പഴം, പച്ചക്കറി ഇറക്കുമതി നിരോധം സംബന്ധിച്ച് ഒമാന്‍,യുഎഇ അധികൃതര്‍ ചര്‍ച്ച നടത്തി
പഴം, പച്ചക്കറി ഇറക്കുമതി നിരോധം സംബന്ധിച്ച് ഒമാന്‍,യുഎഇ അധികൃതര്‍ ചര്‍ച്ച നടത്തി
കാർഷിക, ഫിഷറീസ് മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. അഹമ്മദ് ബിൻ നാസർ അൽ ബക് രിയും ഒമാനിലെ യു.എ.ഇ അംബാസഡർ മുഹമ്മദ് അൽ സുവൈദിയുമാണ് കൂടിക്കാഴ്ച നടത്തിയത്
പഴം, പച്ചക്കറി ഇറക്കുമതി നിരോധം സംബന്ധിച്ച് ഒമാൻ,യു.എ.ഇ അധികൃതർ ചർച്ച നടത്തിയതായി കാർഷിക,ഫിഷറീസ് മന്ത്രാലയം അറിയിച്ചു. കാർഷിക, ഫിഷറീസ് മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. അഹമ്മദ് ബിൻ നാസർ അൽ ബക് രിയും ഒമാനിലെ യു.എ.ഇ അംബാസഡർ മുഹമ്മദ് അൽ സുവൈദിയുമാണ് കൂടിക്കാഴ്ച നടത്തിയത്.
നിരോധത്തിന്റെ വിശദ വിവരങ്ങൾക്ക് പുറമെ ഉയർന്ന തോതിൽ കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്തിയ ഉൽപന്നങ്ങളുടെ സാമ്പിളുകൾ ലഭിക്കുന്നത് സംബന്ധിച്ച കാര്യങ്ങളും ചർച്ചയിൽ ഉയർന്നു. ഉൽപന്നങ്ങളിലെ കീടനാശിനിയുടെ അളവ് സംബന്ധിച്ച കണക്കുകൾ 2010 മുതൽ ഇരു രാഷ്ട്രങ്ങളിലെയും മന്ത്രാലയങ്ങൾ പങ്കുവെച്ചുവരുന്നതായി ഡോ.അൽ ബക്രി ചർച്ചയിൽ ചൂണ്ടികാണിച്ചു. ഇതനുസരിച്ച് കൃഷിയിടങ്ങളിൽ പരിശോധന ശക്തമാക്കുകയും അനുബന്ധ മാനദണ്ഡങ്ങൾ കർക്കശമാക്കുകയും ചെയ്തിട്ടുണ്ട്. ജി.സി.സി രാഷ്ട്രങ്ങൾ തമ്മിലെ പൊതുധാരണ പ്രകാരവും മറ്റും ഉപയോഗം നിരോധിച്ചതും നിയന്ത്രിത ഉപയോഗം നിലവിലുള്ളതുമായ കീടനാശിനികളെ കുറിച്ചും അംബാസഡർക്ക് വിശദീകരിച്ച് നൽകി. കീടനാശിനി രജിസ്ട്രേഷൻ, ലബോറട്ടറി പരിശോധനകൾ തുടങ്ങിയവയുടെ നടപടിക്രമങ്ങളും അംബാസഡർക്ക് മനസിലാക്കി നൽകി. ജി.സി.സി രാഷ്ട്രങ്ങൾ തമ്മിൽ ഇറക്കുമതിയും കയറ്റുമതിയും ചെയ്യുന്ന കാർഷികോൽപ്പന്നങ്ങളുടെ സുരക്ഷയും നിലവാരവും ഉറപ്പാക്കുന്നതിനായുള്ള സഹകരണം തുടങ്ങുന്നത് സംബന്ധിച്ച ഒമാൻ മന്ത്രാലയത്തിന്റെ കാഴ്ചപ്പാട് യു.എ.ഇ കാലാവസ്ഥാ, പരിസ്ഥിതികാര്യ മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തുമെന്ന് അംബാസഡർ പറഞ്ഞു. നിരോധം സംബന്ധിച്ച യു.എ.ഇ മന്ത്രാലയത്തിന്റെ അറിയിപ്പ് പുറത്തുവന്ന ശേഷം കാർഷിക,ഫിഷറീസ് മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ ഒമാനിൽ ഉൽപാദിപ്പിക്കുന്ന 98 ശതമാനം കാർഷിക ഉൽപന്നങ്ങളിലും കീടനാശിനികളുടെ സാന്നിധ്യം അന്താരാഷ്ട്ര തലത്തിൽ അനുവദനീയമായതിലും താഴെയാണെന്ന് അറിയിച്ചിരുന്നു. പുതിയ സാഹചര്യത്തിൽ കൃഷിതോട്ടങ്ങളിലെയും മറ്റും നിരീക്ഷണം കർക്കശമാക്കുമെന്നും മന്ത്രാലയം അറിയിച്ചിരുന്നു.
Adjust Story Font
16