Quantcast

ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് നാളെ തുടക്കം

MediaOne Logo

Subin

  • Published:

    12 May 2018 4:08 PM GMT

ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് നാളെ തുടക്കം
X

ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് നാളെ തുടക്കം

ഹജ്ജിന്റെ പ്രധാന ചടങ്ങായ അറഫാ സംഗമം ഞായറാഴ്ചയാണ്. ത്യാഗത്തിന്റെയും ആത്മ സമര്‍പ്പണത്തിന്റെയും മാനവ സാഹോദര്യത്തിന്റെയും ജീവിത പാഠങ്ങളാണ് ഹജ്ജ് വിശ്വാസികള്‍ക്ക് പകര്‍ന്നു നല്‍കുന്നത്.

ഈ വര്‍ഷത്തെ ഹജ്ജ് കര്‍മങ്ങള്‍ക്ക് നാളെ തുടക്കമാകും. തീര്‍ഥാടക ലക്ഷങ്ങള്‍ നാളെ മിനായില്‍ തമ്പടിക്കും. ഹജ്ജിന്റെ പ്രധാന ചടങ്ങായ അറഫാ സംഗമം ഞായറാഴ്ചയാണ്. ത്യാഗത്തിന്റെയും ആത്മ സമര്‍പ്പണത്തിന്റെയും മാനവ സാഹോദര്യത്തിന്റെയും ജീവിത പാഠങ്ങളാണ് ഹജ്ജ് വിശ്വാസികള്‍ക്ക് പകര്‍ന്നു നല്‍കുന്നത്.

ഇസ്ലാമിലെ അഞ്ച് അടിസ്ഥാന കര്‍മങ്ങളിലൊന്നാണ് ഹജ്ജ്. ഹിജ്‌റ മാസം ദുല്‍ഹജ്ജ് എട്ടു മുതല്‍ പതിമൂന്ന് വരെയാണ് ഹജ്ജിന്റെ കര്‍മങ്ങള്‍ നടക്കുക. ദൈവത്തിന്റെ വിളിക്ക് ഉത്തരം നല്‍കി ലോകത്തിന്റെ നാനാദിക്കുകളില്‍ നിന്നും തീര്‍ഥാടക ലക്ഷങ്ങള്‍ ദുല്‍ഹജ്ജ് എട്ടായ നാളെ മിനായില്‍ തമ്പടിക്കും.

ദുല്‍ഹജ്ജ് ഒമ്പതിലെ അറഫാ ദിനത്തിലൊഴികെ ഹജ്ജ് ദിനങ്ങളില്‍ ഹാജിമാര്‍ മിനായിലാണ് താമസിക്കുക. ഞായറാഴ്ച ഉച്ചക്ക് മുമ്പായി അറഫയില്‍ എത്തിച്ചേരുന്ന ഹാജിമാര്‍ വൈകുന്നേരം വരെ അവിടെ നില്‍ക്കും. സൂര്യാസ്തമയത്തിന് ശേഷം ഹാജിമാര്‍ മുസ്ദലിഫയിലേക്ക് പോകും. പിറ്റേദിവസം പുലര്‍ച്ചെ മിനായില്‍ തിരിച്ചെത്തി പിശാചിന്റെ പ്രതീകാത്മ സ്തൂപമായ ജംറയില്‍ കല്ലെറിയും. തുടര്‍ന്ന് മക്കയിലെത്തി കഅ്ബ പ്രദക്ഷിണവും സഫ മര്‍വ്വ കുന്നുകള്‍ക്കിടിയില്‍ പ്രയാണവും നടത്തും.

ബലി കര്‍മ്മവും നിര്‍വഹിച്ച് മുടി മുറിച്ച് ഹജ്ജിന്റെ വേഷത്തില്‍ നിന്ന് ഒഴിവാകും. തുടര്‍ന്നുള്ള മൂന്ന് ദിവസും മിനായില്‍ താമസിച്ച് മൂന്ന് ജംറകളില്‍ കല്ലെറിയും. ഇതോടെ ഹജ്ജ് കര്‍മങ്ങള്‍ക്ക് വിരമാമാവും. ദൈവത്തിനായി എന്തും സമര്‍പ്പിക്കുമെന്ന പ്രഖ്യാപനമാണ് ഹജ്ജിലൂടെ വിശ്വാസികള്‍ നിര്‍വഹിക്കുന്നത്. ബാഹ്യമായ കര്‍മങ്ങള്‍ക്കപ്പുറം ജീവിതത്തില്‍ മാറ്റം വരുത്തലുമാണ് ഹജ്ജിന്റെ താത്പര്യം.

അതേ സമയം നാളെത്തെ തിരക്കുകള്‍ പരിഗണിച്ച് ഇന്ന് രാത്രി മുതല്‍ തീര്‍ഥാടകര്‍ മിനായില്‍ എത്തിച്ചേരും. ഇരുപത് ലക്ഷത്തോളം തീര്‍ഥാടകര്‍ ഇത്തവണ ഹജ്ജ് നിര്‍വഹിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

TAGS :

Next Story