ആണവ കരാര്‍ പുതുക്കണമെന്ന ആവശ്യവുമായി അറബ് ലീഗ്
ആണവ കരാര്‍ പുതുക്കണമെന്ന ആവശ്യവുമായി അറബ് ലീഗ്
പശ്ചിമേഷ്യന്‍ സുരക്ഷയെ ബാധിക്കുന്ന ഇത്തരം കരാറുകളിൽ അറബ് രാജ്യങ്ങൾക്കു കൂടി പങ്കാളിത്തം ഉണ്ടാകണമെന്നും അറബ് ലീഗ് ആവശ്യപ്പെട്ടു
ഇറാനും വന്‍ശക്തി രാജ്യങ്ങളും ഒപ്പുവെച്ച ആണവ കരാര്‍ പുതുക്കണമെന്ന ആവശ്യവുമായി അറബ് ലീഗ് . പശ്ചിമേഷ്യന്‍ സുരക്ഷയെ ബാധിക്കുന്ന ഇത്തരം കരാറുകളിൽ അറബ് രാജ്യങ്ങൾക്കു കൂടി പങ്കാളിത്തം ഉണ്ടാകണമെന്നും അറബ് ലീഗ് ആവശ്യപ്പെട്ടു. ഇറാൻ ആണവ കരാറിൽ നിന്ന് അമേരിക്ക പിൻവാങ്ങിയ സാഹചര്യത്തിലാണ് അറബ് ലീഗിന്റെ പുതിയ പ്രഖ്യാപനം.
2015ൽ ഇറാനുമായി ആണവ കരാർ രൂപപ്പെടുത്തിയ അമേരിക്കയുടെ നിലപാടിൽ ശക്തമായ എതിർപ്പുണ്ടായിരുന്നു സൗദി അറേബ്യ ഉൾപ്പെടെ പ്രധാന അറബ് രാജ്യങ്ങൾക്ക്. മേഖലയിൽ തങ്ങളുടെ രാഷ്ട്രീയ സ്വാധീനം വിപുലപ്പെടുത്താൻ ഇറാൻ തുനിയുമെന്ന ആശങ്കയായിരുന്നു ഇതിനു കാരണം. സിറിയ, യമൻ പ്രതിസന്ധികളിൽ നേരിട്ട് ഇറാൻ ഇടപെടുക കൂടി ചെയ്തതോടെ ഭിന്നത രൂക്ഷമായി. ആണവ കരാറിൽ നിന്നുള്ള യു.എസ് പിൻമാറ്റത്തെ സൗദി ഉൾപ്പെടെ പ്രധാന അറബ് രാജ്യങ്ങൾ പ്രകീർത്തിക്കുകയും ചെയ്തു.
നിലവിലെ സാഹചര്യത്തിൽ കരാർ പരിഷ്കരിക്കേണ്ടത് എന്തുകൊണ്ടും ആവശ്യമാണെന്ന് അറബ് ലീഗ് മേധാവി അഹ്മദ് അബുൽ ഗെയ്ദ് ആവശ്യപ്പെട്ടു. മേഖലയെ അസ്ഥിരപ്പെടുത്തുന്ന ഇറാൻ നിലപാടിൽ അറബ് രാജ്യങ്ങൾക്കുള്ള ഉത്കണ്ഠ പരിഗണിച്ച് ഭാവി ചർച്ചകളിൽ തങ്ങൾക്കു കൂടി പങ്കാളിത്തം നൽകേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം എടുത്തു പറഞ്ഞു. ആണവ കരാറിൽ നിന്ന് പിൻവാങ്ങിയതോടെ ഇറാനു മേൽ കൂടുതൽ കടുത്ത ഉപരോധങ്ങൾ ഏർപ്പെടുത്താനുള്ള അമേരിക്കൻ നീക്കത്തെയും അറബ് രാജ്യങ്ങൾ പിന്തുണക്കും. യെമനിലും സിറിയയിലും സൈനികമായി ഇടപെടുന്ന ഇറാനെ അമർച്ച ചെയ്യാൻ ലോക രാജ്യങ്ങൾ താൽപര്യമെടുക്കണമെന്ന ആവശ്യവും അറബ് ലീഗിനുണ്ട്. കഴിഞ്ഞ മാസം സൗദി മുൻകൈയെടുത്തു വിളിച്ചു ചേർത്ത അറബ് ലീഗ് ഉച്ചകോടിയിലും ഇറാനെതിരെ കടുത്ത നിലപാടായിരുന്നു നേതാക്കൾ കൈക്കൊണ്ടത്.
Adjust Story Font
16