ഹജ്ജ് സുരക്ഷക്കായി ഏര്‍പ്പെടുത്തിയത് മൂന്ന് ലക്ഷത്തോളം ജീവനക്കാരെ
ഹജ്ജ് സുരക്ഷക്കായി ഏര്‍പ്പെടുത്തിയത് മൂന്ന് ലക്ഷത്തോളം ജീവനക്കാരെ
ലക്ഷക്കണക്കിന് തീര്‍ഥാടകര്‍ക്ക് സുരക്ഷിതമായി ഹജ്ജ് പൂര്‍ത്തിയാക്കാനായതിന് പ്രധാന കാരണം പഴുതടച്ച സുരക്ഷ സംവിധാനമായിരുന്നു
ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നെത്തിയ ലക്ഷക്കണക്കിന് തീര്‍ഥാടകര്‍ക്ക് സുരക്ഷിതമായി ഹജ്ജ് പൂര്‍ത്തിയാക്കാനായതിന് പ്രധാന കാരണം പഴുതടച്ച സുരക്ഷ സംവിധാനമായിരുന്നു. മൂന്ന് ലക്ഷത്തോളം ജീവനക്കാരെയാണ് സുരക്ഷക്കും സേവനത്തിനുമായി നിയമിച്ചത്. അയ്യായിരത്തിലധികം കാമറകളാണ് തീര്‍ഥാടകരുടെ ഓരോ ചലനങ്ങളും സൂക്ഷ്മമായി നിരീക്ഷിച്ചത്. ഹജ്ജ് അവസാനിച്ചെങ്കിലും തീര്‍ഥാടകര്‍മ മടങ്ങുന്നതു വരെ കാമറാ നിരീക്ഷണം തുടരും.
19 ലക്ഷത്തോളം തീര്‍ഥാടകര്‍ക്ക് സുരക്ഷിതമായി ഉംറയും ഹജ്ജും നിര്‍വഹിക്കാന്‍ കണ്ണിമ ചിമ്മാതെ സുരക്ഷയൊരുക്കിയത് ആഭ്യന്തര വകുപ്പിന് കീഴിലെ പൊതുസുരക്ഷ വിഭാഗമാണ്. ആറ് സുരക്ഷാ വിഭാഗങ്ങാണ് ഹജ്ജിന് സുരക്ഷ ഒരുക്കിയത്. മക്ക നഗരം, ഹറം, മിനാ, മുസ്ദലിഫ, അറഫ, ചെക്പോയന്‍റുകള്‍ തുടങ്ങിയ പ്രദേശങ്ങളുടെ ഓരോ അനക്കങ്ങളും അധികൃതര്‍ തത്സമയം അറിയുന്നുണ്ടായിരുന്നു. ഇതിനായി പുണ്യഭൂമിയുടെ വിവിധ ഭാഗങ്ങളില്‍ 5484 സി.സി.ടി.വി കാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. ഈ കാമറകള്‍ നല്‍കുന്ന ദൃശ്യങ്ങള്‍ മിനായിലെ പൊതുസുരക്ഷ വിഭാഗത്തിന്റെ ആസ്ഥാന മന്ദിരത്തില്‍ സജ്ജീകരിച്ച അത്യാധുനിക കണ്‍ട്രോള്‍ റൂമിലിരുന്ന് നിയന്ത്രിക്കുന്നു.
ഹജ്ജ് സീസണില്‍ 24 മണിക്കൂറും തീര്‍ഥാടകരുടെ സൂക്ഷ്മ ചലനങ്ങള്‍ നിരീക്ഷിക്കാന്‍ ഇവിടെ സംവിധാനമുണ്ട്. നിരവധി ഉദ്യോഗസ്ഥരാണ് കമ്പ്യൂട്ടറുകള്‍ക്കും വലിയ സ്ക്രീനുകള്‍ക്കടുത്ത് സദാ ജാഗരൂകരായി ഇരിക്കുന്നത്. സഹായ അഭ്യര്‍ഥനയുമായി തീര്‍ഥാടകര്‍ വിളിക്കുന്ന ടോള്‍ഫ്രീ നമ്പറിലേക്കുള്ള ഫോണ്‍ കോളും എത്തുന്നത് ഇവിടെയാണ്. കോളുകള്‍ സ്വീകരിക്കാന്‍ മാത്രം 20 ഓളം ഉദ്യോഗസ്ഥര്‍ ഒരു ഷിഫ്റ്റിലുണ്ട്. സിസിടിവി കാമറകള്‍ ഒപ്പിയെടുക്കുന്ന ദൃശ്യങ്ങള്‍ പരിശോധിച്ച് ആവശ്യമായ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാന്‍ മറ്റൊരു വിഭാഗമുണ്ട്. ലോകത്ത് ലഭ്യമായ ഏറ്റവും മുന്തിയ കാമറകളും കമ്പ്യൂട്ടര്‍ സംവിധാനവുമാണ് കണ്‍ട്രോള്‍ റുമിലുള്ളത്. ഹാജിമാര്‍ മടങ്ങുന്നത് വരെ നിരീക്ഷണം തുടരും. ഹജ്ജ് സീസണ് പുറമെ റമദാന്‍ മാസത്തിലും പൊതു സുരക്ഷാ വിഭാഗം കാമറാ നിരീക്ഷണം ശക്തമാക്കാറുണ്ട്.
Adjust Story Font
16