ശിഹാബ് തങ്ങള്‍ സ്മാരക ഡയാലിസിസ് സെന്റര്‍ വൃക്കരോഗം മുന്‍കൂട്ടി കണ്ടെത്തുന്നതിനുള്ള കേന്ദ്രമാക്കും
ശിഹാബ് തങ്ങള്‍ സ്മാരക ഡയാലിസിസ് സെന്റര്‍ വൃക്കരോഗം മുന്‍കൂട്ടി കണ്ടെത്തുന്നതിനുള്ള കേന്ദ്രമാക്കും
കോണ്ടോട്ടി ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ 2015 ഏപ്രില്‍ 3ന് പത്തു മെഷീനുകളുമായി പ്രവര്‍ത്തനമാരംഭിച്ചതാണ് ശിഹാബ് തങ്ങള്‍ സ്മാരക ഡയാലിസിസ് സെന്റര്‍
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയിൽ പ്രവർത്തിക്കുന്ന ശിഹാബ് തങ്ങള്‍ സ്മാരക ഡയാലിസിസ് സെന്റര്‍ വൃക്കരോഗം മുന്‍കൂട്ടി കണ്ടെത്തുന്നതിനും രോഗ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള കേന്ദ്രം കൂടിയാക്കുമെന്ന് ചെയര്‍മാന്‍ പി.എ ജബ്ബാര്‍ ഹാജി പറഞ്ഞു. ജിദ്ദയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സെന്ററിന് സ്വന്തമായ കെട്ടിട നിര്‍മാണം പൂര്‍ത്തിയായി വരികയാണെന്നും അദ്ദേഹം പറഞ്ഞു.
കോണ്ടോട്ടി ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ 2015 ഏപ്രില്‍ 3ന് പത്തു മെഷീനുകളുമായി പ്രവര്‍ത്തനമാരംഭിച്ചതാണ് ശിഹാബ് തങ്ങള്‍ സ്മാരക ഡയാലിസിസ് സെന്റര്‍. സ്ഥാപനത്തില്‍ നിലവിൽ 16 മെഷീനുകളിലായി 78 പേര്‍ ദിനം പ്രതി ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുന്നു. ഇതുവരെ 27,000 സൗജന്യ ഡയാലിസിസ് ചെയ്തുകൊടുക്കാൻ സ്ഥാപനത്തിന് സാധിച്ചു. ഡയാലിസിസ് സെന്റര്‍ എന്നതിലുപരി ഇന്ത്യയിലെ തന്നെ വൃക്ക രോഗ നിവാരണ പ്രവര്‍ത്തനങ്ങളുടെ ആസ്ഥാന മന്ദിരം എന്നതാണ് ലക്ഷ്യം.
നൂതന മെഷീനുകളും അനുബന്ധ സൗകര്യങ്ങളും നെഫ്രോളജിസ്റ്റുകളും സാങ്കേതിക വിദഗ്ധരുടെയും കീഴിലാണ് സെന്റര്‍ പ്രവര്‍ത്തിച്ചു വരുന്നത്. വൃക്കരോഗം മുന്‍കൂട്ടി കണ്ടെത്തി ഡയാലിസിസിലേക്ക് എത്താതിരിക്കാനുളള സംവിധാനങ്ങള്‍, രോഗികള്‍ക്കും കൂട്ടിന് വരുന്നവര്‍ക്കുമായി തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍, മൊബൈല്‍ ലബോറട്ടറി, സൗജന്യ ക്ലിനിക്ക് തുടങ്ങിയവയെല്ലാം പുതിയ കേന്ദ്രത്തിന്റെ ഭാഗമായി ആരംഭിക്കും. സെന്ററിന് പ്രതിമാസം പതിമൂന്ന് ലക്ഷം രൂപ നിലവിൽ ചെലവ് വരുന്നുണ്ട്. വിവിധ രൂപത്തിൽ വിഭവ സമാഹരണ യജ്ഞങ്ങളിലൂടെയാണ് ആവശ്യമായ പണം കണ്ടെത്തുന്നത്. പൊതുസമൂഹത്തിൽ നിന്നും കേന്ദ്രത്തിനു ശക്തമായ പിന്തുണ ലഭിക്കുന്നുണ്ടെന്നും തുടർന്നും അത് പ്രതീക്ഷിക്കുന്നതായും പി.എ ജബ്ബാര്‍ ഹാജി പറഞ്ഞു. സി.കെ ഷാക്കിര്‍, ഇസ്മാഈല്‍ മുണ്ടക്കുളം, നഹ്ദി ബാബു, നാസര്‍ ഒളവട്ടൂര്‍ തുടങ്ങിയവരും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.
Adjust Story Font
16