Quantcast

ഖത്തര്‍ ജിസിസി വിടേണ്ടി വരുമെന്ന താക്കീതുമായി സൌദി അനുകൂല രാജ്യങ്ങള്‍

MediaOne Logo

Jaisy

  • Published:

    18 May 2018 2:09 AM GMT

ഖത്തര്‍ ജിസിസി വിടേണ്ടി വരുമെന്ന താക്കീതുമായി സൌദി അനുകൂല രാജ്യങ്ങള്‍
X

ഖത്തര്‍ ജിസിസി വിടേണ്ടി വരുമെന്ന താക്കീതുമായി സൌദി അനുകൂല രാജ്യങ്ങള്‍

യുഎഇ വിദേശകാര്യ സഹമന്ത്രി ഡോ. അൻവർ ഗർഗാശ്​ ട്വിറ്റിലൂടെയാണ്​ ഇതു സംബന്ധിച്ച്​ ഖത്തറിന്​ ശക്തമായ താക്കീത്​ നൽകിയത്

ഗൾഫ്​ പ്രതിസന്ധി പരിഹരിക്കാൻ കർശന ഉപാധികൾ വെച്ചതിനു പിന്നാലെ, ഖത്തറിനെ ഗൾഫ്​ കൂട്ടായ്മയിൽ നിന്ന്​ മാറ്റിനിർത്തേണ്ടി വരുമെന്ന മുന്നറിയിപ്പുമായി സൗദി അനുകൂല രാജ്യങ്ങൾ. യുഎഇ വിദേശകാര്യ സഹമന്ത്രി ഡോ. അൻവർ ഗർഗാശ്​ ട്വിറ്റിലൂടെയാണ്​ ഇതു സംബന്ധിച്ച്​ ഖത്തറിന്​ ശക്തമായ താക്കീത്​ നൽകിയത്​.

നയം മാറ്റിയില്ലെങ്കിൽ ഒരുമിച്ചു പോകാനാവില്ലെന്നും ആറംഗ ഗൾഫ്​ സഹകരണ കൗൺസിൽ കൂട്ടായ്​മയിൽ നിന്ന്​ ഖത്തറിന്​ വേർപിരിയേണ്ടി വരുമെന്നും​ മന്ത്രി ഗർഗാശ്​ വ്യക്തമാക്കി​. അംഗരാജ്യങ്ങൾ ഉന്നയിച്ച ആശങ്കകളെ അഭിമുഖീകരിക്കാൻ സാധ്യമല്ലെങ്കിൽ പിന്നെ എങ്ങനെ ഒത്തുപോകാൻ സാധിക്കുമെന്ന് ട്വീറ്റ്​ സന്ദേശത്തിൽ മന്ത്രി ആരാഞ്ഞു. രാഷ്ട്രീയ കൗമാരസ്വഭാവം തുടരാൻ തന്നെയാണ്​ തീരുമാനമെങ്കിൽ ജിസിസി കൂട്ടായ്മയിൽ നിന്നുള്ള വിടുതൽ തന്നെയാകും ഏറ്റവും നല്ല മാർഗം.

സൗദി അറേബ്യ, യുഎഇ, ബഹ്റൈൻ, ഈജിപ്ത്​ എന്നീ രാജ്യങ്ങൾ മുന്നോട്ടുവെച്ച ഉപാധികൾ ചോർത്തിയ ഖത്തർ നടപടിയെയും യുഎഇ മന്ത്രി രൂക്ഷമായി വിമർശിച്ചു. നിലവിലെ ഗൗരവപൂർണമായ മധ്യസ്ഥ നീക്കത്തെ അട്ടിമറിക്കാനോ അതല്ലെങ്കിൽ ഖത്തറിന്റെ ദുരൂഹനയത്തിന്റെ തുടർച്ച തന്നെയാണോ ഇതെന്നും മന്ത്രി ഗർഗാശ്​ ചോദിച്ചു. ചോർത്തൽ നടപടി പ്രതിസന്ധി മൂർച്ഛിപ്പിക്കും. നയതന്ത്ര നീക്കത്തെ ദുർബലപ്പെടുത്തുന്ന ഏതൊരു നീക്കവും​ വേറിട്ടുപോകലിന്​ വഴിയൊരുക്കുമെന്നും മന്ത്രി ഖത്തറിനെ ഓർമിപ്പിച്ചു. ഒന്നുകിൽ നിലനിൽക്കുന്ന സാഹചര്യങ്ങളെ ഉൾക്കൊണ്ട്​ മുന്നോട്ടു പോകാം. അതല്ലെങ്കിൽ പൂർണമായ ഒറ്റപ്പെടൽ തെരഞ്ഞെടുക്കാം. ഇതിൽ ഏതുവേണമെന്ന്​ ഖത്തറിന്​ തന്നെ തീരുമാനിക്കാമെന്നും യുഎഇ ഓർമിപ്പിച്ചു.

36 വർഷം പിന്നിട്ട ജിസിസി കൂട്ടായ്മയിൽ സൗദിക്കു പുറമെ യുഎഇ, ബഹ്റൈൻ, ഖത്തർ, കുവൈത്ത്​, ഒമാൻ എന്നീ രാജ്യങ്ങളാണുള്ളത്​. ജൂൺ 5 മുതൽ ഏർപ്പെടുത്തിയ ഉപരോധ സമാന നടപടികളിൽ നിന്ന്​ പക്ഷെ, കുവൈത്തും ഒമാനും വിട്ടുനിൽക്കുകയാണ്​.

TAGS :

Next Story