ഗൾഫ് സംയുക്ത പദ്ധതികളുടെ ഭാവി തുലാസിൽ
ഗൾഫ് സംയുക്ത പദ്ധതികളുടെ ഭാവി തുലാസിൽ
സാമ്പത്തിക മേഖലയിലും മറ്റും ഗൾഫ് രാഷ്ട്രങ്ങൾ കൂട്ടായി ആവിഷ്ക്കരിക്കാനുറച്ച തീരുമാനങ്ങളെയും അനിശ്ചിതത്വം ബാധിക്കും
ഗൾഫ് സംയുക്ത പദ്ധതികളുടെ ഭാവി തുലാസിൽഖത്തറുമായുള്ള ഭിന്നതയെ ചൊല്ലി ഗൾഫ് സംയുക്ത പദ്ധതികൾ സംബന്ധിച്ച അവ്യക്തത കൂടുതൽ സങ്കീർണമാകുന്നു. സാമ്പത്തിക മേഖലയിലും മറ്റും ഗൾഫ് രാഷ്ട്രങ്ങൾ കൂട്ടായി ആവിഷ്ക്കരിക്കാനുറച്ച തീരുമാനങ്ങളെയും അനിശ്ചിതത്വം ബാധിക്കും.
നീണ്ട 36 വർഷം നീണ്ട ഗൾഫ് ഐക്യമാണ് നാലു മാസത്തിലേറെയായി തുടരുന്ന ഖത്തർ പ്രതിസന്ധിയെ തുടർന്ന് ഉലഞ്ഞിരിക്കുന്നത്. മധ്യസ്ഥ നീക്കം ഏറെക്കുറെ നിലച്ചിരിക്കെ, ജി.സി.സി രാഷ്ട്രങ്ങളുടെ ഭാവി നടപടികൾ സംബന്ധിച്ച് കൃത്യമായ തീർപ്പിലെത്താൻ പറ്റാത്ത സാഹചര്യവും ഉണ്ട്. ഉപാധികൾ അംഗീകരിക്കും വരെ ഖത്തറിനെ കൂട്ടായ്മയുടെ ഭാഗമായി കാണില്ലെന്ന് സൗദി അനുകൂല രാജ്യങ്ങൾ നേരത്തെ വ്യക്തമാക്കിയതാണ്. നിശ്ചിത കാലയളവിൽ നടപ്പാക്കേണ്ട ജി.സി.സി സംയുക്ത റെയിൽവേ പദ്ധതി ഉൾപ്പെടെ പലതും ആശങ്കയിലാണ്. സാമ്പത്തിക മേഖലയിലെ സംയുക്ത തീരുമാനങ്ങളെയാണ് അകൽച്ച കൂടുതലായി ബാധിക്കുക. ജനുവരി ഒന്നുമുതൽ മൂല്യവർധിതനികുതി നടപ്പാക്കാൻ ജി.സി.സി തീരുമാനിച്ചതാണ്. എന്നാൽ ഖത്തർ ഇക്കാര്യത്തിൽ ഏതു നിലപാട് സ്വീകരിക്കും എന്നത് പ്രധാനമാണ്. ഏകീകൃത കറൻസി, സംയുക്ത സന്ദർശക വിസ ഉൾപ്പെടെ പല പദ്ധതികളുടെയും ഭാവി തുലാസിലാണ്.
ഖത്തറിനെ മാറ്റി നിർത്തി പദ്ധതികളുമായി മുന്നോട്ടു പോകണമെന്ന ആവശ്യവും ഉയരുന്നുണ്ട്. എന്നാൽ കുവൈത്ത്, ഒമാൻ എന്നീ നിഷ്പക്ഷ രാജ്യങ്ങളുടെ നിലപാട് ഇതിൽ നിർണായകമായിരിക്കും. കൂടുതൽ രാജ്യങ്ങളെ കൂട്ടായ്മയിൽ ഉൾപ്പെടുത്താനുള്ള നീക്കം വിജയിക്കണമെങ്കിലും ഈ രണ്ടു രാജ്യങ്ങളുടെയും തുറന്ന പിന്തുണ ആവശ്യമായി വരും.
Adjust Story Font
16