ഒമാനിൽ മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകൾ കുറഞ്ഞു
ഒമാനിൽ മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകൾ കുറഞ്ഞു
51 ശതമാനത്തിന്റെ കുറവാണ് കഴിഞ്ഞ വർഷം ഉണ്ടായതെന്ന് റോയൽ ഒമാൻ പൊലീസിന്റെ കണക്കുകൾ പറയുന്നു
ഒമാനിൽ മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകൾ കുത്തനെ കുറഞ്ഞതായി കണക്കുകൾ. 51 ശതമാനത്തിന്റെ കുറവാണ് കഴിഞ്ഞ വർഷം ഉണ്ടായതെന്ന് റോയൽ ഒമാൻ പൊലീസിന്റെ കണക്കുകൾ പറയുന്നു. മയക്കുമരുന്നിന്റെ വ്യാപനം രാജ്യത്ത് തടയാൻ ലക്ഷ്യമിട്ടുള്ള സർക്കാരിന്റെ പ്രവർത്തനങ്ങളിലെ ശ്രദ്ധേയ നേട്ടമാണ് ഇതെന്ന് കണക്കാക്കപ്പെടുന്നു.
മയക്കുമരുന്നുമായി ബന്ധപ്പെട്ട് 2538 കേസുകളാണ് കഴിഞ്ഞ വർഷം ഉണ്ടായത്. ഈ കേസുകളിൽ എല്ലാമായി 3590 പേർക്കെതിരെ കുറ്റം ചുമത്തുകയും ചെയ്തു. റോയൽ ഒമാൻ പൊലീസിന്റെ വിവിധ വിഭാഗങ്ങൾ, മറ്റു സുരക്ഷാ ഏജൻസികൾ എന്നിവയുടെ സഹകരണത്തോടെയാണ് ഈ നേട്ടം കൈവരിച്ചതെന്ന് നാർക്കോടിക്സ് കൺട്രോൾ ഡയറക്ടറേറ്റ് മേധാവി കേണൽ അബ്ദുറഹ്മാൻ അൽ ഫാർസി പറഞ്ഞു. സമൂഹത്തെ പ്രത്യേകിച്ച്, യുവാക്കളെ മയക്കുമരുന്നിന്റെ വിപത്തുകളിൽ നിന്ന് മോചിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ തുടരും. കർശനമായ നിരീക്ഷണ നടപടികളും കടുത്ത ശിക്ഷാ നടപടികളുമാണ് മയക്കുമരുന്ന് കേസുകളിൽ കുറവ് വരാൻ കാരണമെന്നും അബ്ദുൽറഹ്മാൻ അൽ ഫാർസി പറഞ്ഞു. മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ മുൻ വർഷത്തെ അപേക്ഷിച്ച് എട്ട് ശതമാനത്തിന്റെയും കുറവുണ്ടായതായി അബ്ദുൽറഹ്മാൻ അൽ ഫാർസി പറഞ്ഞു.
Adjust Story Font
16