിനാർ ചെലവഴിക്കപ്പെട്ടു
കുവൈത്ത് നിവാസികൾ അവധിക്കാലത്ത് പെരുന്നാൾ വിപണിയില്‍ ചെലവാക്കിയത് കോടികളാണ്. രാജ്യത്തെ പ്രധാന ഇലക്ട്രോണിക് പേയ്‌മെന്റ് സംവിധാനമായ കെ നെറ്റ് വഴി മാത്രം 14.2 കോടി ദിനാർ ചെലവഴിക്കപ്പെട്ടതായി കെ നെറ്റ് കമ്പനി വെളിപ്പെടുത്തി.
ക്രൂഡോയില്‍ വിലയിടിവിനെ തുടര്‍ന്ന് പൊതുവിലുണ്ടായ സാമ്പത്തിക ഞെരുക്കമൊന്നും പെരുന്നാൾ വിപണിയില്‍ പ്രതിഫലിച്ചില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കെ നെറ്റിന്റെ ചീഫ് എക്സിക്യുട്ടിവ് ഓഫിസര്‍ അബ്ദുല്ല അല്‍ അജ്മി പുറത്തുവിട്ട കണക്കു പ്രകാരം 14.2 കോടി ദിനാർ ആണ് അവധി നാളുകളിൽ രാജ്യനിവാസികൾ ഷോപ്പിംഗിനായി ഒടുക്കിയത്. സാധനങ്ങളും സേവനങ്ങളും വാങ്ങിയതിന്റെയും ബാങ്കുകളിൽ നിന്ന് പണം പിൻവലിച്ചതിന്റെയും വിശദാംശങ്ങളാണ് കെ നെറ്റ് അധികൃതർ പുറത്തു വിട്ടത്. മറ്റ് ചാനലുകളിലൂടെ ചെലവഴിക്കപ്പെട്ട പണം കൂടി കണക്കാക്കുമ്പോള്‍ ഇതിന്റെ എത്രയോ ഇരട്ടി വരും.
പെരുന്നാളിന്റെ തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ മാളുകള്‍ ഉള്‍പ്പെടെ വ്യാപാര സ്ഥാപനങ്ങളില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. പല സ്ഥാപനങ്ങളും പെരുന്നാൾ വിപണി ലക്ഷ്യമിട്ടു ആകർഷകങ്ങളായ ഓഫറുകൾ പ്രഖ്യാപിച്ചിരുന്നു. ഓണവും പെരുന്നാളും ഒരുമിച്ച് വന്നതോടെ മലയാളികളും വിപണിയെ സജീവമാക്കി. രണ്ടു ഉത്സവകാലങ്ങൾ വന്നതിനാൽ മണി എക്സ്ചേഞ്ചുകളിലും മലയാളികളുടെ തിരക്ക് പ്രകടമായിരുന്നു.
Adjust Story Font
16