സൗരോർജ്ജ പദ്ധതി നടപ്പാക്കുമെന്നു കുവൈത്ത് നാഷനൽ പെട്രോളിയം കമ്പനി
സൗരോർജ്ജ പദ്ധതി നടപ്പാക്കുമെന്നു കുവൈത്ത് നാഷനൽ പെട്രോളിയം കമ്പനി
എണ്ണയുപയോഗം കുറക്കാൻ ബദൽ വൈദ്യുതി മാർഗങ്ങൾ നടപ്പാക്കാനാണ് സർക്കാർ നീക്കം
അടുത്തവർഷം ആദ്യ പാദത്തിൽ 1.2 ശതകോടി ഡോളർ ചെലവിൽ സൗരോർജ്ജ പദ്ധതി നടപ്പാക്കുമെന്നു കുവൈത്ത് നാഷനൽ പെട്രോളിയം കമ്പനി . എണ്ണയുപയോഗം കുറക്കാൻ ബദൽ വൈദ്യുതി മാർഗങ്ങൾ നടപ്പാക്കാനാണ് സർക്കാർ നീക്കം . വൈദ്യുതിക്കുവേണ്ടി കുവൈത്ത് പ്രതിവർഷം കത്തിച്ചുകളയുന്നത് 52 ലക്ഷം ബാരൽ എണ്ണയാണ്.
2020നകം പൂർത്തിയാക്കാൻ കഴിയുംവിധമാണ് 32 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ സൗരോർജ പദ്ധതി നടപ്പാക്കുക. രാജ്യത്ത് ഉപയോഗിക്കുന്ന ഊർജ്ജത്തിന്റെ 15ശതമാനം 2030നകം പുനരുപയോഗ ഊർജമായിരിക്കണമെന്നാണ് ലക്‌ഷ്യം ഇതിന്റെ ഭാഗമായാണ് സൗരോർജ്ജ പദ്ധതിക്ക് കരാർ നൽകുന്നത്. പദ്ധതി പ്രവർത്തനത്തിന് കരാറെടുക്കാൻ താൽപര്യമുള്ള കമ്പനികളിൽനിന്ന് സെപ്റ്റംബർ ഏഴുവരെ ടെൻഡർ സ്വീകരിക്കുമെന്ന് കുവൈത്ത് നാഷനൽ പെട്രോളിയം കമ്പനിയിലെ ആസൂത്രണ-ധനകാര്യവിഭാഗം എക്സിക്യൂട്ടീവ് ഓഫിസർ ശുക്രി അബ്ദുൽ അസീസ് അൽ മഹ്‌റൂസ് അറിയിച്ചു. നിർദ്ദിഷ്ട പുനരുപയോഗ ഊർജത്തിൽ പകുതിയും ഈ പദ്ധതി വഴി ലഭ്യമാക്കാൻ കഴിയുമെന്നാണ് കണക്കാക്കുന്നത്. സൗരോർജ്ജ പദ്ധതി കൂടുതൽ പരിസ്ഥിതി സൗഹൃദമാകും എന്നതിനുപുറമെ നിലവിൽ ഊർജോത്പാദനത്തിനായി ഉപയോഗിക്കുന്ന എണ്ണ മറ്റാവശ്യങ്ങൾക്ക് പ്രയോജനപ്പെടുത്താൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ഒഴിവായിക്കിട്ടുന്ന ക്രൂഡ് കൂടുതൽ മൂല്യമുള്ള മറ്റു ഉൽപന്നങ്ങൾ നിർമിക്കാൻ ഉപയോഗിക്കാൻ പറ്റും. അന്തരീക്ഷത്തിൽ പ്രതിവർഷമുണ്ടാകുന്ന 13ലക്ഷം ടൺ കാർബൺ മാലിന്യസാന്നിധ്യം കുറയ്ക്കാനും പദ്ധതി സഹായകമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
Adjust Story Font
16