ഗദ്ദാമമാര്‍ക്ക് ധനസഹായവുമായി ഖത്തറിലെ മലയാളി വിദ്യാര്‍ഥികള്‍
ഗദ്ദാമമാര്‍ക്ക് ധനസഹായവുമായി ഖത്തറിലെ മലയാളി വിദ്യാര്‍ഥികള്‍
രക്ഷിതാക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും വിശേഷാവസരങ്ങളില്‍ ലഭിക്കുന്ന പണം സ്വരൂപിച്ചാണ്, അഞ്ചിലും ആറിലുമൊക്കെ പഠിക്കുന്ന ഇവരോരുത്തരും ഗദ്ദാമമാരെ സഹായിക്കാനെത്തിയത്
വേറിട്ട ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ മുതിര്‍ന്നവര്‍ക്ക് വഴി കാട്ടുകയാണ് ഖത്തറിലെ ഒരു കൂട്ടം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍. തൊഴില്‍ പ്രശ്‌നങ്ങളില്‍ പെട്ട് വെറുംകയ്യോടെ നാട്ടിലേക്ക് മടങ്ങേണ്ടി വരുന്ന വീട്ടുവേലക്കാരികള്‍ക്ക് സാമ്പത്തിക സഹായമെത്തിച്ചാണ് ഈ കുട്ടികള്‍ മാതൃകയാകുന്നത്.
വിവിധ തൊഴില്‍ പ്രശ്‌നങ്ങളില്‍ പെട്ട് ഖത്തറിലെ ഇന്ത്യന്‍ എംബസിയില്‍ അഭയം തേടിയ വീട്ടുവേലക്കാരികളെ തേടിയാണ് ഈ വിദ്യാര്‍ത്ഥികള്‍ എംബസിയിലെത്തിയത്. വെറും കയ്യോടെ നാട്ടിലേക്ക് മടങ്ങാനിരിക്കുന്ന ഗദ്ദാമമാര്‍ക്ക് തങ്ങളാല്‍ കഴിയുന്ന ധനസഹായം നല്‍കാമെന്ന് ഇന്ത്യന്‍ സ്ഥാനപതി പി കുമരനെ അറിയിച്ചു. കുട്ടികള്‍ പിരിച്ചെടുത്ത സംഖ്യ ഏറ്റുവാങ്ങിയ അംബാസഡര്‍ ഏറെ നേരം അവരോടൊപ്പം ചിലവഴിച്ചു. ശാന്തി നികേതന്‍ ഇന്ത്യന്‍ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ഫാത്വിമ റിസയാണ് ഈ കുട്ടി സംഘത്തിന്റെ നേതാവ്.
രക്ഷിതാക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും വിശേഷാവസരങ്ങളില്‍ ലഭിക്കുന്ന പണം സ്വരൂപിച്ചാണ്, അഞ്ചിലും ആറിലുമൊക്കെ പഠിക്കുന്ന ഇവരോരുത്തരും ഗദ്ദാമമാരെ സഹായിക്കാനെത്തിയത്. കുരുന്നുകളുടെ ഈ സേവന മനസ്സും ദയാവായ്പും, ഗദ്ദാമമാരുടെ കണ്ണു നനയിക്കാന്‍ പോന്നതായിരുന്നു. ഖത്തറിലെ ഷോപ്പിംഗ് മാളുകളില്‍ സ്ഥാപിച്ചിരിക്കുന്ന ചാരിറ്റി ബോക്‌സില്‍ ചില്ലറത്തുട്ടുകള്‍ നിക്ഷേപിച്ചായിരുന്നു കുട്ടികളുടെ സേവനദൗത്യങ്ങളുടെ തുടക്കം. രക്ഷിതാക്കളുടെയും ബന്ധുക്കളുടെയും സഹകരണത്തോടെ ജീവകാരുണ്യ രംഗത്ത് ഇനിയും കൂടുതല്‍ കാര്യങ്ങള്‍ ചെയ്യണമെന്ന ആഗ്രഹവും ഇവര്‍ക്കുണ്ട്.
Adjust Story Font
16