പാകിസ്താനെതിരെ പരോക്ഷ വിമർശം ഉന്നയിച്ച് ഇന്ത്യയും യുഎഇയും
പാകിസ്താനെതിരെ പരോക്ഷ വിമർശം ഉന്നയിച്ച് ഇന്ത്യയും യുഎഇയും
പ്രധാനമന്ത്രിയുടെ യു.എ.ഇ സന്ദർശനാനന്തരം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ ആരാധനാലയങ്ങൾ തീവ്രവാദ ശക്തികളുടെ കേന്ദ്രങ്ങളായി മാറുന്നത് ഒരു നിലക്കും അംഗീകരിക്കാൻ കഴിയില്ലെന്നും ചൂണ്ടിക്കാട്ടി
തീവ്രവാദത്തെ പിന്തുണക്കുന്ന പാകിസ്താനെതിരെ പരോക്ഷ വിമർശം ഉന്നയിച്ച് ഇന്ത്യയും യുഎഇയും. പ്രധാനമന്ത്രിയുടെ യു.എ.ഇ സന്ദർശനാനന്തരം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ ആരാധനാലയങ്ങൾ തീവ്രവാദ ശക്തികളുടെ കേന്ദ്രങ്ങളായി മാറുന്നത് ഒരു നിലക്കും അംഗീകരിക്കാൻ കഴിയില്ലെന്നും ചൂണ്ടിക്കാട്ടി. പാക് തീവ്രവാദ നിലപാടിനെതിരെ അറബ് രാജ്യങ്ങളുടെ പിന്തുണ ഉറപ്പാക്കുന്നത് ഇന്ത്യയുടെ മികച്ച രാഷ്ട്രീയ വിജയമായാണ് വിലയിരുത്തുന്നത്.
തീവ്രവാദം സ്പോൺസർ ചെയ്യുന്ന ഭരണകൂട നിലപാടിനെ ശക്തമായി വിമർശിക്കുന്നതാണ് ഇന്ത്യ, യു.എ.ഇ സംയുക്ത പ്രസ്താവന. പാകിസ്താനെ പേരെടുത്തു പറയുന്നില്ലെങ്കിലും കശ്മീർ ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉന്നയിച്ച് തീവ്രവാദത്തെ പിന്തുണക്കുന്ന ഭരണകൂട നയം അസ്വീകാര്യമാണെന്ന് സംയുക്ത പ്രസ്താവന പറയുന്നു. എല്ലാ തുറകളിലും തീവ്രവാദത്തിനെതിരെ യോജിച്ച നിലപാടുമായി ഇന്ത്യയും യു.എ.ഇയും മുന്നോട്ടു പോകും.
തീവ്രവാദത്തെ സൈനികമായി മാത്രം അടിച്ചമർത്താൻ പറ്റില്ല. സാമൂഹിക മാധ്യമങ്ങളും ആരാധനാലയങ്ങളും ദുരുപയോഗം ചെയ്ത് യുവതക്കിടയിൽ തീവ്രവാദ ചിന്താഗതി വളർത്തുന്നത് തടയേണ്ടതിന്റെ ആവശ്യകതയും സംയുക്ത പ്രസ്താവന ഊന്നിപ്പറയുന്നു. രാഷ്ട്രീയ പ്രശ്നങ്ങൾക്ക് മതപരവും വംശീയവുമായ മാനം നൽകി പ്രശ്നങ്ങൾ കുത്തിപ്പൊക്കുന്ന രാജ്യങ്ങളുടെ നിലപാടിനെതിരെ സംയുക്ത പ്രസ്താവനയിൽ ഇന്ത്യയും യു.എ.ഇയും കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. കശ്മീർ വിഷയത്തിലുള്ള പാക് നിലപാടിനെ പരോക്ഷമായി സൂചിപ്പിച്ചു കൊണ്ടാണ് ഈ നീക്കം. തീവ്രവാദികൾക്ക് അഭയം നൽകുന്ന ഏതൊരു നീക്കത്തിനെതിരെയും കടുത്ത നടപടി വേണമെന്ന് ഇരു രാജ്യങ്ങളും വ്യക്തമാക്കി. തീവ്രവാദത്തിനെതിരെ സമഗ്ര നയം വേണമെന്ന യു.എന്നിനു മുമ്പാകെയുള്ള ഇന്ത്യൻ ആവശ്യത്തെ യു.എ.ഇ പിന്തുണക്കും. പണം വെളുപ്പിക്കൽ, തീവ്രവാദ ഫണ്ടിങ്, മയക്കുമരുന്നു കടത്ത് എന്നിവക്കെതിരെയും യോജിച്ച നിലപാട് സ്വീകരിക്കുമെന്ന് സംയുക്ത പ്രസ്താവന പറയുന്നു.
Adjust Story Font
16