കുവൈത്തില്‍ ബന്ധുക്കളെ ആശ്രിത വിസയില്‍ കൊണ്ടുവരുന്നതിനുള്ള വിലക്ക് പിന്‍വലിച്ചേക്കും
കുവൈത്തില്‍ ബന്ധുക്കളെ ആശ്രിത വിസയില്‍ കൊണ്ടുവരുന്നതിനുള്ള വിലക്ക് പിന്‍വലിച്ചേക്കും
ഇത് സംബന്ധിച്ച ഔദ്യോഗിക തീരുമാനം അടുത്തയാഴ്ച ഉണ്ടാവുമെന്നാണ് സൂചന
കുവൈത്തിൽ ഭാര്യ, മക്കൾ എന്നിവർ ഒഴികെയുള്ള ബന്ധുക്കളെ ആശ്രിത വിസയിൽ കൊണ്ടുവരുന്നതിനുള്ള വിലക്ക് ഉടൻ പിൻവലിച്ചേക്കും. മാതാപിതാക്കൾ, സഹോദരങ്ങൾ തുടങ്ങിയ അടുത്ത ബന്ധുക്കൾക്ക് ഉപാധികളോടെ ആശ്രിത വിസ അനുവദിക്കാനാണ് തീരുമാനം . ഇത് സംബന്ധിച്ച ഔദ്യോഗിക തീരുമാനം അടുത്തയാഴ്ച ഉണ്ടാവുമെന്നാണ് സൂചന.
കടുത്ത നിബന്ധനകൾക്ക് വിധേയമായിട്ടായിരിക്കും മാതാപിതാക്കൾ, സഹോദരങ്ങൾ എന്നിവർക്ക് വേണ്ടി ആശ്രിത വിസ അനുവദിക്കുക ഒരാൾക്ക് 300 ദീനാർ വീതം പ്രതിവർഷം ആരോഗ്യ ഇൻഷുറൻസ് അടക്കണം എന്നതാണ് പ്രധാന നിബന്ധന . ആദ്യവർഷം ഇഖാമ അടിക്കുന്നതിനു കൊടുക്കേണ്ട 200 ദീനാറിന് പുറമെയാണിത്. ഇൻഷുറൻസ് കമ്പനി വഴിയായിരിക്കും ഈ തുക ഈടാക്കുക. ഇൻഷുറൻസ് കമ്പനിയുമായി കരാറിലെത്തുന്നതോടെ വിദേശികൾക്ക് ഭാര്യയും മക്കളുമല്ലാത്തവരെ ആശ്രിത വിസയിൽ കൊണ്ടുവരാനുള്ള അവസരം വീണ്ടും തുറക്കപ്പെടും. ആഭ്യന്തരമന്ത്രാലയത്തിലെ പാസ്പോർട്ട്-പൗരത്വകാര്യ അണ്ടർ സെക്രട്ടറി മേജർ ജനറൽ മാസിൻ അൽ ജർറാഹിനിന്റെ അധ്യക്ഷതയിൽ ഉന്നതതല യോഗത്തിലാണ് തീരുമാനം. കുവൈത്തിലെ സൗജന്യ ആരോഗ്യ സേവനം ലക്ഷ്യം വെച്ച് വിദേശികൾ പ്രായമേറിയ മാതാപിതാക്കളെ കുടുംബവിസയിൽ കൊണ്ടുവരുന്നതായും ഇത് രാജ്യത്തിന് സാമ്പത്തിക ബാധ്യത വരുത്തുന്നതായി വിലയിരുത്തി ആയിരുന്നു അധികൃതർ കുടുംബവിസയിൽ നിയന്ത്രണം ഏർപ്പെടുത്തിയത്. മാതാപിതാക്കളെയും സഹോദരങ്ങളെയും കൊണ്ടുവരാനുള്ള അനുമതി റദ്ദാക്കിയ നടപടിക്കെതിരെ വിമർശം വ്യാപകമായതോടെയാണ് ആഭ്യന്തര മന്ത്രാലയം തീരുമാനം പുനഃപരിശോധിച്ചത് .
Adjust Story Font
16