പെട്രോള്‍ നിരക്ക് വര്‍ധന: കുവൈത്തില്‍ പ്രതിഷേധം രൂക്ഷമാകുന്നു
പെട്രോള്‍ നിരക്ക് വര്‍ധന: കുവൈത്തില്‍ പ്രതിഷേധം രൂക്ഷമാകുന്നു
സര്‍ക്കാര്‍ പ്രഖ്യാപിച്ച ആശ്വാസ പാക്കേജ് അംഗീകരിക്കാനാവില്ലെന്ന് കൂടുതല്‍ പാര്‍ലമെന്റ് അംഗങ്ങള്‍
കുവൈത്തില്‍ പെട്രോള്‍ നിരക്ക് പരിഷ്‌കരണവുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിവാദം ചൂട് പിടിക്കുന്നു. സര്‍ക്കാര്‍ പ്രഖ്യാപിച്ച ആശ്വാസ പാക്കേജ് അംഗീകരിക്കാനാവില്ലെന്ന് കൂടുതല്‍ പാര്‍ലമെന്റ് അംഗങ്ങള്‍. പെട്രോളിയം മന്ത്രിക്കെതിരെ കുറ്റവിചാരണ നോട്ടീസ് നല്‍കിയ എംപിമാരുടെ എണ്ണം നാലായി.
ഈ മാസം 18 നു ആരംഭിക്കുന്ന കുവൈത്ത് പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ചൂട് പിടിച്ചതാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. പാര്‍ലമെന്റിന്റെ അംഗീകാരമില്ലാതെ പെട്രോള്‍ വില വര്‍ധിപ്പിച്ച സര്‍ക്കാര്‍ നടപടിക്കെതിരെയുള്ള എംപിമാരുടെ പ്രതിഷേധം പതിനാലാം പാര്‍ലമെന്റിന്റെ അവസാന കാലത്തെ പ്രക്ഷുബ്ദമാക്കുമെന്ന സൂചനയാണ് എംപിമാര്‍ നല്‍കുന്നത്. പെട്രോള്‍ നിരക്ക് വര്‍ധനക്കെതിരെ ഉയര്‍ന്ന പ്രതിഷേധം തണുപ്പിക്കാന്‍ സര്‍ക്കാര്‍ ആശ്വാസ പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അത് സ്വീകാര്യമല്ലെന്ന നിലപാടിലാണ് എംപിമാര്‍ . ഡ്രൈവിംഗ് ലൈസന്‍സ് ഉള്ള പൗരന്മാര്‍ക്ക് പ്രതിമാസം 75 ലിറ്റര്‍ സൂപ്പര്‍ പെട്രോള്‍ സൗജന്യമായി നല്‍കുമെന്നായിരുന്നു സര്‍ക്കാരിന്റെ ഒത്തു തീര്‍പ്പ് ഫോര്‍മുല. സര്‍ക്കാര്‍ പ്രഖ്യാപിച്ച ആനുകൂല്യം സ്വദേശികള്‍ക്ക് ഗുണം ചെയ്യുന്നതല്ലെന്നും ആളുകളുടെ കണ്ണില്‍ പൊടിയിട്ട് വില വര്‍ധന നടപ്പാക്കാനുള്ള നീക്കമാണെന്നും ആരോപിച്ചു എംപിമാരായ അബ്ദുല്ല അല്‍ തരീജി, അലി അല്‍ ഖമീസ്, അഹ്മദ് ബിന്‍ മുതീഅ് എന്നിവര്‍ പെട്രോളിയം മന്ത്രി അനസ് അല്‍ സാലിഹിനെതിരെ കുറ്റവിചാരണക്കു അനുമതി തേടിയിട്ടുണ്ട്. കൂടുതല്‍ പേര്‍ കുറ്റവിചാരണക്കു ഒരുങ്ങുന്നതായും വാര്‍ത്തകളുണ്ട്. കുറ്റവിചാരണ അതിജീവിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മന്ത്രി രാജിവെക്കേണ്ടി വരും. പ്രതിസന്ധി രൂക്ഷമായാല്‍ പാര്‍ലമെന്റ് പിരിച്ചു വിട്ടു തെരഞ്ഞെടുപ്പു നേരത്തേയാക്കാനുള്ള സാധ്യതയാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്.
Adjust Story Font
16