എമിറേറ്റ്സ് ബസ് സർവീസ് നിർത്തുന്നു; അബൂദബി, അൽഐൻ യാത്രക്കാർക്ക് തിരിച്ചടി
മേയ് 15 മുതലാണ് ബസ് സർവീസ് അവസാനിപ്പിക്കുക
ദുബൈയിൽ നിന്ന് അബൂദബി, അൽഐന് എന്നിവിടങ്ങളിലേക്ക് എമിറേറ്റ്സ് നടത്തിയിരുന്ന ബസ് സർവീസ് നിർത്തുന്നു. മേയ് 15 മുതലാണ് ബസ് സർവീസ് അവസാനിപ്പിക്കുക. നേരത്തെ ബുക്ക് ചെയ്തവർക്ക് ബദൽ സംവിധാനം ഏർപ്പെടുത്തും.
മേയ് 15നോ തുടർന്നുള്ള തിയതികളിലോ ഫസ്റ്റ് ക്ലാസ്, ബിസിനസ് ക്ലാസ് ബസ് ടിക്കറ്റുകൾ ബുക്ക് ചെയ്ത യാത്രക്കാരെ എമിറേറ്റ്സിന്റെ ടാക്സി കാറിൽ ലക്ഷ്യസ്ഥാനത്ത് എത്തിക്കും. എന്നാൽ, ഇക്കോണമി ക്ലാസ് ടിക്കറ്റ് ബുക്ക് ചെയ്തവർ ടിക്കറ്റ് റീ ഇഷ്യൂ ചെയ്യാൻ ബുക്കിങ് ഓഫീസുകളുമായി ബന്ധപ്പെടണമെന്ന് എമിറേറ്റ്സ് അധികൃതർ അറിയിച്ചു. താൽപര്യമുള്ളവർക്ക് ടിക്കറ്റ് ചാർജ് മുഴുവനായി തിരിച്ചു നൽകും. ഇതിനായി emirates.com വെബ്സൈറ്റിലെ റീഫണ്ട് ഫോറത്തിൽ ഓൺലൈനായി അപേക്ഷിക്കണം. എമിറേറ്റസ് ബസ് സർവീസ് നിർത്തുന്നതോടെ അബൂദബി, അൽഐൻ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് നേരിട്ട് ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്താനുള്ള സൗകര്യമാണ് ഇല്ലാതാകുന്നത്. ദുബൈ റോഡ്ട്രാൻസ്പോർട്ട് അതോറിറ്റി ബസുകളും അബൂദബി ഗതാഗത വകുപ്പിന്റെ ബസുകളും ദുബൈ ബസ് സ്റ്റേഷനിലേക്കും ഇബ്നു ബത്തൂത്ത ബസ് സ്റ്റേഷനിലേക്കുമാണ് സർവീസ് നടത്തുന്നത്. അവിടെ നിന്ന് യാത്രക്കാർ മെട്രോ ട്രെയിനിലോ ടാക്സിയിലോ യാത്ര തുടരേണ്ടി വരും.അബൂദബി ഖാലിദിയ, അൽഐൻ മാളിന് സമീപം എന്നിവിടങ്ങളിൽ നിന്ന് പുറപ്പെട്ടിരുന്ന എമിറേറ്റസ് ബസ് ദുബൈ അന്താരാഷ്ട്ര വിമാനത്താവളം ടെർമിനൽ മൂന്ന് വരെ പോയിരുന്നു. അബൂദബിയിൽ നിന്ന് ദുബൈയിലേക്കും തിരിച്ചും ആറ് വീതം സർവീസുകളും അൽഐനിൽ നിന്ന് ദുബൈയിലേക്കും തിരിച്ചും രണ്ട് വീതം സർവീസുകളുമാണ് എമിറേറ്റ്സ് നടത്തിയിരുന്നത്.
Adjust Story Font
16