Quantcast

അഞ്ചില്‍ കൂടുതല്‍ തൊഴിലാളികളുള്ള സ്ഥാപനങ്ങളില്‍ നിതാഖാത്തിന് സൌദി

MediaOne Logo

Alwyn K Jose

  • Published:

    8 May 2018 11:30 AM GMT

അഞ്ചില്‍ കൂടുതല്‍ തൊഴിലാളികളുള്ള സ്ഥാപനങ്ങളില്‍ നിതാഖാത്തിന് സൌദി
X

അഞ്ചില്‍ കൂടുതല്‍ തൊഴിലാളികളുള്ള സ്ഥാപനങ്ങളില്‍ നിതാഖാത്തിന് സൌദി

അഞ്ചില്‍ കൂടുതല്‍ തൊഴിലാളികളുള്ള സ്ഥാപനങ്ങളില്‍ കൂടി നിതാഖാത്ത് നടപ്പിലാക്കാന്‍ സൌദി തൊഴില്‍ സാമൂഹ്യ ക്ഷേമ മന്ത്രാലയം ആലോചിക്കുന്നു.

അഞ്ചില്‍ കൂടുതല്‍ തൊഴിലാളികളുള്ള സ്ഥാപനങ്ങളില്‍ കൂടി നിതാഖാത്ത് നടപ്പിലാക്കാന്‍ സൌദി തൊഴില്‍ സാമൂഹ്യ ക്ഷേമ മന്ത്രാലയം ആലോചിക്കുന്നു. നിതാഖാത്തിന്റെ പരിധിയില്‍ വരാത്ത സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ അംഗസംഖ്യ നിലവിലുള്ള ഒമ്പതിന് പകരം അഞ്ചാക്കി ചുരുക്കാനാണ് നീക്കം നടക്കുന്നത്. ഇതനുസരിച്ച് ചെറുകിട സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ അംഗസംഖ്യ ആറിനും 49 നുമിടക്കായിരിക്കും.

നിലവില്‍ ഒമ്പത് വരെ തൊഴിലാളികളുള്ള സ്ഥാപനങ്ങളില്‍ സ്ഥാപന ഉടമയും റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ മറ്റു സ്വദേശികളെ നിയമിക്കേണ്ടിയിരുന്നില്ല. ഈ ഇളവ് ഇതോടെ ഇല്ലാതാവും. പുതിയ പരിഷ്കരണമനുസരിച്ച് അഞ്ചിന് മുകളില്‍ തൊഴിലാളികളുള്ള വളരെ ചെറിയ സ്ഥാപനങ്ങളിലും നിതാഖാത്ത് അനുപാതമനുസരിച്ച് സ്വദേശികളെ നിയമിക്കാന്‍ സ്ഥാപന ഉടമകള്‍ നിര്‍ബന്ധിതരാവും. സ്വദേശിവത്കരണം വ്യാപകമാക്കുക, ബിനാമി ഇടപാടുകള്‍ തടയുക എന്നീ ലക്ഷ്യത്തോടെയാണ് നിതാഖാത്തിന്റെ വ്യാപ്തി ചുരുക്കാന്‍ തൊഴില്‍ മന്ത്രാലയം ഉദ്ദേശിക്കുന്നത്. രാജ്യത്ത് പതിനഞ്ച് ലക്ഷത്തിലധികം സ്ഥാപനങ്ങള്‍ ഒമ്പതില്‍ താഴെ ജോലിക്കാരുള്ള നന്നെ ചെറിയ സ്ഥാപനങ്ങളുടെ വിഭാഗത്തിലാണുള്ളത്. നിതാഖാത്ത് വ്യവസ്ഥയില്‍ ഇത്തരം സ്ഥാപനങ്ങള്‍ വെള്ള ഗണത്തിലാണ് വരിക.

സൗദിയിലെ മൊത്തം സ്ഥാപനങ്ങളുടെ 85.6 ശതമാനം വരുന്ന ഈ സ്ഥാപനങ്ങളില്‍ സ്വദേശിവത്കരണത്തിന്റെ തോത് വളരെ ചെറിയതാണ്. എന്നാല്‍ ഒമ്പതിന് പകരം അഞ്ച് എന്ന ചുരുങ്ങിയ എണ്ണത്തിലേക്ക് പരിമിതപ്പെടുത്തുന്നതോടെ സ്വദേശിവത്കരണം ഇരട്ടിയിലധികമാക്കാന്‍ സാധിക്കും. കൂടാതെ നിലവില്‍ ചെറുകിട സ്ഥാപനങ്ങളുടെ തോത് ആരംഭിക്കുന്ന പത്തില്‍ നിന്ന് ആറാക്കി ചുരുക്കുന്നതോടെ ഈ മേഖലയിലും സ്വദേശിവത്കരണത്തിന്റെ തോത് വര്‍ധിക്കും. വിഷന്‍ 2030 യുടെ ഭാഗമായി തൊഴില്‍, സമൂഹ്യക്ഷേമ മന്ത്രാലയം നടപ്പാക്കുന്ന തൊഴിലില്ലായ്മ നിര്‍മാര്‍ജ്ജനം വിജയിപ്പിക്കാന്‍ ഇത് അനിവാര്യമാണെന്നും മന്ത്രാലയ വൃത്തങ്ങള്‍ വിശദീകരിച്ചു. സ്വദേശികള്‍ക്കിടയില്‍ നിലവിലുള്ള 11 ശതമാനം തൊഴിലില്ലായ്മ ഏഴ് ശതമാനമാക്കി കുറക്കാനാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്.

TAGS :

Next Story