ഗൾഫിൽ ഇന്ത്യക്കാരുടെ വിവാഹമോചനം ഉയരുന്നു
ഗൾഫിൽ ഇന്ത്യക്കാരുടെ വിവാഹമോചനം ഉയരുന്നു
വിദേശരാജ്യങ്ങളിലെ ആധികാരിക കോടതിവിധികൾക്ക് ഇന്ത്യയിലും നിയമസാധുതയുള്ളതിനാൽ വിവാഹമോചനത്തിന് ഗൾഫ് കോടതികളെ സമീപിക്കുന്ന പ്രവണതയും വർധിക്കുകയാണ്
മലയാളികൾ ഉൾപ്പെടെ ഇന്ത്യക്കാർക്കിടയിലെ വിവാഹമോചനം യു.എ.ഇ ഉൾപ്പെടെ ഗൾഫ് രാജ്യങ്ങളിലും വർധിക്കുന്നു. വിദേശരാജ്യങ്ങളിലെ ആധികാരിക കോടതിവിധികൾക്ക് ഇന്ത്യയിലും നിയമസാധുതയുള്ളതിനാൽ വിവാഹമോചനത്തിന് ഗൾഫ് കോടതികളെ സമീപിക്കുന്ന പ്രവണതയും വർധിക്കുകയാണ്.
വിവാഹമോചന കേസുകളുടെ കാര്യത്തിൽ മലയാളികൾ ഉൾപ്പെടെ ഇന്ത്യക്കാർ ഗൾഫിൽ ഒട്ടും പിറകിൽ അല്ലെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. വിവാഹമോചനത്തിന് കോടതികളെ സമീപിക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ വൻ വർധനയാണുള്ളത്. ഓണ്‍ലൈന്‍ മുഖേന കേസ് രജിസ്റ്റർ ചെയ്യാനുള്ള സൗകര്യവും നടപടിക്രമങ്ങളിലെ വേഗതയും കാരണം ഗൾഫ് കോടതികളെ സമീപിക്കാനാണ് പ്രവാസികൾക്കും താൽപര്യം. ആദ്യം കൗൺസലിങ്ങ് നടത്തുന്ന രീതിയാണ് യു.എ.ഇയിൽ. ഒരുനിലക്കും ഒത്തുപോകാൻ പറ്റില്ലെന്ന് ബോധ്യമായാൽ വ്യക്തിനിയമങ്ങളുടെയും ഹിന്ദു വിവാഹനിയമത്തിന്റെയും അടിസ്ഥാനത്തിൽ വിവാഹമോചനത്തിന് ഹരജി ഫയൽ ചെയ്യാം. കോടതിയുടെ വിധിപ്പകർപ്പിന് ഇന്ത്യൻ എംബസിയുടെയോ കോൺസുലേറ്റിന്റെയോ അംഗീകാരം ലഭിച്ചിരിക്കണം..
സാമ്പത്തിക പ്രശ്നങ്ങളും മറ്റും മൂലമുള്ള പൊരുത്തക്കേടുകൾ, പുതിയ പങ്കാളികളെ തേടാനുള്ള വ്യഗ്രത എന്നിവയാണ് പ്രവാസലോകത്ത് വിവാഹമോചനം പെരുകുന്നതിന്റെ പ്രധാന കാരണമെന്ന് സാമൂഹിക പ്രവർത്തകർ പറയുന്നു. നയതന്ത്രകേന്ദ്രങ്ങളും ഏറെ ആശങ്കയോടെയാണ് പ്രശ്നത്തെ നോക്കിക്കാണുന്നത്.
Adjust Story Font
16