ഗള്‍ഫ് പ്രതിസന്ധി; കുവൈത്ത് അമീറിന്റെ നേതൃത്വത്തിൽ വീണ്ടും മധ്യസ്ഥനീക്കം
ഗള്‍ഫ് പ്രതിസന്ധി; കുവൈത്ത് അമീറിന്റെ നേതൃത്വത്തിൽ വീണ്ടും മധ്യസ്ഥനീക്കം
പ്രതിസന്ധി പരിഹാരത്തിന് ചില പുതിയ ഫോർമുലകൾ അണിയറയിൽ രൂപപ്പെടുന്നതായും റിപ്പോർട്ടുണ്ട്
ഗൾഫ് പ്രതിസന്ധിക്ക് പരിഹാരം തേടി കുവൈത്ത് അമീറിന്റെ നേതൃത്വത്തിൽ മധ്യസ്ഥനീക്കം വീണ്ടും. ഇരുപക്ഷവും കടുത്ത നിലപാടിൽ ഉറച്ചു നിൽക്കുകയാണെങ്കിലും പ്രതിസന്ധി പരിഹാരത്തിന് ചില പുതിയ ഫോർമുലകൾ അണിയറയിൽ രൂപപ്പെടുന്നതായും റിപ്പോർട്ടുണ്ട്.
ഖത്തറുമായി ബന്ധപ്പെട്ട ജിസിസി പ്രതിസന്ധി പരിഹരിക്കുന്നതിന് കുവൈത്ത് നയതന്ത്രനീക്കം ഏറെ താൽപര്യത്തോടെയാണ് എല്ലാവരും ഉറ്റുനോക്കുന്നത്. പ്രശ്ന പരിഹാരത്തിനുള്ള പുതിയ നിർദേശങ്ങളടങ്ങുന്നതെന്ന് കരുതുന്ന കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്റെ കത്തുമായി വിദേശകാര്യമന്ത്രി ശൈഖ് സബാഹ് അൽ ഖാലിദ് അസ്സബാഹ് യു.എ.ഇയിലെത്തി. യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാന്റെ പേരിലുള്ള കത്ത് വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിനാണ് അമീറിന്റെ കത്ത് കൈമാറിയത്. കുവൈത്ത് വാർത്താവിനിമയ മന്ത്രി ശൈഖ് മുഹമ്മദ് അൽ അബ്ദുല്ല അസ്സബാഹും വിദേശകാര്യമന്ത്രിയോടൊപ്പം യു.എ.ഇയിലെത്തിയിട്ടുണ്ട്. തുടർന്ന് നടന്ന ചർച്ചയിൽ വിദേശകാര്യമന്ത്രിയുടെ ഓഫിസ്കാര്യ അണ്ടർ സെക്രട്ടറി ഡോ. അഹ്മദ് നാസർ അൽ മുഹമ്മദ് അസ്സബാഹ്, യു.എ.ഇയിലെ കുവൈത്ത് അംബാസഡർ സലാഹ് മുഹമ്മദ് അൽ ബഈജാൻ എന്നിവരും സംബന്ധിച്ചു. തിങ്കളാഴ്ച കുവൈത്ത് വിദേശകാര്യമന്ത്രി സൗദി, ഈജിപ്ത് എന്നിവിടങ്ങളിലെത്തി ഭരണാധികാരികൾക്ക് കുവൈത്ത് അമീറിന്റെ കത്ത് കൈമാറിയിരുന്നു. ഉപരോധം പിൻവലിക്കാൻ നാലു രാഷ്ട്ര സഖ്യം മുന്നോട്ടുവെച്ച 13 ഇന നിർദേശങ്ങൾ ഖത്തർ തള്ളിയതിനെ തുടർന്ന് ജി.സി.സി പ്രതിസന്ധി പരിഹാരമാവാതെ നിൽക്കുന്ന സാഹചര്യത്തിൽ കുവൈത്ത് അമീറിന്റെ പുതിയ നിർദേശം എന്തെന്നും അവ എന്ത് ഫലം സൃഷ്ടിക്കുമെന്നും ലോകം ഉറ്റുനോക്കുകയാണ്.
Adjust Story Font
16