ഇന്ത്യന്‍ തൊഴിലാളികളുടെ പ്രശ്നപരിഹാരത്തിന് സൌദി രാജാവ് ഇടപെടുന്നു
ഇന്ത്യന്‍ തൊഴിലാളികളുടെ പ്രശ്നപരിഹാരത്തിന് സൌദി രാജാവ് ഇടപെടുന്നു
തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സൌദി രാജാവ് ഉത്തരവിറക്കി.
സൌദിയിലെ ഇന്ത്യന്‍ തൊഴിലാളികളുടെ പ്രശ്നപരിഹാരത്തിന് സൌദി രാജാവ് ഇടപെടുന്നു. തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സൌദി രാജാവ് ഉത്തരവിറക്കി. ഇതിനായി സൌദി ഭരണകൂടം 100 മില്യണ്‍ തുക അനുവദിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഇതോടെ നിര്‍മ്മാണ മേഖലയില്‍ അടക്കം ശമ്പളം മുടങ്ങിയവരുടെ കുടിശ്ശിക എത്രയും വേഗം ലഭിക്കാന്‍ വഴിതെളിഞ്ഞു. തൊഴിലാളികള്‍ക്ക് കൃത്യമായി ശമ്പളം നല്‍കിയില്ലെങ്കില്‍ രാജാവിന്റെ പുതിയ ഉത്തരവ് അനുസരിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയാലും കമ്പനികള്‍ക്ക് ഫണ്ട് അനുവദിക്കില്ല. അടിയന്തരമായി അനുവദിക്കുന്ന 10 കോടി റിയാല്‍ സൗദി അറബ് ഫണ്ടില്‍ നിക്ഷേപിക്കും.
വേതന സുരക്ഷാ പദ്ധതിയുടെ ഭാഗമായി പത്ത് കോടി സൌദി റിയാല്‍ അടിയന്തിരമായ തൊഴില്‍ മന്ത്രാലയത്തിന് അനുവദിക്കാന്‍ ധനമന്ത്രായത്തിന് നിര്‍ദേശം നല്‍കിയതായാണ് വിവരം. മുടങ്ങിയ ശമ്പളവും മറ്റ് സര്‍വീസ് ആനുകൂല്യങ്ങളും നല്‍കുന്നതിനാണ് തുക അനുവദിച്ചത്. ഇതനുസരിച്ച് നാട്ടിലേക്ക് മടങ്ങുന്നവര്‍ക്കും മറ്റ് കമ്പനികളിലേക്ക് തൊഴില്‍ മാറുന്നവര്‍ക്കും തങ്ങളുടെ മുടങ്ങിയ ശമ്പളം ഉടന്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ. ഇന്നത്തെ മന്ത്രിസഭാ യോഗത്തിന് ശേഷം ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്ത്യന്‍ തൊഴിലാളികളുടെ പ്രശ്നത്തില്‍ സല്‍മാന്‍ രാജാവ് നേരത്തെ തന്നെ ഇടപെടല്‍ നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സൌദി ഓജര്‍ കമ്പനിയിലെ തൊഴിലാളികളെ സൌജന്യമായി നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചത്. മറ്റ് കമ്പനികളിലേക്ക് തൊഴില്‍ മാറാനും അനുവാദം നല്‍കിയിരുന്നു. ഇഖാമ പുതുക്കലും സ്പോണ്‍സര്‍ഷിപ്പ് മാറ്റലും സൌജന്യമാക്കുകയും ചെയ്തു. അതോടൊപ്പം ഇഖാമ കാലാവധി കഴിഞ്ഞ തൊഴിലാളികളെ അറസ്റ്റ് ചെയ്യരുതെന്ന് നിര്‍ദേശം പൊലീസ് വകുപ്പിനും പാസ്പോര്‍ട്ട് വകുപ്പിനും നിര്‍ദേശം നല്‍കി. ലേബര്‍ ക്യാമ്പുകളില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സൌജന്യ ഭക്ഷണ വിതരണം തുടരുന്നത് തൊഴിലാളികള്‍ക്ക് വലിയ ആശ്വാസമാണ്. ആരോഗ്യ വകുപ്പും സ്വകാര്യ ആശുപത്രികളും സൌജന്യ മെഡിക്കല്‍ സേവനവും ലഭ്യമാക്കുന്നുണ്ട്.
Adjust Story Font
16