ജിദ്ദ കെഎംസിസി കമ്മറ്റിക്ക് പുതിയ ഭാരവാഹികൾ
ജിദ്ദ കെഎംസിസി കമ്മറ്റിക്ക് പുതിയ ഭാരവാഹികൾ
18 അംഗ കമ്മറ്റിയിൽ 12 പേർ പുതുമുഖങ്ങളാണ്
ഏറെ നാളത്തെ യോഗങ്ങൾക്കും മാരത്തോൺ ചർച്ചകൾക്കും ശേഷം സൗദിയിൽ കെഎംസിസി ജിദ്ദ സെൻട്രൽ കമ്മറ്റിക്ക് പുതിയ ഭാരവാഹികൾ. അഭിപ്രായ വ്യത്യാസത്തെത്തുടർന്നു തെരഞ്ഞെടുപ്പ് നടക്കാതെ വന്നതിനാൽ മുസ്ലിം ലീഗ് സംസ്ഥാന കമ്മറ്റി ഭാരവാഹികളെ പ്രഖ്യാപിക്കുകയായിരുന്നു. 18 അംഗ കമ്മറ്റിയിൽ 12 പേർ പുതുമുഖങ്ങളാണ്.
സൗദി അറേബ്യയിൽ 20,000 ത്തോളം അംഗങ്ങളുള്ള ഏറ്റവും വലിയ കെഎംസിസി സെൻട്രൽ കമ്മറ്റിയാണ് ജിദ്ദയിലുള്ളത്. സൗദിയിലെ 36 സെൻട്രൽ കമ്മറ്റികളിൽ ജിദ്ദ ഒഴികെ മറ്റെല്ലായിടത്തും ഭാരവാഹി തെരഞ്ഞെടുപ്പ് നേരത്തെ പൂർത്തിയായിട്ടുണ്ട്. കഴിഞ്ഞ രണ്ടു വർഷങ്ങളായി ജിദ്ദയിൽ ഭാരവാഹികളെ തെരഞ്ഞെടുക്കാൻ സാധിച്ചിരുന്നില്ല. തെരഞ്ഞെടുപ്പിനായി കഴിഞ്ഞ വർഷം മെയ് മാസം യോഗം ചേർന്നെങ്കിലും അംഗങ്ങൾ ഇരു ഗ്രൂപ്പുകളായി തിരിഞ്ഞു വാക്കേറ്റങ്ങൾ നടത്തിയതിനാൽ അലസിപ്പിരിയുകയായിരുന്നു. നിലവിലുള്ള പ്രധാന ഭാരവാഹികൾ സ്ഥാനം ഒഴിയണമെന്നായിരുന്നു ഒരു വിഭാഗത്തിന്റെ ആവശ്യം. എന്നാൽ അതിനു മറുവിഭാഗം എതിരു നിന്നു. മുസ്ലിം ലീഗ് നേതാക്കളുടെ സാന്നിധ്യത്തിൽ പല സമവായ ശ്രമങ്ങളും നടന്നെങ്കിലുംവിജയിച്ചില്ല. തുടർന്ന് പ്രശ്നം പരിഹരിക്കാൻ സൗദിയിലെ മറ്റു ഭാഗങ്ങളിൽ നിന്നുള്ള 4 അംഗസമിതിയെ നേതൃത്വം ചുമതലപ്പെടുത്തി. ഇവരുടെ റിപ്പോർട്ടും ഇരു വീഭാഗങ്ങളിൽ നിന്നുള്ള നിർദേശങ്ങളും പരിഗണിച്ചു മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വം ഭാരവാഹി പട്ടിക പ്രഖ്യാപിക്കുകയായിരുന്നു. ഇതനുസരിച്ചു നിലവിലെ ഭാരവാഹികളായ പ്രസിഡന്റ് അഹമ്മദ് പാളയാട്ട്, ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര, ട്രഷറർ അൻവർ ചേരങ്കൈ എന്നിവർ തൽസ്ഥാനത്ത് തുടരും.
ഉപദേശക സമിതി ചെയർമാനായി നിസാം മമ്പാടിനെ പുതുതായി നിശ്ചയിച്ചിട്ടുണ്ട്. ബാക്കി വരുന്ന വൈസ് പ്രസിഡന്റുമാർ, സെക്രട്ടറിമാർ എന്നിവരെ ഇരു വിഭാങ്ങൾക്കുമായി വീതിച്ചു നൽകിയിരിക്കുകയാണ്. കെഎംസിസിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും മറ്റും ഗണ്യമായ വിഹിതം നൽകുന്ന ജിദ്ദ കമ്മറ്റിയിൽ ഉണ്ടായ അസ്വാരസ്യം മുസ്ലിം ലീഗ് നേതൃത്വത്തിനും തലവേദനയായിരുന്നു. പുതിയ പട്ടികക്കെതിരെ സാമൂഹ്യ മാധ്യമങ്ങളിലും മറ്റും ചില വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്. എന്നാൽ ഈ വിമർശങ്ങൾ വരും ദിവസങ്ങളിൽ ഒരു പൊട്ടിത്തെറിയായി പുറത്തുവരുമോ അതോ കെട്ടടങ്ങുമോ എന്നതാണ് നേതൃത്വം ഉറ്റുനോക്കുന്നത്.
Adjust Story Font
16