മലയാളികളുടെ നേതൃത്വത്തില്‍ സൗദിയില്‍ മദ്യമാഫിയ; നിരവധി പേര്‍ അല്‍ ഖോബാര്‍ ജയിലില്‍
മലയാളികളുടെ നേതൃത്വത്തില്‍ സൗദിയില്‍ മദ്യമാഫിയ; നിരവധി പേര്‍ അല്‍ ഖോബാര്‍ ജയിലില്‍
നാട്ടില്‍ സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്നവരെ തെരഞ്ഞു പിടിച്ച് ടാക്‌സി ഡ്രൈവര്‍ വിസ നല്‍കിയാണ് ഇടനിലക്കാര്‍ സൗദിയിലേക്ക് കൊണ്ടുവരുന്നത്.
ബഹ്‌റൈനില്‍ നിന്ന് സൗദിയിലേക്ക് നിയമവിരുദ്ധമായി മദ്യം കടത്തിയതിന് നൂറ്റി ഇരുപതിലേറെ ഇന്ത്യക്കാര്‍ അല്‍ ഖോബാര്‍ ജയിലില്‍ കഴിയുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതില്‍ ബഹുഭൂരിപക്ഷവും മലയാളികളാണ്. മലയാളികള്‍ തന്നെ നേതൃത്വം നല്‍കുന്ന മദ്യമാഫിയ ആളുകളെ കൊണ്ടുവരുന്നുണ്ടെന്നും ആരോപണമുണ്ട്.
നാട്ടില്‍ സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്നവരെ തെരഞ്ഞു പിടിച്ച് ടാക്‌സി ഡ്രൈവര്‍ വിസ നല്‍കിയാണ് ഇടനിലക്കാര്‍ സൗദിയിലേക്ക് കൊണ്ടുവരുന്നത്. കൊണ്ടുവരുമ്പോള്‍ തന്നെ ഈ ജോലിക്കാണെന്ന് ഇവരോട് പറയാറുണ്ട്. പിടിക്കപ്പെട്ടാല്‍ ചെറിയ ശിക്ഷക്ക് ശേഷം നാടുകടത്തുമെന്നും പിടിക്കപ്പെടുന്നതുവരെയുള്ള സമ്പാദ്യം ലാഭം എന്നുമാണ് വാഗ്ദാനം. ജയിലില്‍ കിടക്കുന്ന കാലത്ത് നാട്ടില്‍ വീട്ടുകാര്‍ക്ക് ചെലവിന് പണം നല്‍കാമെന്നും ഉറപ്പുനല്‍കും. നിയമവിരുദ്ധമാണെന്ന് അറിഞ്ഞിട്ടും ഇതിനായി വരാന്‍ ആള്‍ക്കാര്‍ തയാറാകുന്നത് ഓരോ തവണയും ബഹ്‌റൈനില്‍ പോയിവരുമ്പോള്‍ ലഭിക്കുന്ന ഭീമമായ പ്രതിഫലം മനസില്‍ കണ്ടാണ്. വര്‍ഷങ്ങളോളം ഇങ്ങനെ കടത്തിയിട്ടും പിടിക്കപ്പെടാത്ത ആള്‍ക്കാരുടെ കഥകള്‍ കൂടി പറയുന്നതോടെ സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്ക് ആവേശം കയറും.
മലയാളികള്‍ക്ക് പുറമേ, ചെറിയ തോതില്‍ തമിഴ്‌നാട്, കര്‍ണാടക സ്വദേശികളും ഈ കെണിയില്‍ പെടുന്നുണ്ട്. മദ്യമാഫിയ സംഘം ഇവരോട് അവരുടെ ദൗത്യം കൃത്യമായി വിശദീകരിക്കും. ഫോര്‍ച്യൂണര്‍ പോലുള്ള വലിയ വാഹനങ്ങളാണ് ഇതിനുപയോഗിക്കുന്നത്. മദ്യക്കടത്തിന് പിടിക്കുന്നവരെ അല്‍ ഖോബാറിലുള്ള തുഖ്ബ ജയിലിലാണ് അടയ്ക്കുന്നത്. കടത്തിയ മദ്യത്തിന്റെ അളവ്, മദ്യപിച്ചിരുന്നോ എന്നിവ പരിഗണിച്ചാണ് ശിക്ഷ ലഭിക്കുക. അടിയും വര്‍ഷങ്ങളോളം ശിക്ഷയും കിട്ടുന്നവരുമുണ്ട്.
പക്ഷേ, പിടിയിലായി കഴിഞ്ഞാല്‍ മാഫിയ സംഘം പതിയെ തടിയൂരും. ഇയാള്‍ക്ക് എന്തുപറ്റിയെന്നറിയാതെ വീട്ടുകാര്‍ പരിഭ്രാന്തരാകും. ഇവിടെ നിന്നുള്ള പണം നിലക്കുന്നതോടെ വീടുകള്‍ പട്ടിണിയിലാകുകയും ചെയ്യും. നിലവില്‍ 122 ഇന്ത്യക്കാരാണ് ഇത്തരം കേസുകളില്‍ അല്‍ ഖോബാര്‍ ജയിലില്‍ കഴിയുന്നത്
Adjust Story Font
16